പരീക്ഷാ കേന്ദ്രം, തീയതി എന്നിവ സംബന്ധിച്ച വിവരങ്ങള്‍ പരീക്ഷയ്ക്ക് പത്തുദിവസം മുന്‍പ് പ്രസിദ്ധീകരിക്കും. 

ദില്ലി: റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് 2019 ഫെബ്രുവരിയില്‍ അപേക്ഷ ക്ഷണിച്ച നോണ്‍ ടെക്‌നിക്കല്‍ പോപ്പുലര്‍ കാറ്റഗറീസി (എന്‍.ടി.പി.സി) ലേക്കുള്ള പരീക്ഷ ഡിസംബര്‍ 28 മുതല്‍ 2021 മാര്‍ച്ച് അവസാന വാരം വരെ. സ്റ്റേഷന്‍ മാസ്റ്റര്‍, ഗുഡ്‌സ് ഗാര്‍ഡ് ഉള്‍പ്പെടെയുള്ള ബിരുദം യോഗ്യതയായ തസ്തികകളിലേക്കുള്ള തിരഞ്ഞെടുപ്പ് എന്‍ടിപിസി (നോണ്‍ടെക്‌നിക്കല്‍ പോപ്പുലര്‍ കാറ്റഗറീസ്) പരീക്ഷ വഴിയാണ്. റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡാണ് (ആര്‍.ആര്‍.ബി) പരീക്ഷ നടത്തുന്നത്. 

പരീക്ഷാ കേന്ദ്രം, തീയതി എന്നിവ സംബന്ധിച്ച വിവരങ്ങള്‍ പരീക്ഷയ്ക്ക് പത്തുദിവസം മുന്‍പ് പ്രസിദ്ധീകരിക്കും. എന്‍.ടി.പി.സി, ഗ്രൂപ്പ് ഡി, മിനിസ്റ്റീരിയല്‍ ആന്‍ഡ് ഐസൊലേറ്റഡ് കാറ്റഗറികളിലേക്കുള്ള ആദ്യഘട്ട കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ 2019 ജൂണ്‍-സെപ്റ്റംബര്‍ മാസങ്ങളില്‍ ഉണ്ടാകുമെന്നായിരുന്നു റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് (ആര്‍.ആര്‍.ബി) വിജ്ഞാപനത്തില്‍ അറിയിച്ചത്. എന്നാല്‍ ഇത് നീട്ടിവെച്ചതായി ഈ വര്‍ഷം സെപ്റ്റംബറിലാണ് അറിയിപ്പ് വന്നത്.

മിനിസ്റ്റീരിയല്‍ ആന്‍ഡ് ഐസൊലേറ്റഡ് കാറ്റഗറികളിലേക്കുള്ള പരീക്ഷ ഡിസംബര്‍ 15 മുതല്‍ 23 വരെ നടത്തുമെന്ന് ആര്‍.ആര്‍.ബി ഒക്ടോബറില്‍ അറിയിച്ചിരുന്നു. ഗ്രൂപ്പ് ഡി തസ്തികയില്‍ ഒരുലക്ഷത്തിലേറെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുമ്പോള്‍ 2019 സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ ആദ്യഘട്ട പരീക്ഷ നടത്തുമെന്നായിരുന്നു റെയില്‍വേ അറിയിച്ചിരുന്നത്. എന്നാല്‍ ഗ്രൂപ്പ് ഡി തസ്തികയിലെ തിരഞ്ഞെടുപ്പിനായുള്ള തീയതികളൊന്നും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. 

വിവിധ വകുപ്പുകളിലെ 35,000ത്തിലധികം ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച ആര്‍ആര്‍ബി എന്‍ടിപിസി രജിസ്‌ട്രേഷന്‍ മാര്‍ച്ചില്‍ അവസാനിപ്പിച്ചിരുന്നു. 1.27 കോടിയില്‍പ്പരം ഉദ്യോഗാര്‍ഥികളാണ് എന്‍.ടി.പി.സി തസ്തികകളിലേക്ക് അപേക്ഷിച്ചത്. ഗ്രൂപ്പ് ഡി തസ്തികകളിലേക്ക് 1.15 കോടിപ്പേരും അപേക്ഷിച്ചിട്ടുണ്ട്.