പരിശീലനം പൂർത്തിയാക്കിയ 22 നഴ്‌സുമാർ ബെൽജിയത്തിലേക്കാണ് യാത്രയാകുന്നത്. 

തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ (ODPEC) ഒഡെപെക് മുഖേനയുള്ള അറോറ പദ്ധതി വഴി പരിശീലനം പൂർത്തിയാക്കിയ നഴ്‌സുമാർക്കുള്ള (Nurses) വിസയുടെയും വിമാന ടിക്കറ്റുകളുടെയും വിതരണം പൊതുവിദ്യാഭ്യാസ തൊഴിൽ നൈപുണ്യ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. പരിശീലനം പൂർത്തിയാക്കിയ 22 നഴ്‌സുമാർ ബെൽജിയത്തിലേക്കാണ് യാത്രയാകുന്നത്. നിരവധി ട്രൈനിംഗ് പ്രോഗ്രാമുകളാണ് ഒഡെപെക് ഉദ്യോഗാർഥികൾക്കായി നടത്തി വരുന്നത്. കഴിഞ്ഞ നാൽപ്പതിലതികം വർഷങ്ങളായി വിശ്വസ്തവും സുതാര്യവുമായ പ്രവർത്തനങ്ങളാണ് ഒഡെപെക് നടത്തി വരുന്നതെന്ന് മന്ത്രി പറഞ്ഞു. 

സർക്കാർ നിഷ്‌ക്കർഷിക്കുന്ന സർവീസ് ചാർജ്ജ് മാത്രമാണ് ഇവരിൽ നിന്നും ഈടാക്കിയിട്ടുള്ളത്. അറോറ പദ്ധതിയിലൂടെ തിരഞ്ഞെടുത്ത 22 നഴ്‌സുമാർക്കും ആറ് മാസ്‌ക്കാലയളവിൽ ബയോ ബബിൾ മാതൃകയിൽ ലൂർദ് ആശുപത്രിയുടെ നേതൃത്വത്തിൽ പഠന സൗകര്യം ഒരുക്കിയിരുന്നു. കേരളത്തിന്റെ പേര് ഉയർത്തിക്കാണിക്കുവാനും തൊഴിൽ മേഖലകളിൽ ഉന്നത നിലവാരം കൈവരിക്കുവാനും ഇവർക്ക് സാധിക്കട്ടെയെന്ന് മന്ത്രി ആശംസിച്ചു. 

ദുബായ് ആശുപത്രി ഗ്രൂപ്പിൽ നോർക്ക റൂട്ട്‌സ് വഴി നിയമനത്തിന് മാർച്ച് 20 നകം അപേക്ഷ

തിരുവനനന്തപുരം: ദുബായിലെ പ്രമുഖ സ്വകാര്യ ആശുപത്രി ഗ്രൂപ്പിലേക്ക് ഇൻ പേഷ്യന്റ് ഡിപ്പാർട്ടമെന്റ് (ഐ പി ഡി)/ ഒ റ്റി നഴ്‌സ്, ലാബ്/ സിഎസ് എസ് ഡി/ലബോറട്ടറി/ അനസ്‌തേഷ്യ/ മൈക്രോബയോളജി/ കാർഡിയോളജി ടെക്‌നീഷ്യൻ തുടങ്ങിയ തസ്തികകളിലേക്ക്കരാറടിസ്ഥാനത്തിൽ നിയമനത്തിന് നോർക്ക റൂട്ട്‌സ് വഴി അപേക്ഷ ക്ഷണിച്ചു.

ഐ.പി.ഡി വിഭാഗത്തിൽ കുറഞ്ഞത് രണ്ടു മുതൽ മൂന്ന് വർഷം വരെ സർജിക്കൽ/മെഡിക്കൽ വിഭാഗത്തിൽ പ്രവർത്തി പരിചയമുള്ള പുരുഷന്മാർക്കും ഒ.റ്റി നഴ്‌സ് ഒഴിവിലേക്ക് അഞ്ച് വർഷത്തിന് മുകളിൽ (ഇ.എൻ.ടി/ഒബിഎസ് ഗൈനിക്/ഓർത്തോ/പ്ലാസ്റ്റിക് സർജറി/ജനറൽ സർജറി ഒ.ടി) പ്രവൃത്തിപരിചയം ഉള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.

കാർഡിയോളജി ടെക്‌നീഷ്യൻ വിഭാഗത്തിലേക്ക് രണ്ടു മുതൽ മൂന്ന് വർഷം വരെ പ്രവൃത്തി പരിചയം ഉള്ള വനിതകൾക്ക് മാത്രവും മറ്റ് ടെക്‌നീഷ്യൻ ഒഴിവുകളിലേക്ക് രണ്ടു മുതൽ മൂന്ന് വർഷം വരെ പ്രവൃത്തി പരിചയം ഉള്ള വനിതകൾക്കും പുരുഷൻമാർക്കും അപേക്ഷിക്കാം. അപേക്ഷകർ നിർബന്ധമായും ഡി.എച്ച്.എ പരീക്ഷ പാസായിരിക്കണം (അപേക്ഷ സമർപ്പിക്കുന്ന സമയം ഡി.എച്ച്.എ പരീക്ഷാ ഫലത്തിന് കുറഞ്ഞത് ആറ് മാസത്തെ കാലാവധി ഉണ്ടായിരിക്കണം) രണ്ടു മാസത്തിനു മുകളിൽ പ്രവർത്തന വിടവ് ഉണ്ടാവരുത്. 5000 മുതൽ 5500 ദിർഹം വരെ (ഏകദേശം ഒരു ലക്ഷം മുതൽ 1.13 ലക്ഷം ഇന്ത്യൻ രൂപ) ശമ്പളം ലഭിക്കും. യോഗ്യത ബന്ധപ്പെട്ട വിഷയത്തിൽ ബിരുദം, ഡി.എച്ച്എ.

ഉദ്യോഗാർഥികൾ അപ്‌ഡേറ്റ് ചെയ്ത ബയോഡാറ്റയോടൊപ്പം ഡിഎച്ച്എ പരീക്ഷാ ഫലം, യോഗ്യത, പ്രവൃത്തി പരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ പാസ്‌പോർട്ടിന്റെ പകർപ്പ്, ഫോട്ടോ മുതലായവ സഹിതം നോർക്ക റൂട്ട്‌സിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.norkaroots.org വഴി മാർച്ച് 20നകം അപേക്ഷിക്കേണ്ടതാണെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾ നോർക്ക റൂട്ട്‌സിന്റെ വെബ്‌സൈറ്റിൽ നിന്നും 1800 425 3939 എന്ന ടോൾ ഫ്രീ നമ്പരിൽ നിന്നും ലഭിക്കും. +91 8802 012345 എന്ന നമ്പരിൽ വിദേശത്തു നിന്നും മിസ്ഡ് കോൾ സൗകര്യവും ലഭ്യമാണ്.