ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. പുതിയ ജോലിക്ക് നിരവധി തവണ ബയോഡാറ്റ അയച്ചിട്ടും ഒരു തവണ പോലും ഇന്‍റർവ്യൂന് വിളിച്ചില്ല. പക്ഷേ ആ വീഡിയോ എല്ലാം മാറ്റിമറിച്ചു

ഒരു മിനിറ്റ് 42 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ 29കാരിയുടെ ജീവിതം മാറ്റിമറിച്ചു. പിരിച്ചുവിടപ്പെട്ടതോടെ ഒരു ജോലി കണ്ടെത്താനുള്ള കഠിന ശ്രമത്തിലായിരുന്നു മാർട്ട പ്യൂർട്ടോ. ഒരൊറ്റ വീഡിയോയ്ക്ക് ശേഷം നൂറുകണക്കിന് ഓഫറുകളാണ് യുവതിക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. 

ലിങ്ക്ഡ്ഇനിലാണ് മാർട്ട പ്യൂർട്ടോ വീഡിയോ പോസ്റ്റ് ചെയ്തത്. മാർക്കറ്റിങ് മാനേജർ തസ്തികയിലേക്കാണ് മാർട്ട ജോലി തേടിയിരുന്നത്. പതിവുശൈലിയിലുള്ള ബയോഡാറ്റയ്ക്ക് പകരം തന്‍റെ ജീവിതം ഒരു സിനിമ പോലെ വ്യത്യസ്തമായ രീതിയിൽ അവതരിപ്പിക്കാൻ ശ്രമിച്ചു. ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതും ജോലിക്കായി ബയോഡാറ്റ അയച്ചുള്ള കാത്തിരിപ്പും ഒരു ഇന്‍റര്‍വ്യൂവിന് പോലും വിളിക്കാത്തതും എല്ലാം പറഞ്ഞ ശേഷം തന്‍റെ കഴിവുകളെ ഷോകേസ് ചെയ്യുന്ന തരത്തിലായിരുന്നു അവതരണം. 

വീഡിയോ വൈറലായി. അറുപതിനായിരത്തിലേറെ പേർ ലൈക്ക് ചെയ്തു. നൂറുകണക്കിന് തൊഴിലുടമകളുടെ ശ്രദ്ധ പിടിച്ചുപറ്റി. നിരവധി കമ്പനികളില്‍ നിന്ന് ഇന്‍റർവ്യൂവിന് ചെല്ലാൻ ക്ഷണം ലഭിച്ചു. ലിങ്ക്ഡ്ഇനിൽ അയ്യായിരത്തിലധികം കണക്ഷൻ അഭ്യർത്ഥനകൾ ലഭിച്ചിട്ടുണ്ടെന്നും മാർട്ട പ്യൂർട്ടോ പറഞ്ഞു. 100 അല്ലെങ്കിൽ പരമാവധി 200 ലൈക്കുകളേ ലഭിക്കൂ എന്നാണ് കരുതിയത്. തന്നെ വേണ്ട എന്ന് പറഞ്ഞ മുൻ റിക്രൂട്ടർമാരിൽ നിന്ന് ഇപ്പോള്‍ കണക്ഷൻ റിക്വസ്റ്റുകള്‍ വരുന്നുണ്ടെന്നും മാർത്ത പറഞ്ഞു. 

ഒക്ടോബറിലാണ് ഫിൻടെക് കമ്പനിയായ സോളോ മാർട്ടയെ പിരിച്ചുവിട്ടത്. എഐയുടെ വരവും പിരിച്ചുവിടലും തുടരുമ്പോള്‍ ജോലിക്കായുള്ള അപേക്ഷകരുടെ എണ്ണവും കൂടുകയാണ്. താൻ മികച്ച ഉദ്യോഗാർത്ഥിയാണെന്ന് തൊഴിലുടമയ്ക്ക് തോന്നണമെങ്കിൽ വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന് മാർട്ട പറഞ്ഞു. 

"ഇന്നെനിക്ക് ഒരു ഇന്‍റർവ്യൂ ഉണ്ടായിരുന്നു. ലണ്ടനിലേക്ക് താമസം മാറ്റണമെന്ന് എന്നോട് ആവശ്യപ്പെട്ടു. ഞാൻ പറ്റില്ലെന്ന് പറഞ്ഞപ്പോള്‍ എന്നാൽ ഇപ്പോഴുള്ള സ്ഥലത്തിരുന്ന് ജോലി ചെയ്തോളൂ എന്ന് പറഞ്ഞു"- ജോലിയിൽ നിന്ന് പിരിച്ചുവിടപ്പെട്ട മാർട്ടയ്ക്കിപ്പോൾ കൈനിറയെ അവസരങ്ങളാണ്.