സുല്‍ത്താന്‍ ബത്തേരി: വയനാട് ബത്തേരി നായ്കട്ടിയില്‍ വനത്തിനകത്ത് കഴിയുന്ന ആദിവാസി വിദ്യാര്‍ത്ഥിനിക്ക് ഓണ്‍ലൈന്‍ പഠന സൗകര്യങ്ങളില്ല. വൈദ്യുതി ലഭിച്ചിട്ടുണ്ടെങ്കിലും ടിവിയോ സ്മാര്‍ട്ട് ഫോണോ ഇല്ലാത്തതിനാല്‍ പഠനം വഴി മുട്ടിയ അവസ്ഥയിലാണ് രണ്ടാം ക്ലാസുകാരി വിജന്യ. ആനയും പുലിയും ഇറങ്ങുന്ന കാട്ടിലൂടെ അഞ്ച് കിലോമീറ്റര്‍ സഞ്ചരിച്ചാണ് ഞങ്ങള്‍ വിജന്യയുടെ വീട്ടിലെത്തിയത്. അമ്മ അശ്വതി പറഞ്ഞ് കൊടുക്കുന്ന പാഠം ഉരുവിടുകയാണ് രണ്ടാംക്ലാസുകാരി. ടിവി ഉണ്ടോ എന്ന ചോദ്യത്തിന് പേടിയോടെയാണ് മറുപടി.

ഒന്നാം ക്ലാസില്‍ ഹോസ്റ്റലിലായിരുന്നു വിജന്യ. കൊവിഡ് വന്നതോടെ അവധികഴിഞ്ഞ് തിരികെ പോകാന്‍ പറ്റിയില്ല. വനത്തിനകത്ത് താമസിക്കുന്ന ആദിവാസികളെ പുനരധിവസിപ്പിക്കുന്ന പദ്ധതി പ്രകാരം ഇവരുടെ അയല്‍വാസികളെല്ലാം കാട് വിട്ടിറങ്ങി. എന്നാല്‍ പാട്ടത്തിനെടുത്ത കൃഷിയിടം വിട്ടുപോകാന്‍ മനസ്സ് അനുവദിക്കാത്തതിനാല്‍ ഈ കുടുംബം മാത്രം കാട്ടില്‍ തനിച്ചായി. കാട്ടുനായ്ക വിഭാഗത്തില്‍പ്പെടുന്നവരാണ് വിജന്യയുടെ കുടുംബം. നൂല്‍പ്പുഴ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡിലാണ് ഇവര്‍ ഉള്‍പ്പെടുന്നത്. ആരെങ്കിലും ടിവി തന്ന് സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം.