Asianet News MalayalamAsianet News Malayalam

തദ്ദേശ തിരഞ്ഞെടുപ്പ്: വോട്ടർപട്ടികയിൽ ഉൾപ്പെടാത്തവർക്ക് പേര് ചേർക്കാൻ 27 മുതൽ വീണ്ടും അവസരം

വോട്ടർ പട്ടികയിൽ നിന്നും പേരുകൾ  ഒഴിവാക്കുന്നതിനും ഉൾക്കുറിപ്പുകൾ തിരുത്തുന്നതിനുമുളള അപേക്ഷകളും 27 മുതൽ സമർപ്പിക്കാം.
 

Opportunity to add names to non-voters from 27th onwards in local election
Author
Trivandrum, First Published Oct 24, 2020, 9:30 AM IST


തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിൽ ഒക്‌ടോബർ ഒന്നിന്  പ്രസിദ്ധീകരിച്ച അന്തിമ വോട്ടർപട്ടികയിൽ പേര് ഉൾപ്പെട്ടിട്ടില്ലാത്തവർക്ക് പേര് ചേർക്കുന്നതിന് ഒക്‌ടോബർ 27 മുതൽ 31 വരെ വീണ്ടും അവസരമുണ്ടെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി.ഭാസ്‌കരൻ അറിയിച്ചു. 941 ഗ്രാമപഞ്ചായത്തുകൾ, 86 മുനിസിപ്പാലിറ്റികൾ, ആറു കോർപ്പറേഷനുകൾ എന്നീ സ്ഥാപനങ്ങളിലെ അന്തിമ വോട്ടർപട്ടിക ഒക്‌ടോബർ ഒന്നിന് പ്രസിദ്ധീകരിച്ചിരുന്നു.  വോട്ടർ പട്ടികയിൽ നിന്നും പേരുകൾ  ഒഴിവാക്കുന്നതിനും ഉൾക്കുറിപ്പുകൾ തിരുത്തുന്നതിനുമുളള അപേക്ഷകളും 27 മുതൽ സമർപ്പിക്കാം.

പേരുകൾ ചേർക്കുന്നതിനും തിരുത്തലുകൾ വരുത്തുന്നതിനും  സ്ഥാനമാറ്റം നടത്തുന്നതിനും "lsgelection.kerala.gov.in" എന്ന വെബ്‌സൈറ്റിൽ ഓൺലൈൻ അപേക്ഷകളാണ് നൽകേണ്ടത്. മരിച്ചവരെയും സാധാരണ താമസക്കാരല്ലാത്തവരെയും പട്ടികയിൽ നിന്ന് ഒഴിവാക്കുന്നതിനുളള ആക്ഷേപങ്ങൾ ഫോറം 5-ലും ഫോറം 8-ലും നേരിട്ടോ തപാലിലൂടെയോ അതാത് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർക്ക് സമർപ്പിക്കാം.

ഒക്‌ടോബർ 31 വരെ ലഭിക്കുന്ന അപേക്ഷകളും ആക്ഷേപങ്ങളും പരിശോധിച്ച് നവംബർ 10-ന് സപ്ലിമെന്ററി പട്ടികകൾ പ്രസിദ്ധീകരിക്കാൻ ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർക്ക് കമ്മീഷൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഒക്‌ടോബർ ഒന്നിന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടർപട്ടികയിൽ 1,29,25,766 പുരുഷർ, 1,41,94,775 സ്ത്രീകൾ 282 ട്രാൻസ്‌ജെന്റർമാർ എന്നിങ്ങനെ 2,71,20,823 വോട്ടർമാരാണ് ഉൾപ്പെട്ടിട്ടുളളത്.  

Follow Us:
Download App:
  • android
  • ios