ആഗോളതലത്തിൽ 'കമ്മ്യൂണിക്കേഷൻ & മീഡിയ' (Communication & Media) വിഭാഗത്തിൽ ഇന്ത്യയിൽ നിന്നും ഈ പട്ടികയിൽ ഇടം നേടിയ ഏക ഗവേഷകനാണ് ഡോ. ദേവദാസ്. നിലവിൽ ഐ.എസ്.ആർ.ഒയുടെ അഹമ്മദാബാദിലെ സ്പേസ് ആപ്ലിക്കേഷൻസ് സെന്ററിലെ (SAC) ഡെവലപ്‌മെന്റ് ആൻഡ് എഡ്യൂക്കേഷണൽ കമ്മ്യൂണിക്കേഷൻ യൂണിറ്റിൽ (DECU) ഗവേഷകനായി പ്രവർത്തിക്കുകയാണ് അദ്ദേഹം.

സ്റ്റാൻഫോർഡ് സർവകലാശാലയും പ്രമുഖ അന്താരാഷ്ട്ര പ്രസാധകരായ എൽസെവിയറും (Elsevier) സംയുക്തമായി പുറത്തിറക്കിയ 2026-ലെ ലോകത്തിലെ ഏറ്റവും മികച്ച 2% ശാസ്ത്രജ്ഞരുടെ പട്ടികയിൽ (World’s Top 2% Scientists) മലയാളി ഗവേഷകൻ ഡോ. ദേവദാസ് മേനോൻ തുടർച്ചയായ രണ്ടാം വർഷവും ഇടം നേടി.

ആഗോളതലത്തിൽ 'കമ്മ്യൂണിക്കേഷൻ & മീഡിയ' (Communication & Media) വിഭാഗത്തിൽ ഇന്ത്യയിൽ നിന്നും ഈ പട്ടികയിൽ ഇടം നേടിയ ഏക ഗവേഷകനാണ് ഡോ. ദേവദാസ്. നിലവിൽ ഐ.എസ്.ആർ.ഒയുടെ അഹമ്മദാബാദിലെ സ്പേസ് ആപ്ലിക്കേഷൻസ് സെന്ററിലെ (SAC) ഡെവലപ്‌മെന്റ് ആൻഡ് എഡ്യൂക്കേഷണൽ കമ്മ്യൂണിക്കേഷൻ യൂണിറ്റിൽ (DECU) ഗവേഷകനായി പ്രവർത്തിക്കുകയാണ് അദ്ദേഹം.

എറണാകുളത്ത് ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ഡോ. ദേവദാസ്, കോട്ടയം മഹാത്മാഗാന്ധി സർവകലാശാലയിൽ നിന്നാണ് ഭൗതികശാസ്ത്രത്തിൽ ബിരുദം നേടിയത്. തുടർന്ന് ബാംഗ്ലൂർ സർവകലാശാലയിൽ നിന്ന് കമ്മ്യൂണിക്കേഷനിൽ ബിരുദാനന്ത ബിരുദവും പി.എച്ച്.ഡിയും പൂർത്തിയാക്കി. നേരത്തെ തമിഴ്‌നാട് കേന്ദ്ര സർവകലാശാലയിലും ബാംഗ്ലൂർ സർവകലാശാലയിലും അധ്യാപകനായും ഗവേഷകനായും പ്രവർത്തിച്ചിട്ടുണ്ട്.

ശ്രദ്ധേയമായ ഗവേഷണ മേഖലകൾ

സൈബർ സൈക്കോളജി (Cyberpsychology), ഡിജിറ്റൽ മീഡിയ, നിർമ്മിത ബുദ്ധി (AI) എന്നിവ മനുഷ്യന്റെ പെരുമാറ്റത്തെയും സമൂഹത്തെയും എങ്ങനെ സ്വാധീനിക്കുന്നു എന്നതിനെക്കുറിച്ചാണ് ഡോ. ദേവദാസിന്റെ പ്രധാന പഠനങ്ങൾ.

ഇന്ത്യയിൽ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളുടെ വളർച്ച, സബ്‌സ്‌ക്രിപ്‌ഷൻ തുടരാൻ പ്രേക്ഷകരെ പ്രേരിപ്പിക്കുന്ന ഘടകങ്ങൾ, പരമ്പരാഗത കേബിൾ-ഡി.ടി.എച്ച് (DTH) ടെലിവിഷൻ ഉപേക്ഷിച്ച് ഡിജിറ്റൽ സ്ട്രീമിംഗിലേക്ക് ആളുകൾ മാറുന്നതിന്റെ (Cord-cutting) കാരണങ്ങൾ എന്നിവയെക്കുറിച്ച് അദ്ദേഹം പഠനം നടത്തിയിട്ടുണ്ട്. ഒ.ടി.ടി പ്ലാറ്റ്‌ഫോമുകൾ ഇന്ത്യൻ ടെലിവിഷൻ സംസ്കാരത്തെയും കാഴ്ചാശീലങ്ങളെയും ദൃശ്യഭാഷയെയും മാറ്റിമറിച്ചതെങ്ങനെയെന്നും, ആഗോള-പ്രാദേശിക ഉള്ളടക്കങ്ങളുടെ സംയോജനം വഴി പ്രാദേശിക പ്രേക്ഷകർക്ക് പ്രാധാന്യം നൽകുന്ന 'പ്രോ-ലോക്കൽ' (Pro-local) മാധ്യമ ആവാസവ്യവസ്ഥയുടെ ഭാവിയെക്കുറിച്ചുമുള്ള അദ്ദേഹത്തിന്റെ പ്രബന്ധങ്ങൾ അന്താരാഷ്ട്ര തലത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ടു.

ഇതിനുപുറമെ ഇൻസ്റ്റാഗ്രാം ഫോട്ടോ ഷെയറിംഗ്, വാട്‌സ്ആപ്പ്-ഫേസ്ബുക്ക് സ്റ്റോറികൾ എന്നിവയുടെ ഉപയോഗത്തിന് പിന്നിലെ സാമൂഹിക-മാനസിക പ്രേരണകളെക്കുറിച്ചും അദ്ദേഹം പഠനങ്ങൾ നടത്തിയിട്ടുണ്ട്. ചാറ്റ് ജിപിടി (ChatGPT) പോലുള്ള ജനറേറ്റീവ് എ.ഐ ടൂളുകൾ ആളുകൾ സ്വീകരിക്കുന്ന രീതികളെക്കുറിച്ചും, കോവിഡ് കാലത്ത് കൗമാരക്കാർ അലക്‌സ (Alexa), സിരി (Siri), ഗൂഗിൾ അസിസ്റ്റന്റ് എന്നിവ ഉപയോഗിച്ചതിന്റെ മനഃശാസ്ത്രപരമായ വശങ്ങളെക്കുറിച്ചും അദ്ദേഹം പഠനങ്ങൾ നടത്തിയിട്ടുണ്ട്.