ഇറാനിലെ മഷ്ഹദ് വിമാനത്താവളത്തിൽ യുഎസ് നടത്തിയ വ്യോമാക്രമണത്തിൽ മഹൻ വിമാനത്തിന് കേടുപാടുകൾ സംഭവിച്ചതായി റിപ്പോർട്ട്. ഇന്ത്യയിൽ നിന്ന് മരുന്നടക്കമുള്ള സഹായങ്ങൾ എത്തിക്കാനുള്ള ദൗത്യത്തിന്റെ ഭാഗമായ വിമാനമാണിത്.
ഇറാനിലെ മഷ്ഹദ് വിമാനത്താവളത്തിൽ അമേരിക്ക തിങ്കളാഴ്ച നടത്തിയ വ്യോമാക്രമണത്തിൽ മഹൻ വിമാനത്തിന് കേടുപാടുകൾ സംഭവിച്ചതായി റിപ്പോർട്ട്. ഇന്ത്യയിൽ നിന്നുള്ള മരുന്ന് അടക്കം സഹായങ്ങൾ ഇറാനിലേക്ക് എത്തിക്കാനുള്ള ദൗത്യത്തിന്റെ ഭാഗമാകേണ്ടിയിരുന്ന വിമാനത്തിനാണ് കേടുപാടുണ്ടായതെന്നാണ് വിവരം. ഈ ആഴ്ച ദില്ലിയിലേക്ക് പറക്കാനിരുന്ന വിമാനമാണ് തകർന്നതെന്നും, ഇറാനിയൻ ജനതയ്ക്കായി അത്യാവശ്യ മരുന്നുകളും മറ്റ് സഹായങ്ങളും ശേഖരിക്കാനാണ് യാത്ര നിശ്ചയിച്ചിരുന്നതെന്നും ഇറാൻ അറിയിച്ചു. എന്നാൽ യുഎസ് ഉദ്യോഗസ്ഥർ അവകാശവാദം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
റിപ്പോർട്ടുകൾ പ്രകാരം ഏപ്രിൽ ഒന്നിന് വിമാനം ന്യൂഡൽഹിയിൽ എത്തേണ്ടതായിരുന്നു. വിമാനത്താവളത്തിന് നേരെ ഉണ്ടായ യുഎസ് ആക്രമണത്തിലാണ് വിമാനത്തിന് കേടുപാടുകൾ പറ്റിയതെന്ന് ഇറാൻ ആരോപിക്കുന്നു. പശ്ചിമേഷ്യ, മധ്യേഷ്യ, ദക്ഷിണേഷ്യ തുടങ്ങി വിവിധ മേഖലകളിൽ സർവീസ് നടത്തുന്ന ഇറാന്റെ പ്രമുഖ സ്വകാര്യ വിമാനക്കമ്പനിയാണ് മഹാൻ എയർ. ഇന്ത്യയിൽ നിന്നുള്ള സഹായം എത്തിക്കുന്നതിൽ ഈ വിമാനം പ്രധാന പങ്കുവഹിക്കേണ്ടതായിരുന്നു.
നേരത്തെ, മാർച്ച് 18-ന് ഇന്ത്യയിൽ നിന്നുള്ള ആദ്യഘട്ട വൈദ്യസഹായം ഇറാനിയൻ റെഡ് ക്രസന്റ് സൊസൈറ്റി വഴി ഇറാനിലെത്തിച്ചിരുന്നു. ദുരിതസമയത്ത് സഹായഹസ്തം നീട്ടിയ ഇന്ത്യൻ ജനതയ്ക്ക് ന്യൂഡൽഹിയിലെ ഇറാൻ എംബസി നന്ദി അറിയിക്കുകയും ചെയ്തിരുന്നു. നിലവിലെ സാഹചര്യത്തിൽ വിമാനത്തിന് തകരാർ സംഭവിച്ചതോടെ ഇന്ത്യയിൽ നിന്നുള്ള അടുത്ത ഘട്ട സഹായങ്ങൾ ഇറാനിലെത്തുന്നത് വൈകാൻ സാധ്യതയുണ്ട്.


