ഹൈദരാബാദ്: ലോക ക്വിസ് 2020 ചാംപ്യൻഷിപ്പിൽ ജേതാവായി ഹൈദരാബാദിൽ നിന്നുളള എഞ്ചിനീയർ രവികാന്ത് അവ്വ. എല്ലാ വർഷവും സംഘടിപ്പിക്കുന്ന അന്തർദ്ദേശീയ തലത്തിലുള്ള ഈ ക്വിസ് മത്സരത്തിൽ ലോകത്തെമ്പാടുമുള്ള 668 മത്സരാർത്ഥികൾ ഇത്തവണ പങ്കെടുത്തത്. ഇവരെയെല്ലാം പിന്തള്ളിയാണ് ഹൈദരാബാദിൽ നിന്നുള്ള രവികാന്ത് അവ എന്ന എഞ്ചിനീയർ ജേതാവായത്. ഐഐടി മദ്രാസ്, അഹമ്മദാബാദ് ഐഐഎം എന്നിവിടങ്ങളിൽ നിന്നാണ് ഇദ്ദേഹം ബിരുദം നേടിയത്. ഇപ്പോൾ സിം​ഗപ്പൂരിലെ ഒരു മൾട്ടിനാഷണൽ കമ്പനിയിലാണ് ഈ നാൽപത്തിമൂന്നുകാരൻ ജോലി ചെയ്യുന്നത്. 

ഇൻർനാഷണൽ ക്വിസിം​ഗ് അസോസിയേഷന്റെ നേതൃത്വത്തിലാണ് മത്സരം സംഘടിപ്പിച്ചത്. സാംസ്കാരിക സംഭവങ്ങൾ, കല, ചരിത്രം, സയൻസ് എന്നീ മേഖലകളിൽ നിന്നുളള ചോദ്യങ്ങളാണ് ക്വിസിലുണ്ടായിരുന്നത്. സമകാലിക സംഭവങ്ങളും പൊതുവിജ്ഞാനവും ഉൾപ്പെടെ എട്ടുവിഭാ​ഗങ്ങളിലായി 240 ചോദ്യങ്ങളാണ് രവികാന്ത് നേരിട്ടത്.  ഇവയിൽ 159 സ്കോർ നേടിയാണ് രവികാന്ത് വിജയിച്ചത്. തെലങ്കാന ​ഗവർണറുടെ ഉപദേഷ്ടാവ് ശർമ്മയാണ് രവികാന്തിനെ വിജയിയായി പ്രഖ്യാപിച്ചത്.  25 വർഷത്തിലധികമാണ് ക്വിസ് മത്സരങ്ങളിൽ സജീവമായി പങ്കെടുക്കുന്ന വ്യക്തിയാണ് രവികാന്ത് അവ്വ.