ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദുവിന്‍റെ സാന്നിദ്ധ്യത്തില്‍ മന്ത്രിയുടെ ചേംബറില്‍ വെച്ച് ധാരണാപത്രം കൈമാറി.
തിരുവനന്തപുരം: വിദ്യാഭ്യാസ, ഗവേഷണ, പരിശീലന പദ്ധതികളില്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിനായി രാജ്യത്തെ പ്രമുഖ ശാസ്ത്ര ഗവേഷണ സ്ഥാപനമായ രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജിയും (ആര്‍ജിസിബി) കേരളത്തിലെ പ്രധാന സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്സ് ഡെവലപ്മെന്‍റ് (ഐഎച്ച്ആര്‍ഡി)യും തമ്മില്‍ ധാരണാപത്രം ഒപ്പുവെച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദുവിന്‍റെ സാന്നിദ്ധ്യത്തില്‍ മന്ത്രിയുടെ ചേംബറില്‍ വെച്ച് ആര്‍ജിസിബി ഡയറക്ടര്‍ ഡോ. ചന്ദ്രഭാസ് നാരായണയും ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ ഡോ. വി.എ അരുണ്‍കുമാറും ഇതു സംബന്ധിച്ച ധാരണാപത്രം കൈമാറി.
സംയുക്ത ഗവേഷണ പദ്ധതികള്‍, സാങ്കേതിക രംഗത്തെ സംരംഭങ്ങള്‍, പരിശീലന പരിപാടികള്‍, ശില്‍പ്പശാലകള്‍ അടക്കമുള്ള വിവിധ പരിപാടികളാണ് ധാരണാപത്രം വിഭാവനം ചെയ്യുന്നത്. ഇവയിലൂടെ അധ്യാപകരുടെയും ഗവേഷകരുടെയും വിദ്യാര്‍ത്ഥികളുടെയും കഴിവുകള്‍ മെച്ചപ്പെടുത്താന്‍ ലക്ഷ്യമിടുന്നു. ബയോടെക്നോളജി-ബയോ ഇന്‍ഫര്‍മാറ്റിക്സ് മേഖലയില്‍ നൂതന വിദ്യാഭ്യാസ പദ്ധതികള്‍ വികസിപ്പിക്കുന്നതിലും ഗവേഷണ മാര്‍ഗനിര്‍ദ്ദേശം നല്‍കുന്നതിലും ഇരുസ്ഥാപനങ്ങളും ചേര്‍ന്ന് പ്രവര്‍ത്തിക്കും.
ഇരുസ്ഥാപനങ്ങളും തമ്മിലുള്ള ധാരണാപത്രം ബയോടെക്നോളജി ഉള്‍പ്പെടെയുള്ള ശാസ്ത്രീയ മേഖലകളില്‍ സംസ്ഥാനത്ത് നടക്കുന്ന ഉന്നത നിലവാരത്തിലുള്ള വിദ്യാഭ്യാസ-ഗവേഷണ പദ്ധതികള്‍ക്ക് വഴിയൊരുക്കുമെന്ന് മന്ത്രി പറഞ്ഞു. ഗവേഷണഫലങ്ങള്‍ സമൂഹത്തിന് പ്രയോജനപ്പെടുന്ന വിധത്തില്‍ ഉപയോഗപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്ക് ഈ സഹകരണം പുതിയ ഊര്‍ജ്ജമേകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ശാസ്ത്രീയ ഗവേഷണത്തെ സമൂഹത്തിന് ഉപകാരപ്പെടുന്ന ഫലങ്ങളിലേക്ക് വഴിമാറ്റുന്നതിനുള്ള ആര്‍ജിസിബിയുടെ ദൗത്യത്തില്‍ ഈ സഹകരണം പ്രാധാന്യമുള്ളതാണെന്ന് ഡോ. ചന്ദ്രഭാസ് നാരായണ പറഞ്ഞു. ആര്‍ജിസിബിയുമായുള്ള പങ്കാളിത്തം വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ലോകനിലവാരമുള്ള ഗവേഷണവും പരിശീലനവും ലഭ്യമാക്കുന്ന സുവര്‍ണാവസരമാണെന്ന് ഡോ. വി.എ അരുണ്‍കുമാര്‍ അഭിപ്രായപ്പെട്ടു
ആധുനിക ജീവശാസ്ത്ര മേഖലയിലെ മോളിക്യൂലര്‍ ബയോളജി, ഡിസീസ് ബയോളജി, ബയോടെക്നോളജി എന്നിവയില്‍ നവീന ഗവേഷണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സ്ഥാപനമാണ് ആര്‍ജിസിബി. ആരോഗ്യരംഗത്തും ജനിതക ഗവേഷണത്തിലും ആര്‍ജിസിബി നല്‍കിയ സംഭാവനകള്‍ സ്ഥാപനത്തെ ദേശീയ, അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധേയമാക്കിയിട്ടുണ്ട്. ലോകോത്തര സൗകര്യങ്ങളും നൂതന ഗവേഷണ സൗകര്യങ്ങളുമുള്ള ആര്‍ജിസിബി ട്രാന്‍സ്ലേഷണല്‍ സയന്‍സിന്‍റെ ശേഷി വികസനത്തിനുള്ള രാജ്യത്തെ പ്രധാന കേന്ദ്രമാണ്.
9 എഞ്ചിനീയറിംഗ് കോളേജുകള്‍, 7 പോളിടെക്നിക് കോളേജുകള്‍, 45 അപ്ലൈഡ് സയന്‍സ് കോളേജുകള്‍ അടക്കം 87 വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ഐഎച്ച്ആര്‍ഡിക്ക് ഉള്ളത്. സാങ്കേതിക വിജ്ഞാനവും തൊഴില്‍ നൈപുണ്യവും ആര്‍ജ്ജിച്ച യുവതലമുറയെ വളര്‍ത്തി രാജ്യത്തിന്‍റെ വികസനത്തില്‍ പങ്കാളിയാക്കുന്നതില്‍ ഈ സ്ഥാപനം വലിയ പങ്കാണ് വഹിക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് വിദ്യാഭ്യാസത്തില്‍ കേരളത്തില്‍ ആദ്യമായി നേതൃത്വം നല്‍കിയ ഐഎച്ച്ആര്‍ഡി അക്കാദമിക് മേഖലയിലും ഗവേഷണ മേഖലയിലും നിരവധി പദ്ധതികളാണ് നടപ്പാക്കുന്നത്.


