ഓൺലൈൻ വിദ്യാഭ്യാസത്തിലേക്ക് ചുവടു മാറിയിരിക്കുകയാണ് കേരളത്തിലെ വിദ്യാലയങ്ങളും വിദ്യാർത്ഥികളും. കൊവിഡ് 19 വ്യാപനത്തെ തുടർന്ന് വിദ്യാഭ്യാസം അനിശ്ചിതത്വത്തിലേക്ക് പോകാതിരിക്കാൻ വേണ്ടിയായിരുന്നു വിദ്യാഭ്യാസ വകുപ്പിന്റെ ഈ തീരുമാനം. എന്നാൽ അടിസ്ഥാന വിദ്യാഭ്യാസം എന്നത് ഓരോ പൗരന്റെയും മൗലിക അവകാശമായിരിക്കേ, അത് നിഷേധിക്കപ്പെട്ട വലിയൊരു വിഭാ​ഗം ഇവിടെയുണ്ടെന്ന് കാര്യം വിസ്മരിക്കാൻ കഴിയില്ല. ഓൺലൈൻ വിദ്യാഭ്യാസ സമ്പ്ര​ദായത്തിന് എല്ലാ വിദ്യാർത്ഥികളെയും ഉൾക്കൊള്ളാൻ സാധിക്കുന്നുണ്ടോ എന്ന നിർണായക ചോദ്യം നിലനിൽക്കുന്നുണ്ട്. സാംബവ മഹാസഭ ജനറൽ സെക്രട്ടറി രാമചന്ദ്രൻ മുല്ലശ്ശേരി ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് സംസാരിക്കുന്നു...

കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിദ്യാഭ്യാസം ഓൺലൈനാക്കിയിരിക്കുന്ന സാഹചര്യമാണ് ഇപ്പോൾ നിലവിലുള്ളത്. മാറ്റങ്ങൾക്ക് അനുസരിച്ച് സാഹചര്യങ്ങൾ ഉൾക്കൊണ്ട് പരിഷ്കരണങ്ങൾ എല്ലാ മേഖലയ്ക്കും ആവശ്യമാണെന്ന് തിരിച്ചറിയുന്നു. എന്നാൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ, പശ്ചാത്തല സജ്ജീകരണങ്ങളില്ലാതെ നടത്തുന്ന പരീക്ഷണങ്ങളും പരിഷ്കരണങ്ങളും വൃഥാവിലാകും എന്ന കാര്യത്തിൽ സംശയമില്ല. ഏത് കാര്യത്തിലാണെങ്കിൽ പോലും പൗരതുല്യത ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. 

കേരളത്തിലെ വലിയൊരു വിഭാ​ഗം വിദ്യാർത്ഥികളും ഇപ്പോഴും ഓൺലൈൻ വി​ദ്യാഭ്യാസത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ പോലും ലഭ്യമാകാത്തവരാണ്. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ അധിവസിക്കുന്ന ഏറ്റവും ദരിദ്ര കുടുംബങ്ങളിൽ ഉള്‍പ്പെട്ട ബഹുഭൂരിപക്ഷത്തിനും ഇനിയും സാധാരണ ഫോൺ പോലും എത്തിയിട്ടില്ല എന്നത് ഒരു യാഥാർത്ഥ്യമാണ്. പ്രത്യേകിച്ചും പട്ടികജാതി-ആദിവാസി വിഭാഗങ്ങൾക്ക്. സമൂഹമധ്യത്തിൽ നിന്നും പാർശ്വവല്ക്കരിക്കപ്പെട്ട് അരികുവത്കൃതരായി കഴിയുന്ന ഇവരുടെ ആവാസ കേന്ദ്രങ്ങളിൽ ഇൻ്റർനെറ്റ് സൗകര്യവും സ്വപ്നമായി അവശേഷിക്കുന്നു. ഇത്തരമൊരു സാഹചര്യം നിലനിൽക്കുമ്പോൾ ഓൺലൈൻ വിദ്യാഭ്യാസം വിജയമാണെന്ന് പറയാൻ സാധിക്കില്ല.

സ്മാർട്ട് ഫോൺ പോയിട്ട്, സാധാരണ ഫോൺ പോലും കണ്ടിട്ടില്ലാത്ത ആദിവാസി സമൂഹങ്ങളുണ്ട്. അവരെപ്പോലെയുള്ളവരിലേക്ക് എങ്ങനെയാണ് ഓൺലൈൻ വിദ്യാഭ്യാസം എത്തിച്ചേരുന്നത്? ‍ടാബെന്താണെന്നോ ലാപ്ടോപ്പ് എന്താണെന്നോ അറിയാത്തവരുണ്ട്. അതുപോലെ പാതയോരങ്ങളിൽ ടാർപ്പായ വലിച്ചു കെട്ടി ജീവിക്കുന്ന ആളുകളുണ്ട്. അവരുടെ വീടുകളിലും വിദ്യാർത്ഥികളുണ്ട്. വൈദ്യുതി ഇല്ലാത്ത, മഴ പെയ്താൽ ചോർന്നാലിക്കുന്ന, അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്ന നിരവധി പേരുണ്ട് നമ്മുടെ സംസ്ഥാനത്ത്. ഈ വീടുകളിലെ വിദ്യാർത്ഥികൾക്ക് ഓൺലൈൻ വിദ്യാഭ്യാസം എന്നത് സ്വപ്നം മാത്രമായി അവശേഷിക്കും.

അഥവാ ഫോണോ ടിവിയോ ലഭിച്ചാൽ തന്നെ വൈദ്യുതി ഇല്ലാതെ എന്ത് ചെയ്യാൻ സാധിക്കും? ചിലപ്പോൾ ടെലിവിഷനിൽ ക്ലാസ്സുകൾ നടക്കുന്ന സമയത്തായിരിക്കും കറന്റ് പോകുക. അതുമല്ലെങ്കിൽ ഇന്റർനെറ്റിന്റെ ലഭ്യതക്കുറവുണ്ടാകാം. ഇതിനെല്ലാമപ്പുറം പിന്നാക്ക വിഭാ​ഗത്തിൽ പെട്ടവരിൽ  കംപ്യൂട്ടർ സാക്ഷരത ഇല്ലാത്തവരുണ്ട്. അവരില്‍ പ്രാഥമിക അറിവ് സൃഷ്ടിക്കാനുള്ള സാഹചര്യമൊരുക്കണം. ഓൺലൈൻ വിദ്യാഭ്യാസത്തിന് വേണ്ടിയുള്ള അടിസ്ഥാന സൗകര്യങ്ങൾ കുട്ടികൾക്ക് ലഭ്യമാക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്.   

പട്ടികജാതി-ആദിവാസി കുടുംബങ്ങളിലെ പ്ലസ് 2 വരെയുള്ള വിദ്യാർത്ഥികൾക്ക് എല്ലാവർക്കും സ്മാർട്ട് ഫോണും ഡിഗ്രി തലത്തിൽ പഠിക്കുന്നവർക്ക് ലാപ്ടോപ്പും സർക്കാർ ഉടനടി അനുവദിക്കണമെന്നും അങ്ങിനെ അനുവദിക്കുന്നവ മഞ്ഞും മഴയും ഏല്ക്കാതെ സംരക്ഷിക്കാനുള്ള സൗകര്യം കൂടി ഏർപ്പെടുത്തണമെന്നും കാണിച്ച് മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. ഫോണും ലാപ്ടോപ്പും നല്കുന്നതോടൊപ്പം ഇൻറർനെറ്റ് സൗകര്യം ലഭിക്കുന്നതിനായി സൗജന്യ വൈ ഫൈ സൗകര്യം കൂടി ഏർപ്പെടുത്തുക, പട്ടികജാതി-ആദിവാസി വിഭാഗങ്ങൾക്ക് അടിയന്തിരമായി കംപ്യുട്ടർ സാക്ഷരതയുടെ പ്രാഥമിക അറിവ് നല്കുന്നതിനുള്ള സംവിധാനം കൂടി ഏർപ്പെടുത്തുക എന്നീ കാര്യങ്ങളും കത്തിൽ ഉൾപ്പെടുത്തിയിരുന്നു. 

പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി, പട്ടികജാതി-പട്ടികവർഗ്ഗ പ്രിൻസിപ്പൽ സെക്രട്ടറി എന്നിവരോട് അടിയന്തിര റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടതായി മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും അറിയിപ്പ്‌ ലഭിച്ചിരുന്നു. കഴിഞ്ഞ ദിവസം അന്വേഷിച്ചപ്പോൾ ഇത് സംബന്ധിച്ച വിഷയം തദ്ദേശ സ്വയംഭരണ വകുപ്പിന് കൈമാറിയതായി അറിയാൻ കഴിഞ്ഞു. അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്ത സ്ഥലങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിലാണെന്നാണ് അവിടെ നിന്ന് കിട്ടിയ മറുപടി. ഓൺലൈൻ വിദ്യാഭ്യാസത്തിനുള്ള പൊതുസൗകര്യം നടപ്പിൽ വരുത്താനുള്ള ശ്രമങ്ങളും നടന്നു വരുന്നുണ്ട്. എന്നാൽ ഓരോ വിദ്യാർത്ഥിക്കും അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കി ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് വേണ്ടിയുള്ള അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കുക എന്നതാണ് വേണ്ടത്. ഇല്ലായെങ്കിൽ വലിയൊരു വിഭാ​ഗം വിദ്യാർത്ഥികൾ ഓൺലൈൻ വിദ്യാഭ്യാസത്തിന് പുറത്തായിപ്പോകും.