തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ പാചക ജീവനക്കാർക്ക് 2017 ജൂൺ മുതലുള്ള വേതന കുടിശ്ശിക ഒറ്റ ഗഡുവായി നൽകാൻ സർക്കാർ നിർദേശം. 2017-18, 2018-19 2019-20 വര്‍ഷങ്ങളിലെ സംസ്ഥാന ബഡ്ജറ്റുകളില്‍ സ്‌കൂള്‍ ഉച്ചഭക്ഷണ പാചക തൊഴിലാളികള്‍ക്ക് പ്രഖ്യാപിച്ചിരുന്ന വേതന വര്‍ദ്ധനവ് പ്രകാരമുള്ള കുടിശ്ശികയാണ് വിതരണം ചെയ്യുക. ജൂണ്‍ 2017 മുതല്‍ ജൂലൈയ് 2019 വരെയുള്ള കാലയളവിലെ കുടിശ്ശിക ഒറ്റ ഗഡുവായി നല്‍കുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിനായി 33,17,60600 രൂപ അനുവദിച്ചു. 

01/04/2017 മുതല്‍ പാചക തൊഴിലാളികളുടെ പ്രതിദിന വേതനത്തില്‍ 50 രൂപയുടേയും, 01/04/2019 മുതല്‍ മറ്റൊരു 50 രൂപയുടെയും വര്‍ദ്ധനവാണ് യഥാക്രമം 2017-18, 2019-20 വര്‍ഷങ്ങളിലെ ബഡ്ജറ്റുകളില്‍ പ്രഖ്യാപിച്ചിരുന്നത്. ബഡ്ജറ്റുകളില്‍ പ്രഖ്യാപിച്ച വേതന വര്‍ദ്ധനവ് 01/08/2019 മുതല്‍ നടപ്പിലാക്കി. 01/06/2017 മുതല്‍ 31/07/2019 വരെ 22 മാസകാലയളവിലെ വേതന വര്‍ദ്ധനവ് കുടിശ്ശിക തുക പിന്നീട് നല്‍കുമെന്നാണ് വേതന വര്‍ദ്ധനവ് നടപ്പില്‍ വരുത്തിയ ഉത്തരവില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്. ഇതാണ് ഇപ്പോള്‍ ഒറ്റ ഗഡുവായി നല്‍കുവാന്‍ തീരുമാനിച്ചിട്ടുള്ളത്.

സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കുവാന്‍ സാധിക്കാത്തത് മൂലം സാമ്പത്തിക പ്രതിസന്ധിയിലായ ഉച്ചഭക്ഷണ പാചക തൊഴിലാളികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തികാശ്വാസ നടപടികളില്‍ ഏറ്റവുമൊടുവിലത്തേതാണ് കുടിശ്ശിക അനുവദിച്ച് കൊണ്ടുള്ള ഉത്തരവ്. 12324 സ്‌കൂളുകളിലെ 13766 പാചകതൊഴിലാളികള്‍ക്കാണ് സര്‍ക്കാര്‍ തീരുമാനത്തിന്റെ പ്രയോജനം കിട്ടുക. കുടിശ്ശികയിനത്തില്‍ ശരാശരി 22,000/- രൂപ ഓരോ തൊഴിലാളികള്‍ക്കും ലഭിക്കും. 

2016 മുതല്‍ നാളിതുവരെ സ്‌കൂള്‍ ഉച്ചഭക്ഷണ പാചകതൊഴിലാളികളുടെ കുറഞ്ഞ പ്രതിദിന വേതനത്തില്‍ 200 രൂപയുടെയും കൂടിയ പ്രതിദിന വേതനത്തില്‍ 225 രൂപയുടെയും വര്‍ദ്ധനവ് വരുത്തിയതിലൂടെ തൊഴിലാളികളുടെ പ്രതിമാസ വേതനത്തില്‍ ശരാശരി 4000-ത്തോളം രൂപയുടെ വര്‍ദ്ധനവാണ് ഉണ്ടാക്കിയിട്ടുള്ളത്. 2016-17 അധ്യയന വര്‍ഷം മുതല്‍ വേനലവധികാലത്ത് പാചക തൊഴിലാളികള്‍ക്ക് 2000 രൂപ വീതം സമാശ്വാസവും നല്‍കി വരുന്നുണ്ട്.