നാല് വര്‍ഷ ബിരുദ സമ്പ്രദായത്തില്‍ മൂന്ന് വിധത്തില്‍ ഉറുദുവിൽ ബിരുദ പ്രോഗ്രാം പൂര്‍ത്തിയാക്കുവാന്‍ അവസരമുണ്ട്.

കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയുടെ കൊയിലാണ്ടി പ്രാദേശിക ക്യാമ്പസിൽ ഉറുദുവിൽ ഈ വർഷം മുതൽ നാല് വർഷ ബിരുദ കോഴ്സ് ആരംഭിക്കുന്നു. പ്രവേശനം സംബന്ധിച്ച് സർവ്വകലാശാല വിജ്ഞാപനം പുറപ്പെടുവിച്ചു. ഓൺലൈനായി അപേക്ഷിക്കണം. ആകെ 20 സീറ്റുകളാണുള്ളത്.

നാല് വര്‍ഷ ബിരുദ സമ്പ്രദായത്തില്‍ മൂന്ന് വിധത്തില്‍ ഉറുദുവിൽ ബിരുദ പ്രോഗ്രാം പൂര്‍ത്തിയാക്കുവാന്‍ കഴിയും. മൂന്ന് വര്‍ഷ ബിരുദം, നാല് വര്‍ഷ ഓണേഴ്സ് ബിരുദം, നാല് വര്‍ഷ ഓണേഴ്സ് വിത്ത് റിസര്‍ച്ച് ബിരുദം എന്നിവയാണവ. പ്രവേശനം ലഭിച്ച് മൂന്നാം വര്‍ഷം പ്രോഗ്രാം പൂര്‍ത്തിയാക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് എക്സിറ്റ് ഓപ്ഷന്‍ ഉപയോഗപ്പെടുത്തി പഠനം പൂര്‍ത്തിയാക്കി മേജര്‍ വിഷയങ്ങളുടെ അടിസ്ഥാനത്തില്‍ മൂന്ന് വര്‍ഷ ബിരുദം നേടാവുന്നതാണ്. നാല് വര്‍ഷം പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് നാല് വര്‍ഷ ഓണേഴ്സ് ബിരുദം ലഭിക്കും. നാലാം വര്‍ഷം നിശ്ചിത ക്രെഡിറ്റോടെ ഗവേഷണ പ്രോജക്ട് വിജയകരമായി പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഓണേഴ്സ് വിത്ത് റിസര്‍ച്ച് ബിരുദം ലഭിക്കുന്നതാണ്. പ്രവേശനത്തിനുളള ഉയർന്ന പ്രായപരിധി ജനറല്‍ / എസ് ഇ ബി സി വിദ്യാര്‍ത്ഥികള്‍ക്ക് 2025 ജനുവരി ഒന്നിന് 23 വയസും എസ് സി / എസ് ടി വിദ്യാര്‍ത്ഥികള്‍ക്ക് 25 വയസുമാണ്‌.

പ്ലസ് ടു/വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി അഥവ തത്തുല്യ അംഗീകൃത യോഗ്യതയുളളവര്‍ക്ക് ഉറുദു ബിരുദ പ്രോഗ്രാമിലേയ്ക്ക് അപേക്ഷിക്കാവുന്നതാണ്. ഉറുദു പ്രോഗ്രാമിലേയ്ക്ക് ലാറ്ററല്‍ എന്‍ട്രി അനുവദനീയമാണ്. മറ്റൊരു യു ജി പ്രോഗ്രാം വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുളളവര്‍ക്കും സർവകലാശാല നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ ഈ നാല് വര്‍ഷ ബിരുദ പ്രോഗ്രാമിലേക്ക് സര്‍വകലാശാലയുടെ അംഗീകാരത്തോടെ അപേക്ഷിക്കാവുന്നതാണ്. അപേക്ഷ ഫീസ് ജനറല്‍ / എസ് ഇ ബി സി വിദ്യാര്‍ത്ഥികള്‍ക്ക് ഓരോ പ്രോഗ്രാമിനും 50 രൂപയും എസ് സി / എസ് ടി വിദ്യാര്‍ത്ഥികള്‍ക്ക് ഓരോ പ്രോഗ്രാമിനും 25 രൂപയുമാണ്. അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ എട്ട്. ഓൺലൈനായി അപേക്ഷിക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കും www.ssus.ac.in സന്ദർശിക്കുക.