സംസ്ഥാന തലത്തില്‍ 1.5 ലക്ഷം, 1 ലക്ഷം, 75,000/- രൂപ വീതവും ജില്ലാതലത്തില്‍ 25,000/-, 15,000/-, 10,000/- രൂപ വീതവുമാണ് കാഷ് അവാ‍ർഡ്. ഇതിനു പുറമെ വിജയികള്‍ക്ക് ശില്പവും പ്രശംസാപത്രവും നല്‍കും.  

തിരുവനന്തപുരം: സംസ്ഥാനത്ത 15000 വിദ്യാലയങ്ങളെ (15000 Schools) കോർത്തിണക്കി കൈറ്റ് തയ്യാറാക്കിയ 'സ്കൂള്‍വിക്കി’ പോർട്ടലില്‍ (School Wiki Portala) മികച്ച താളുകള്‍ ഏർപ്പെടുത്തിയ സ്കൂളുകള്‍ക്കുള്ള സംസ്ഥാന – ജില്ലാതല അവാർഡുകള്‍ ഇന്ന് (വെള്ളി) രണ്ട് മണിയ്ക്ക് നിയമസഭയ്ക്കകത്തുള്ള ആർ. ശങ്കരനാരായണന്‍ തമ്പി ഹാളില്‍ വച്ച് വിതരണം ചെയ്യും. സംസ്ഥാന തലത്തില്‍ 1.5 ലക്ഷം, 1 ലക്ഷം, 75,000/- രൂപ വീതവും ജില്ലാതലത്തില്‍ 25,000/-, 15,000/-, 10,000/- രൂപ വീതവുമാണ് കാഷ് അവാ‍ർഡ്. ഇതിനു പുറമെ വിജയികള്‍ക്ക് ശില്പവും പ്രശംസാപത്രവും നല്‍കും. 

പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി ആധ്യക്ഷം വഹിക്കുന്ന ചടങ്ങ് നിയമസഭാ സ്പീക്കർ എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും. ഗതാഗത മന്ത്രി ആന്റണി രാജു മുഖ്യാതിഥിയാവും. ചടങ്ങ് കൈറ്റ് വിക്ടേഴ്സില്‍ തത്സമയ സംപ്രേഷണം ഉണ്ടായിരിക്കുമെന്ന് കൈറ്റ് സി.ഇ.ഒ കെ. അന്‍വർ സാദത്ത് അറിയിച്ചു. കോഴിക്കോട് ജില്ലയിലെ എ.എം.യു.പി.എസ് മാക്കൂട്ടം, മലപ്പുറം ജില്ലയിലെ ജി.എല്‍.പി.എസ് ഒളകര, തിരുവനന്തപുരം ജില്ലയിലെ ജി.എച്ച്.എസ് കരിപ്പൂർ എന്നീ സ്കൂളുകള്‍ക്കാണ് സംസ്ഥാനതലത്തില്‍ ഒന്നു മുതല്‍ മൂന്നുവരെയുള്ള അവാർഡ്. വിജയികളുടെ പട്ടിക www.schoolwiki.inല്‍ ലഭ്യമാണ്.