Asianet News MalayalamAsianet News Malayalam

മഹാരാഷ്ട്രയിലെ രണ്ട് ജില്ലകളിൽ സ്കൂളുകൾ തുറന്നു; ഒരു ബെഞ്ചിൽ ഒരു വിദ്യാർത്ഥി മാത്രം

എല്ലാ വിദ്യാർത്ഥികൾക്കും മാസ്ക് നിർബന്ധമാക്കിയിട്ടുണ്ട്. ഓരോ ക്ലാസിലും 15 വിദ്യാർത്ഥികൾ മാത്രമാണുള്ളത്. 
 

schools open in maharashtra one student in one bench
Author
Mumbai, First Published Jul 10, 2020, 10:06 AM IST

മുംബൈ: മഹാരാഷ്ട്രയിലെ രണ്ട് ജില്ലകളിൽ സ്കൂളുകൾ തുറന്ന് പ്രവർത്തിക്കാൻ ആരംഭിച്ചു. ചന്ദ്രപ്പൂർ, ​​ഗഡ്ചിരോലി ജില്ലകളിലാണ് ജൂലൈ 6 മുതൽ സ്കൂളുകൾ തുറന്ന് പ്രവർത്തിക്കാൻ തുടങ്ങിയത്. ഒരു ബെഞ്ചിൽ ഒരു വിദ്യാർത്ഥിയെ മാത്രം ഇരുത്താനാണ് തീരുമാനം. അതുപോലെ എല്ലാ വിദ്യാർത്ഥികൾക്കും മാസ്ക് നിർബന്ധമാക്കിയിട്ടുണ്ട്. ഓരോ ക്ലാസിലും 15 വിദ്യാർത്ഥികൾ മാത്രമാണുള്ളത്. 

ജൂൺ 15 മുതൽ 9,10,12 ക്ലാസുകൾ ആരംഭിക്കാനുള്ള വിവിധ മാർ​ഗനിർദേശങ്ങൾ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ചിരുന്നു. സ്കൂളുകൾ തുറക്കുന്ന കാര്യം മാനേജ്മെന്റ് കമ്മിറ്റികളും പ്രാദേശികഭരണകൂടവും സംയുക്തമായി തീരുമാനിക്കണമെന്നാണ് വിദ്യാഭ്യാസവകുപ്പ് മാർഗനിർദേശങ്ങളിൽ നിർദ്ദേശിച്ചത്. അതേ സമയം ജൂലൈ 31 വരെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കരുതെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശം. ഇത് ലംഘിച്ചാണ് സ്കൂൾ പ്രവർത്തനമാരംഭിച്ചിട്ടുള്ളത്. 

മാധേലി  ഗ്രാമത്തിൽ 9, 10, 11 ക്ലാസുകൾ മാത്രമാണ് തുടങ്ങിയത്. ദിവസേന അഞ്ച് പീ​രിയഡായി വിഭജിച്ച് മൂന്ന് മണിക്കൂറാണ് ക്ലാസ്. ഉച്ചഭക്ഷണം കഴിക്കാൻ ഒരോരുത്തരെ വീതമായിരിക്കും പുറത്തു വിടുന്നത്. ആദ്യദിവസം 50 ശതമാനം മാത്രമായിരുന്നു ഹാജരെങ്കിലും അടുത്ത ദിവസങ്ങളിൽ ഇത് 85 ശതമാനമായി ഉയർന്നു. ഹാജർ നിർബന്ധമാക്കിയിട്ടില്ല. എന്നാൽ വരുംദിവസങ്ങളിൽ എല്ലാ കുട്ടികളും സ്കൂളിലെത്താൻ നിർദേശം നൽകിയിട്ടുണ്ട്. മാതാപിതാക്കൾക്ക് സ്കൂൾ കോമ്പൗണ്ടിൽ പ്രവേശനം അനുവദിച്ചിട്ടില്ല. വിദ്യാർഥികൾക്ക് സാനിറ്റൈസറുകൾ നൽകുന്നുണ്ട്.

മറ്റു ക്ലാസുകളിലെ വിദ്യാർഥികൾക്കായി സാമൂഹിക അകലം പാലിച്ച് തുറന്ന സ്ഥലങ്ങളിൽ ക്ലാസുകളെടുക്കുന്ന രീതി ആരംഭിക്കാനാണ് നീക്കം. അതായത് ഓരോ വിദ്യാർത്ഥികളുടെ വീടുകളിലെത്തി അധ്യാപകർ ക്ലാസെടുക്കും. ജൂലായ് ഏഴ് മുതൽ ഇത്തരത്തിൽ അധ്യാപകരെ ​ഗ്രാമങ്ങളിലേക്ക് അയച്ചിട്ടുണ്ട്. 100 ശതമാനം വിദ്യാർത്ഥികളും ക്ലാസിൽ എത്തിച്ചേർന്നിരുന്നു. ബോറി, ഗൽക്ക, വഡ്ഗാവ്, പാവ്നി ജില്ലകളിൽ എട്ട് വരെയുള്ള വിദ്യാർഥികൾക്കായി തുറന്ന ക്ലാസുകളും ആരംഭിച്ചു. 

പ്രധാന അധ്യാപകനായ ഭോയർ പറഞ്ഞു. ജില്ലാ കളക്ടർമാർക്കും വിദ്യാഭ്യാസ ഉദ്യോഗസ്ഥർക്കും ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ്  കൈമാറിയിട്ടില്ല. കേന്ദ്രസർക്കാരിന്റെയും സംസ്ഥാന സർക്കാരിന്റെയും ഉത്തരവുകൾ പരസ്പര വിരുദ്ധമായതിനാൽ പ്രാദേശിക ഭരണകൂടങ്ങൾക്ക് തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം അനുവദിച്ചതായി വിദ്യാഭ്യാസ വകുപ്പിലെ ഉന്നതോദ്യോഗസ്ഥൻ അറിയിച്ചു.

 

Follow Us:
Download App:
  • android
  • ios