തിരുവനന്തപുരം: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഈ വര്‍ഷം നിലവിലുള്ള ഫീസില്‍ ഇരുപത്തഞ്ച് ശതമാനം ഇളവ് അനുവദിക്കണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ഉത്തരവിട്ടു. പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പുറമെ സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. സ്‌കൂളുകള്‍ക്കും ഉത്തരവ് ബാധകമായിരിക്കുമെന്ന് ചെയര്‍മാന്‍ കെ.വി മനോജ്കുമാര്‍, അംഗങ്ങളായ കെ. നസീര്‍, സി. വിജയകുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട ഫുള്‍ബഞ്ച് വ്യക്തമാക്കി. 

ജൂണ്‍, ജൂലൈ മാസങ്ങള്‍ ഒഴികെ സ്‌കൂള്‍ 500 രൂപ ഇളവ് നല്‍കിയെങ്കിലും ഫീസ് അടയ്ക്കാത്ത കുട്ടികളെ ഓണ്‍ലൈന്‍ പഠനത്തില്‍നിന്ന് ഒഴിവാക്കിയെന്നായിരുന്നു ആക്ഷേപം. മഞ്ചേരി എ.സി.ഇ. പബ്ലിക് സ്‌കൂള്‍ രക്ഷിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ നടപടി സ്വീകരിച്ചത്. സമൂഹത്തിലെ എല്ലാ വിഭാഗവും കോവിഡിനെത്തുടര്‍ന്നുള്ള പ്രത്യേക സാഹചര്യം നേരിടുമ്പോള്‍ ഫീസ് ഇളവ് അനുവദിക്കാനാവില്ലെന്ന സ്‌കൂള്‍ മാനേജ്‌മെന്റിന്റെ വാദം സ്വീകരിക്കാനാവില്ലെന്ന് കമ്മീഷന്‍ നിരീക്ഷിച്ചു.