ഏതു പ്രതിസന്ധിയെയും ഉറച്ച മനഃസാന്നിധ്യത്തോടെ തരണം ചെയ്യാനുള്ള പരിശീലനമാണ് കേഡറ്റുകള്‍ക്ക് നല്‍കുന്നത്. അടിയന്തരഘട്ടങ്ങളില്‍ പൊതുജനങ്ങള്‍ക്ക് സേവനം എത്തിക്കുന്നതിന് സ്റ്റുഡന്‍റ് പോലീസ് കേഡറ്റുകള്‍ എന്നും മുന്‍നിരയില്‍ തന്നെയാണുള്ളത്. 

തിരുവനന്തപുരം: സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതി 165 സ്കൂളുകളിലേക്ക് കൂടി വ്യാപിപ്പിക്കാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇതോടെ ഈ പദ്ധതി നടപ്പിലാക്കുന്ന സ്കൂളുകളുടെ എണ്ണം 968 ആകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഏതു പ്രതിസന്ധിയെയും ഉറച്ച മനഃസാന്നിധ്യത്തോടെ തരണം ചെയ്യാനുള്ള പരിശീലനമാണ് കേഡറ്റുകള്‍ക്ക് നല്‍കുന്നത്. അടിയന്തരഘട്ടങ്ങളില്‍ പൊതുജനങ്ങള്‍ക്ക് സേവനം എത്തിക്കുന്നതിന് സ്റ്റുഡന്‍റ് പോലീസ് കേഡറ്റുകള്‍ എന്നും മുന്‍നിരയില്‍ തന്നെയാണുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

''കേരളാ പോലീസിൻ്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന, രാജ്യം തന്നെ മാതൃകയാക്കിയ സ്റ്റുഡന്‍റ് പോലീസ് കേഡറ്റ് പദ്ധതി 165 വിദ്യാലയങ്ങളിലേക്കു കൂടി വ്യാപിപ്പിക്കുന്ന ഇതോടെ സംസ്ഥാനത്തെ 968 സ്കൂളുകളില്‍ സ്റ്റുഡന്‍റ് പോലീസ് കേഡറ്റ് സംവിധാനം നിലവിലുണ്ടാകും. 2010-ല്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ 100 സ്കൂളുകളില്‍ ആരംഭിച്ച പദ്ധതിയാണ് ഇന്ന് ഏകദേശം ആയിരം സ്കൂളുകളില്‍ എത്തിനില്‍ക്കുന്നത് എന്നത് അഭിമാനകരമാണ്. സമീപഭാവിയില്‍ തന്നെ 1,000 സ്കൂളുകളിലേക്ക് ഈ പദ്ധതി വ്യാപിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.

നിലവില്‍ 63,500 കുട്ടികളാണ് സ്റ്റുഡന്‍റ് പോലീസ് കേഡറ്റുകളായുള്ളത്. 165 സ്കൂളുകളില്‍ കൂടി സ്റ്റുഡന്‍റ് പോലീസ് കേഡറ്റ് സംവിധാനം ഇന്ന് നിലവില്‍ വരുന്നതോടെ 7,216 കുട്ടികള്‍കൂടി ഇതിന്‍റെ ഭാഗമായിത്തീരും. ഇവര്‍ക്ക് ബോധവല്‍ക്കരണം മാത്രമല്ല; കായികപരിശീലനവും, ഫീല്‍ഡ് വിസിറ്റും, ക്യാമ്പും, നേതൃത്വപരിശീലനവുമൊക്കെ നല്‍കുന്നുണ്ട്. ഏതു പ്രതിസന്ധിയെയും ഉറച്ച മനഃസാന്നിധ്യത്തോടെ തരണം ചെയ്യാനുള്ള പരിശീലനമാണ് കേഡറ്റുകള്‍ക്ക് നല്‍കുന്നത്. അടിയന്തരഘട്ടങ്ങളില്‍ പൊതുജനങ്ങള്‍ക്ക് സേവനം എത്തിക്കുന്നതിന് സ്റ്റുഡന്‍റ് പോലീസ് കേഡറ്റുകള്‍ എന്നും മുന്‍നിരയില്‍ തന്നെയാണുള്ളത്. ഈ പദ്ധതി രാജ്യവ്യാപകമായി നടപ്പാക്കാന്‍ 2018-ല്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത് കേരളത്തിനാകെ അഭിമാനം പകരുന്ന വസ്തുതയാണ്.''

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona