ഭാവിയിൽ കരിയർ സാധ്യത ഏറ്റവും കൂടുതൽ ഉള്ളത് ഈ രണ്ട് മേഖലകൾക്കാണെന്ന് നിസംശയം പറയാം
ഇന്ന് ആഗോളതലത്തിൽ കരിയർ അവസരങ്ങൾ കൂടുതൽ നൽകുന്ന, അതി വേഗത്തിൽ വളർന്നുകൊണ്ടിരിക്കുന്ന മേഖലകളാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഡാറ്റ സയൻസും. സാങ്കേതിക വിദ്യയും നൂതന ആശയങ്ങളും സമന്വയിപ്പിച്ചിട്ടുള്ള ഭാവി രൂപപ്പെടുത്തുന്നതിൽ ഈ രണ്ട് മേഖലകളും വഹിക്കുന്ന പങ്ക് വലുതാണ്. ഭാവിയിൽ കരിയർ സാധ്യത ഏറ്റവും കൂടുതൽ ഉള്ളത് ഈ രണ്ട് മേഖലകൾക്കാണെന്ന് നിസംശയം പറയാം. ഈ രണ്ട് കോഴ്സുകളും പഠിച്ചിറങ്ങുന്നവർ ഐടി, സോഫ്റ്റ് വെയർ മേഖലകളിലേക്ക് ചുവടുവെക്കാനാകുന്ന അതിവിദഗ്ധരായ പ്രൊഫഷണലുകളായിരിക്കും. ഈ മേഖലകളിൽ പരിശീലനം ലഭിക്കുന്ന വിദ്യാർത്ഥികൾക്ക് റിസർച്ച്, ഡെവലപ്മെന്റ്, അതിനൂതന സാങ്കേതിക വിദ്യ എന്നീ മേഖലകളിലെ ജോലികൾ ചെയ്യുന്നതിന് പ്രാപ്തരായിരിക്കും.
എഐ, ഡാറ്റ സയൻസ് എന്നീ മേഖലകളിലുള്ള കരിയർ സാധ്യതകൾ വളരെ വലുതാണ്. ഉന്നത വിദ്യാഭ്യാസ അനലിറ്റിക്സ് സ്ഥാപനമായ ക്വാക്വാറെല്ലി സൈമണ്ട്സ് റാങ്ക് ചെയ്തിട്ടുള്ളതിൽ ഏഷ്യയിൽ ആർട്ടിഫിഷ്യൽ ഇൻലിജൻസ്, ഡാറ്റ സയൻസ് എന്നീ വിഷയങ്ങളിൽ ഏറ്റവും മുൻപന്തിയിലുള്ള കോളേജ് സിംഗപ്പൂരിലെ നൻയാങ് ടെക്നോളജിക്കൽ യൂണിവേഴ്സിറ്റയാണ്. ക്യൂ.എസ് റാങ്കിങ് പ്രകാരം ഈ രണ്ടു വിഷയങ്ങളിൽ ഉപരി പഠനം നടത്താനായി ഇന്ത്യയിലും കോളേജുകളുണ്ട്.
1. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, ബാംഗ്ലൂർ
2. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ബോംബെ
3. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ദില്ലി
4. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാൻപൂർ
5. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ഖരഗ്പൂർ
6. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, മദ്രാസ്
7. വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, വെല്ലൂർ
ആർട്ടിഫിഷ്യൽ ഇൻലിജൻസ് & ഡാറ്റ സയൻസ് പഠിക്കാനുള്ള വിദേശ യൂണിവേഴ്സിറ്റികൾ
1. മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി
2. കാർണഗി മെലോൺ യൂണിവേഴ്സിറ്റി
3. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി
4. കാലിഫോർണിയ യൂണിവേഴ്സിറ്റി, ബർക്കലെ
5. നൻയാങ് ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി, സിംഗപ്പൂർ
എഐ എൻജിനീയർ, മെഷീൻ ലേണിങ് എൻജിനീയർ, ഡാറ്റ സയന്റിസ്റ്റ്, എഐ റിസർച്ച് സയന്റിസ്റ്റ്, എഐ കൺസൽട്ടന്റ് തുടങ്ങിയവയാണ് ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ് കോഴ്സുകൾ പഠിക്കുന്നതിലൂടെ നേടാനാകുന്ന ജോലികൾ. ഡാറ്റ അനലിസ്റ്റ്, ഡാറ്റ സയന്റിസ്റ്റ്, മെഷീൻ ലേണിങ് എൻജിനീയർ, ഡാറ്റ എൻജിനീയർ തുടങ്ങി വിവിധ കരിയർ സാധ്യതകളാണ് ഡാറ്റ സയൻസ് കോഴ്സ് പഠിക്കുന്നതിലൂടെ കാത്തിരിക്കുന്നത്. ഹെൽത്ത് കെയർ, ഫിനാൻസ്, മാനുഫാക്ച്വറിങ് തുടങ്ങി വിവിധ മേഖലകളിലും ജോലി നേടാനാകും. ഉയർന്ന നിലവാരത്തിലുള്ള കരിയർ സ്വപ്നം കാണുന്നവർക്ക് ഈ കോഴ്സുകൾ മികച്ച ഓപ്ഷനായിരിക്കും.
