കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഓൺലൈൻ പ്ലാറ്റ്ഫോമായ `സ്വയം' (swayam.gov.in) ആണ് മൂക് പഠനത്തിനുള്ള ഏകജാലകം

തിരുവനന്തപുരം: ബിരുദ പ്രോ​ഗ്രാമുകൾ നാല് വർഷമാക്കിയതോടെ മൂക് കോഴ്സുകളുടെ സാധ്യത വർധിച്ചിരിക്കുകയാണ്. വിദ്യാർത്ഥികളും രക്ഷിതാക്കളും ഇപ്പോൾ ഒരുപോലെ അന്വേഷിക്കുന്നത് മാസീവ് ഓപൺ ഓൺലൈൻ കോഴ്സായ മൂകിനെ പറ്റിയാണ്. വിദ്യാർത്ഥികൾക്ക് വിർച്വൽ ആയി ഡി​ഗ്രിയോടൊപ്പം തന്നെ മറ്റ് കോഴ്സുകളും മൂക് വഴി പഠിക്കാൻ കഴിയും. ഇതിനായി ലോകമെമ്പാടുമുള്ള സർവ്വകലാശാലകളാണ് അവരുടെ വിർച്വൽ വാതിലുകൾ വിദ്യാർത്ഥികൾക്കായി തുറന്നിടുന്നത്. 

എന്താണ് മൂക്?

മൂക് എന്നാൽ മാസീവ് ഓപൺ ഓൺലൈൻ കോഴ്സ് എന്നാണർത്ഥം. ഒരു കോഴ്സ് ലക്ഷക്കണക്കിന് വരുന്ന വിദ്യാർത്ഥികൾക്ക് ഒരേ സമയം പഠിക്കാനാകും. വിദ്യാർത്ഥികളുടെ എണ്ണമോ പ്രായമോ ഇവിടെ പ്രശ്നമില്ല. ആർക്കും ഓൺലൈനായി കോഴ്സ് പഠിക്കാം. ഇന്റർനെറ്റ് സൗകര്യം ഇതിന് ആവശ്യമാണ്. വിദ്യാർത്ഥികൾക്ക് ഡി​ഗ്രി പഠിക്കുന്നതിനോടൊപ്പം തന്നെ മൂക് കോഴ്സും പഠിക്കാം. കൂടാതെ ജോലിക്കായി തയാറെടുക്കുന്നവർക്കും റ​ഗുലറായി കോളേജുകളിൽ പോയി പഠിക്കാൻ അവസരം ലഭിക്കാത്തവർക്കും മൂക് മികച്ചൊരു ഓപ്ഷനാണ്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഓൺലൈൻ പ്ലാറ്റ്ഫോമായ `സ്വയം' (swayam.gov.in) ആണ് മൂക് പഠനത്തിനുള്ള ഏകജാലകം. 2022ലെ കണക്കുകൾ പ്രകാരം ലൊകമെമ്പാടുമുള്ള 950 സർവ്വകലാശാലകളിൽ നിന്നുള്ള 19,000ൽ പരം കോഴ്സുകൾ മൂക്സിലുണ്ട്. 

ഡി​ഗ്രിക്കൊപ്പം എങ്ങനെ?

ബിരുദ പ്രോ​ഗ്രാമിലെ ഓരോ സെമസ്റ്ററിലും ഒരു മൂക് കോഴ്സ് വെച്ച് പഠിക്കാം. പഠിക്കുന്ന വിഷയങ്ങളുമായി ബന്ധപ്പെട്ട കോഴ്സുകളോ അല്ലെങ്കിൽ പഠിക്കുന്ന വിഷയമല്ലാതെ താൽപര്യമുള്ള മറ്റ് വിഷയങ്ങളോ പഠിക്കാം. ലോകോത്തര സർവ്വകലാശാലകളിലേത് പോലെ ഇന്ത്യയിൽ നിന്നുള്ള ഐഐഎം, ഐഐടി, ഐഐഎസ് സി പോലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള കോഴ്സുകളും ഇവിടെയുണ്ട്. ഓരോ സെമസ്റ്ററും ആരംഭിക്കും മുൻപ് കോളേജുകളിൽ കോഴ്സുകൾ പ്രസിദ്ധീകരിക്കും. ഒരു മാസമാണ് എൻറോൾമെന്റ് പിരിയഡ്. ഓരോ കോഴ്സിനും ക്രെഡിറ്റ് ഉണ്ടാകും. കോഴ്സിന്റെ ദൈർഘ്യം കൂടി കണക്കിലെടുത്ത് വേണം കോഴ്സ് തിരഞ്ഞെടുക്കേണ്ടത്. 

read more: സിബിഎസ്ഇ പരീക്ഷ ഫലം മെയ് അവസാനത്തിലോ? ആശങ്കയിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും

ഇതൊക്കെയാണ് ​ഗുണങ്ങൾ

ബിരുദ പ്രോ​ഗ്രാമിനൊപ്പം മൂക് കോഴ്സ് കൂടി ചെയ്യുമ്പോൾ ലഭിക്കുന്ന ക്രഡിറ്റുകൾ വിദ്യാർത്ഥികളുടെ അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റിൽ ചേർക്കപ്പെടും. എല്ലാ സെമസ്റ്ററിലും സൗജന്യമായിട്ടായിരിക്കും പഠനം. പരീക്ഷയ്ക്ക് മാത്രം ചെറിയൊരു ഫീസ് നൽകണം. റെക്കോർഡഡ് ആയിട്ടുള്ള വീഡിയോ ക്ലാസുകളും ഓൺലൈൻ അസൈൻമെന്റുകളും ക്വിസും ഫൈനൽ പരീക്ഷയും ഉൾപ്പെട്ടതാണ് മൂക് കോഴ്സുകൾ. പ്രയാസമേറിയ ഭാ​ഗങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കുന്നതിനായി ​ഗ്രാഫിക്സുകളും അനിമേഷനുകളും ഉപയോ​ഗിച്ചാണ് പഠന സൗകര്യം ഒരുക്കിയിട്ടുള്ളത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം