Asianet News MalayalamAsianet News Malayalam

ജീവനക്കാരെ വേണോ, എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ രജിസ്റ്റർ ചെയ്യാം

രജിസ്റ്റർ ചെയ്യുന്ന സ്വകാര്യ-പൊതുമേഖല സ്ഥാപനങ്ങൾക്ക് ആവശ്യമായ ജീവനക്കാരുടെ എണ്ണവും യോഗ്യതയടക്കമുള്ള വിവരങ്ങൾ ഓൺലൈനായി നൽകാം. 

to get employees can register employment exchange
Author
Trivandrum, First Published Oct 7, 2020, 9:07 AM IST

തിരുവനന്തപുരം: വ്യവസായികൾക്കും ബിസിനസുകാർക്കും ഇനി ജീവനക്കാരെയും തൊഴിലാളികളെയും തേടി അലയേണ്ട. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ രജിസ്റ്റർ ചെയ്താൽ ആവശ്യമായ യോഗ്യതയുള്ള ഉദ്യോഗാർത്ഥികളെ ലഭിക്കും. സർക്കാരിന്റെ 100 ദിന കർമ്മ പദ്ധതിയുടെ ഭാഗമായാണ് ഇ- എംപ്ലോയ്‌മെന്റ് എക്‌സേഞ്ച് സംവിധാനത്തിൽ തൊഴിൽദാതാക്കൾക്കായി ഓൺലൈൻ രജിസ്‌ട്രേഷൻ സംവിധാനം ഒരുങ്ങുന്നത്. രജിസ്റ്റർ ചെയ്യുന്ന സ്വകാര്യ-പൊതുമേഖല സ്ഥാപനങ്ങൾക്ക് ആവശ്യമായ ജീവനക്കാരുടെ എണ്ണവും യോഗ്യതയടക്കമുള്ള വിവരങ്ങൾ ഓൺലൈനായി നൽകാം. 

ആവശ്യങ്ങൾ ഓൺലൈനായി ക്രോഡീകരിച്ച് ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ ലഭ്യമാക്കും. തുടർന്ന് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് മുൻഗണനാക്രമത്തിൽ നിർദ്ദിഷ്ട യോഗ്യതയുള്ളവരുടെ വിവരങ്ങൾ ശേഖരിക്കും. അവരുടെ യോഗ്യത സർട്ടിഫിക്കറ്റുകളടക്കമുള്ളവ പരിശോധിച്ച് ഉറപ്പുവരുത്തി തിരഞ്ഞെടുക്കുന്നരുടെ ലിസ്റ്റ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകൾ തൊഴിൽ സ്ഥാപനങ്ങൾക്ക് കൈമാറും. 

ലിസ്റ്റിൽ നിന്ന് ആവശ്യമുള്ളവരെ സ്ഥാപനങ്ങൾക്ക് തിരഞ്ഞെടുക്കാം. പുതിയ സംവിധാനം നിലവിൽ വരുന്നതോടെ  ജീവനക്കാരുടെ റിക്രൂട്ട്മെന്റിന് സ്ഥാപനങ്ങൾ നേരിടുന്ന കാലതാമസവും ചെലവും  കുറയ്ക്കാൻ കഴിയും.  ഉദ്യോഗാർത്ഥികൾക്ക് സ്വകാര്യ മേഖലയിലും പുതിയ അവസരം തുറക്കുകയും ചെയ്യും.

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളുടെ കമ്പ്യൂട്ടർവത്കരണത്തിന്റെ രണ്ടാംഘട്ടത്തിലാണ് പുതിയ സംവിധാനം വരുന്നത്. ഇതോടെ ഒഴിവുകളിൽ കാലതാമസം കൂടാതെ കൃത്യതയോടെ ഉദ്യോഗാർത്ഥികളെ നാമനിർദ്ദേശം ചെയ്യാൻ സാധിക്കും. ഇ-എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ഒന്നാംഘട്ടം നിലവിൽ വന്നതോടെ സേവനങ്ങൾ ഓൺലൈനായിരുന്നു. നിലവിൽ ഉദ്യോഗാർത്ഥികൾ രജിസ്‌ട്രേഷൻ, സർട്ടിഫിക്കറ്റ് ചേർക്കൽ, പുതുക്കൽ തുടങ്ങിയവ ഓൺലൈനിലാണ് ചെയ്യുന്നത്.

Follow Us:
Download App:
  • android
  • ios