നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) യുജിസി നെറ്റ് 2026 പരീക്ഷയുടെ ഫൈനൽ ആൻസർ കീ പ്രസിദ്ധീകരിച്ചു. 84 വിഷയങ്ങളുടെ ആൻസർ കീ ugcnet.nta.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്. ഈ ആൻസർ കീയുടെ അടിസ്ഥാനത്തിലായിരിക്കും അന്തിമ മൂല്യനിർണ്ണയം നടത്തുക.

ന്യൂഡൽഹി: നാഷണൽ ടെസ്റ്റിംഗ് ഏജൻസി യുജിസി നെറ്റ് 2026 പരീക്ഷയുടെ ഫൈനൽ ആൻസർ കീ പ്രസിദ്ധീകരിച്ചു. 84 വിഷയങ്ങളുടെ ഫൈനൽ ആൻസർ കീയാണ് ഔദ്യോഗിക വെബ്‌സൈറ്റായ ugcnet.nta.nic.in വഴി പരിശോധിക്കാൻ ലഭ്യമാക്കിയിട്ടുള്ളത്. പരീക്ഷയെഴുതിയ ഉദ്യോഗാർത്ഥികൾക്ക് ഈ ആൻസർ കീ ഉപയോഗിച്ച് ഉത്തരങ്ങൾ ഒത്തുനോക്കാനും പ്രതീക്ഷിക്കുന്ന സ്കോറുകൾ കണക്കാക്കാനും സാധിക്കും.

മുമ്പ് നൽകിയ പ്രൊവിഷണൽ ആൻസർ കീകൾക്ക് എതിരായി ഉദ്യോഗാർത്ഥികൾ നൽകിയ എതിർപ്പുകളും പരാതികളും പരിശോധിച്ച ശേഷമാണ് എൻടിഎ ഈ ഫൈനൽ ആൻസർ കീ തയ്യാറാക്കിയത്. ഈ ഫൈനൽ ആൻസർ കീയുടെ അടിസ്ഥാനത്തിലായിരിക്കും മൂല്യനിർണ്ണയ പ്രക്രിയകൾ നടക്കുക. ഔദ്യോഗിക ഫലവും സ്കോർകാർഡും വരുന്നത് വരെ ഉദ്യോഗാർത്ഥികൾ കാത്തിരിക്കേണ്ടതുണ്ട്. ജൂനിയർ റിസർച്ച് ഫെലോഷിപ്പ് (JRF), അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്കുള്ള യോഗ്യത, പിഎച്ച്ഡി (PhD) അഡ്മിഷൻ എന്നിവ നിർണ്ണയിക്കുന്നതിനാണ് എൻടിഎ യുജിസി നെറ്റ് പരീക്ഷ നടത്തുന്നത്.

ജൂൺ 22 മുതൽ 30 വരെ 87 വിഷയങ്ങളിലായി നടന്ന യുജിസി നെറ്റ് പരീക്ഷയിൽ ഇംഗ്ലീഷ്, കൊമേഴ്സ്, സോഷ്യോളജി ചോദ്യപ്പേപ്പറുകളിൽ പിഴവുകൾ ഉയർന്നുവന്നിരുന്നു. എൻടിഎ സമിതി നടത്തിയ പരിശോധനയിൽ വസ്തുതാപരമായ തെറ്റുകളും അച്ചടി-പരിഭാഷാ പിഴവുകളും കണ്ടെത്തിയതിനെ തുടർന്ന് ഈ മൂന്ന് വിഷയങ്ങളുടെ പരീക്ഷകൾ റദ്ദാക്കുകയും വീണ്ടും നടത്താൻ തീരുമാനിക്കുകയും ചെയ്തു. എന്നാൽ ബാക്കിയുള്ള 84 വിഷയങ്ങളെ ഈ പ്രശ്നം ബാധിച്ചിരുന്നില്ല.