Asianet News MalayalamAsianet News Malayalam

കേരളത്തിലെ സർവകലാശാലകളെ ഭാവികാലത്തിനായി സജ്ജമാക്കണം: ഗവർണർ

കേരളത്തിൽനിന്നു മിടുക്കരായ വിദ്യാർഥികൾ ഉപരിപഠനത്തിനായി പുറത്തുള്ള സർവകലാശാലകളിലേക്കും സ്ഥാപനങ്ങളിലേക്കും വൻതോതിൽ കുടിയേറുന്ന സ്ഥിതിക്കു മാറ്റമുണ്ടാക്കണമെന്നു ഗവർണർ പറഞ്ഞു.

Universities  Kerala must be prepared for the future Governor
Author
Trivandrum, First Published Nov 17, 2021, 9:00 AM IST

തിരുവനന്തപുരം: അടിസ്ഥാന സൗകര്യങ്ങളും ഗുണനിലവാരവും സേവനവും മെച്ചപ്പെടുത്തി ഭാവികാലത്തിനു പര്യാപ്തമാകുംവിധം സംസ്ഥാനത്തെ സർവകലാശാലകളെ (universities in kerala) സജ്ജമാക്കണമെന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ (governor Arif Mohammad Khan). പൊതുവിദ്യാഭ്യാസ മേഖലയിലേതുപോലെ കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖലയും (higher education sector kerala) മെച്ചപ്പെടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്ഭവനിൽ ചാൻസലേഴ്സ് പുരസ്‌കാരദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിൽനിന്നു മിടുക്കരായ വിദ്യാർഥികൾ ഉപരിപഠനത്തിനായി പുറത്തുള്ള സർവകലാശാലകളിലേക്കും സ്ഥാപനങ്ങളിലേക്കും വൻതോതിൽ കുടിയേറുന്ന സ്ഥിതിക്കു മാറ്റമുണ്ടാക്കണമെന്നു ഗവർണർ പറഞ്ഞു. കേരളത്തിന്റെ ഭാവി സാധ്യതകൾ ഉന്നതവിദ്യാഭ്യാസ മേഖലയുടെ മുന്നോട്ടുപോക്കിനെ ആശ്രയിച്ചാണിരിക്കുന്നത്. നിലവിലുള്ള പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കപ്പെടണം. ഭൗതികവും സാഹിത്യപരവും കലാപരവും ധാർമ്മികവും നീതിശാസ്ത്രപരവുമായ പാരമ്പര്യവും സാങ്കേതിക നൈപുണ്യവും തലമുറകളിലൂടെ കൈമാറ്റം ചെയ്യുന്ന മാധ്യമമാണ് സർവകലാശാല.  ഇതു രാജ്യ പുരോഗതിക്ക് അത്യന്താപേക്ഷിതമാണ്. 

നമ്മുടെ സാംസ്‌കാരിക പൈതൃകങ്ങളുടെ ഭാഗമായ മൂല്യബോധം പ്രദാനം ചെയ്യുക എന്നത് സർവകലാശാലകളുടെ ഒരു പ്രധാന ധർമമാണ്. കോവിഡിനു ശേഷം ഓൺലൈൻ - ഡിജിറ്റലി എനേബിൾഡ് വിദ്യാഭ്യാസ രീതിയിലൂടെ പഠനവും അധ്യാപനവും സമന്വയിപ്പിക്കാൻ കേരളത്തിനു കഴിഞ്ഞിട്ടുണ്ട്. എല്ലാവർക്കും ഇന്റർനെറ്റ് എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്ക് പൂർത്തിയാകുന്നതോടെ വിദ്യാഭ്യാസ രംഗത്തെ സാങ്കേതികവിദ്യയുടെ പ്രയോഗത്തിൽ ഉത്തേജനമുണ്ടാക്കാനാകും. സർവകലാശാലാ പഠന വിഭാഗങ്ങളിൽ ഓൺലൈൻ എക്സാമിനേഷൻ സംവിധാനം രൂപപ്പെടുത്താൻ കഴിയണം. ഫലപ്രാപ്തി വിദ്യാഭ്യാസത്തിനനുസൃതമായി ഓൺലൈൻ ക്ലാസുകൾ നടത്തുന്നതിനാവശ്യമായ അധ്യാപക പരിശീലനം നൽകേണ്ടതുണ്ടെന്ന് ഗവർണർ പറഞ്ഞു.

സർവകലാശാലകൾ ഉന്നത വിദ്യാഭ്യാസ രംഗത്ത് സാമൂഹ്യ നീതിയും ഗുണമേ•യും ഉറപ്പാക്കണമെന്ന് ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തിയ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു അഭിപ്രായപ്പെട്ടു. ഉന്നത വിദ്യാഭ്യാസ രംഗത്തെ ശാക്തീകരണമാണ് ഈ സർക്കാരിന്റെ പ്രധാന ഉദ്ദേശലക്ഷ്യങ്ങളിലൊന്നെന്നും മന്ത്രി പറഞ്ഞു. 2019, 2020 വർഷങ്ങളിൽ മൾട്ടിഡിസിപ്ലിനറി, സ്പെഷ്യലൈസ്ഡ്, എമർജിങ്ങ് യംങ് സർവകലാശാല എന്നി വിഭാഗങ്ങളിൽ തെരഞ്ഞെടുക്കപ്പെട്ട സർവകലാശാലകൾക്കാണ് അവാർഡുകൾ നൽകിയത്.

2019 ലെ മികച്ച സർവകലാശാലയ്ക്കുള്ള ചാൻസിലേഴ്സ് അവാർഡ് കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാലയും, എമർജിങ്ങ് യംങ് സർവകലാശാലയ്ക്കുള്ള അവാർഡ് കേരള വെറ്ററിനറി സർവകലാശാലയും ഏറ്റുവാങ്ങി. 2020 ലെ മികച്ച സർവകലാശാലയ്ക്കുള്ള അവാർഡ് കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാലയും മഹാത്മഗാന്ധി സർവകലാശാലയും പങ്കിട്ടു. സ്പെഷ്യലൈസ്ഡ് വിഭാഗത്തിൽ കേരള കാർഷിക സർവകലാശാലയാണ് അവാർഡ് നേടിയത്.  ഭാരത് രത്ന പ്രൊഫ. സി.എൻ.ആർ.റാവുവിന്റെ നേതൃത്വത്തിലുള്ള ഒമ്പതംഗ കമ്മിറ്റിയാണ് അവാർഡ് ജേതാക്കളെ തെരഞ്ഞെടുക്കുന്നതിനുള്ള ശുപാർശ ഗവർണർക്ക് സമർപ്പിച്ചത്. പ്രശസ്തി പത്രവും ട്രോഫിയും ഉൾപ്പെടെ മികച്ച സർവകലാശാലയ്ക്ക് അഞ്ചു കോടി രൂപയും, സ്‌പെഷ്യലൈസ്ഡ് സർവകലാശാലയ്ക്ക് ഒരു കോടി രൂപയും അടങ്ങുന്നതാണ് അവാർഡ്.
 

Follow Us:
Download App:
  • android
  • ios