Asianet News MalayalamAsianet News Malayalam

കോസ്റ്റ് ​ഗാർഡ് തസ്തികയിൽ പത്താം ക്ലാസുകാർക്ക് അവസരമുണ്ട്; അപേക്ഷ നവംബർ 30 മുതൽ

എഴുത്തുപരീക്ഷ, ശാരീരികക്ഷമതപരീക്ഷ, മെഡിക്കല്‍ പരിശോധന എന്നിവയുണ്ടാവും. 2021 ജനുവരിയിൽ കൊച്ചിയിലായിരിക്കും പരീക്ഷാകേന്ദ്രം.

vacancies in coast guard posts
Author
Delhi, First Published Nov 20, 2020, 12:03 PM IST

കൊച്ചി: കോസ്റ്റ്ഗാര്‍ഡ് നാവിക് തസ്തികയില്‍ 50 ഒഴിവിലേക്ക് പുരുഷന്മാര്‍ക്ക് അവസരം. ഡൊമസ്റ്റിക്ക് ബ്രാഞ്ച് പത്താമത്തെ എന്‍ട്രി-01/2021 ബാച്ചിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കുക്ക്, സ്റ്റുവാര്‍ഡ് എന്നീ വിഭാഗങ്ങളിലേക്ക് നവംബര്‍ 30 മുതല്‍ അപേക്ഷിക്കാം. 
ഭിന്നശേഷിക്കാര്‍ക്ക് അപേക്ഷിക്കാന്‍ അര്‍ഹതയില്ല.

50 ശതമാനം മാര്‍ക്കോടെ പത്താം ക്ലാസ് പാസായിരിക്കണം. ദേശീയ വിഭാഗത്തില്‍ അംഗീകാരം ലഭിച്ച കായികതാരങ്ങള്‍ക്കും എസ്.സി./എസ്.ടി. വിഭാഗത്തിനും  അഞ്ചുശതമാനം മാര്‍ക്കിളവുണ്ട്. 01/04/1999-നും 31/03/2003 നുമിടയില്‍ ജനിച്ചവരായിരിക്കണം. പിന്നാക്ക വിഭാഗക്കാര്‍ക്ക് നിയമാനുസൃത ഇളവ്. എഴുത്തുപരീക്ഷ, ശാരീരികക്ഷമതപരീക്ഷ, മെഡിക്കല്‍ പരിശോധന എന്നിവയുണ്ടാവും. 2021 ജനുവരിയിൽ കൊച്ചിയിലായിരിക്കും പരീക്ഷാകേന്ദ്രം.

ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ്, മാത്തമാറ്റിക്‌സ്, ജനറല്‍ സയന്‍സ്, ജനറല്‍ ഇംഗ്ലീഷ്, ജനറല്‍ അവയര്‍നസ് (കറന്റ് അഫയേഴ്സ് ആന്‍ഡ് ജനറല്‍ നോളജ്), റീസണിങ് (വെര്‍ബല്‍ ആന്‍ഡ് നോ വെര്‍ബല്‍) എന്നിങ്ങനെയാണ് സിലബസ്. എഴുത്തുപരീക്ഷയില്‍ ജയിക്കുന്നവര്‍ക്കായിരിക്കും ശാരീരികക്ഷമത പരീക്ഷ. ഏഴുമിനിറ്റില്‍ 1.6 കിലോമീറ്റര്‍ ഓട്ടം, 20 സ്‌ക്വാട്ട് അപ്സ്, 10 പുഷ് അപ്. മെഡിക്കല്‍ യോഗ്യത: ഉയരം 157 സെ.മീ., മിനിമം നെഞ്ചളവ് (5 സെ.മീ. വികാസം ഉണ്ടായിരിക്കണം), പ്രായത്തിനും വയസ്സിനും അനുയോജ്യമായ ഉയരം, സാധാരണ കേള്‍വിശേഷി, വിഷ്വല്‍ സ്റ്റാന്‍ഡേഡ് 6/36. മെഡിക്കല്‍ പരിശോധനയില്‍ പങ്കെടുക്കുമ്പോള്‍ പല്ലും ചെവിയും ശുചിയായിരിക്കണം. വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനുമായി www.joinindiancoastguard.gov.in എന്ന വെബ്സൈറ്റ് കാണുക.  ഡിസംബര്‍ 7 ആണ് അവസാന തീയതി.

Follow Us:
Download App:
  • android
  • ios