വാഷിം​ഗ്ടൺ: ചീഫ് നൂഡിൽ ഓഫീസറുടെ ഒഴിവുണ്ട്. ഇങ്ങനെയൊരു ജോലിയുണ്ടോ എന്ന് ചിന്തിക്കാൻ വരട്ടെ. ഉണ്ട്. പ്രശസ്ത നൂഡിൽസ് ബ്രാൻഡ് ആയ ടോപ് രാമന്റെ മാതൃകമ്പനിയായ നിസ്സിൽ ഫുഡ്സ് ആണ് ചീഫ് നൂഡിൽസ് ഓഫീസറെ തിരയുന്നത്. ഇൻസ്റ്റ​​ഗ്രാമിലൂടൊയാണ് പരസ്യം ചെയ്തിരിക്കുന്നത്. ബ്രാന്ഡിന്റെ അമ്പതാം വാർഷികത്തോട് അനുബന്ധിച്ചാണ് ലോകത്തെ ആദ്യ ചീഫ് നൂഡിൽസ് ഓഫീസർക്കായുള്ള പരസ്യം നൽകിയിരിക്കുന്നത്. 

വെറുതെയങ്ങ് ചീഫാനാകാനൊന്നും സാധിക്കില്ല. നല്ലൊന്നാന്തരമായി നൂഡിൽസ് ഉണ്ടാക്കാനറിയുകയും വേണം. ചീഫ് ന്യൂഡിൽസ് ഓഫീസർ ആവാൻ ടോപ്-രാമെന്റെ ന്യൂഡിൽസ് ഉപയോഗിച്ച് ഒരു വെറൈറ്റി വിഭവം തയ്യാറാക്കണം. അതിന് ശേഷം #howdoyoutopramen എന്ന ഹാഷ്‌ടാഗോടെ വിഭവത്തിന്റെ ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കണം. 

തയ്യാറാക്കിയ വിഭവം കണ്ട് നിസ്സിൻ ഫുഡ്സിൽ നൂഡിൽസ് ചീഫ് ആയാൽ കമ്പനിയുടെ എല്ലാ പുത്തൻ ന്യൂഡിൽസ് ഫ്ലേവറുകളും ആദ്യം രുചിച്ച് നോക്കാനുള്ള അവസരവും നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ചുള്ള ചേരുവകൾ ചേർത്ത് ടോപ്-രാമെൻ ന്യൂഡിൽസ് ഫ്ലേവർ നിർദ്ദേശിക്കാനുള്ള അവസരവുമാണ് ഒരുങ്ങുന്നത്. ഒപ്പം പ്രതിഫലമായി ലഭിക്കുന്ന തുക എത്രയെന്നോ? 10,000 ഡോളർ, ഏകദേശം 7.3 ലക്ഷം രൂപ. എന്നാൽ അമേരിക്കൻ നിവാസികൾക്ക് മാത്രമേ ഇതിലേക്ക് അപേക്ഷ അയക്കാൻ സാധിക്കൂ എന്നത് മാത്രമാണ് ഏക പോരായ്മ.