തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ അഭിഭാഷകരുടെ വിർച്വൽ എൻ‍റോൾമെന്റ് നടത്താൻ തീരുമാനിച്ച് കേരള ബാർ‌ കൗൺസിൽ. നിയമബിരുദധാരിയായ തൃശൂർ കൂർ‌ക്കഞ്ചേരി സ്വദേശി ഹരികൃഷ്ണൻ കെ. ഹൈക്കോടതിയിൽ സമർപ്പിച്ച റിട്ട് ഹർജിയിൻ മേലാണ് വിധി വന്നിരിക്കുന്നത്. ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ നിയമ ബിരുദം പൂർത്തിയാക്കിയ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്കാണ് എൻ‍റോൾമെന്റെ് നടത്താൻ സാധിക്കാതെ വന്നിരിക്കുന്നത്.

''2019 നവംബറിൽ തിയറി എക്ലാം കഴിഞ്ഞതാണ്. ജനുവരി 20ഓടെ റിസർട്ടും എത്തിയിരുന്നു. പിന്നീട് ഏപ്രിൽ മാസത്തിലാണ് ആദ്യ എൻ‍റോൾമെന്റ് നടത്താൻ തീരുമാനിക്കുന്നത്. ആദ്യഘട്ട ലോക്ക് ഡൗൺ പ്രഖ്യാപിച്ചത് ഈ സമയത്തായിരുന്നു. അതോടെ മെയ് 19 ലേക്ക് മാറ്റി വച്ചു. പിന്നീടാണ് കൊറോണ വൈറസ് വ്യാപനം വർ​ദ്ധിക്കുകയും ലോക്ക് ഡൗൺ‌ ദീർഘിപ്പിക്കുകയും ചെയ്ത സാഹചര്യമുണ്ടായത്. എൻ‍റോൾ മെന്റ് തീയതി അനിശ്ചിതമായി തുടരുന്ന സാഹചര്യം വന്നപ്പോഴാണ് ഓൺലൈൻ എൻ‍റോൾമെന്റ് ആവശ്യവുമായി കോടതിയെ സമീപിക്കുന്നത്.'' ഹരികൃഷ്ണൻ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു.

പഠനം പൂർത്തിയാക്കിയിട്ടും കോടതിയിൽ ഹാജരാകാൻ സാധിക്കാത്ത സാഹചര്യമാണ് അഭിഭാഷകർക്കുള്ളത്. ''കേരള ബാർ കൗൺസിലിന്റെ എൻ‌‍റോൾമെന്റ് കമ്മറ്റിയാണ് തീയതി നിശ്ചയിക്കേണ്ടത്. വിധി വന്നിട്ടും ഇതുവരെ തീയതി നിശ്ചയിച്ചിട്ടില്ല. ഒരാഴ്ചയ്ക്കുള്ളിൽ തീയതി അറിയാൻ കഴിയുമെന്ന് കരുതുന്നു.'' ഹരികൃഷ്ണൻ പറഞ്ഞു. ചരിത്രത്തിലാദ്യമായിട്ടാണ് ഇത്തരം വിർച്വൽ എൻ‍റോൾമെന്റ് നടക്കുന്നതെന്നും ലോകത്ത് മറ്റൊരിടത്തും ഇങ്ങനെയൊരു എൻ‍റോൾമെന്റ് നടന്നിട്ടില്ലെന്നും ഹരികൃഷ്ണൻ വ്യക്തമാക്കുന്നു. അതേ സമയം ഓൺലൈനായി എൻ‍റോൾ ചെയ്ത് കഴിഞ്ഞാൽ പിന്നീട് ഫിസിക്കൽ എൻ‍റോൾമെന്റ് നടത്താൻ സാധിക്കില്ല. അത്തരമൊരു ആശങ്കയും അഭിഭാഷകർക്കിടയിൽ നിലനിൽക്കുന്നുണ്ട്. 

''ഒരു നിയമവിദ്യാർത്ഥിയെ സംബന്ധിച്ചിടത്തോളം എൻ‍റോൾമെന്റ് ഒരു സ്വപ്നത്തിന്റെ പൂർത്തീകരണമാണ്. വൈകാരികമായിട്ടാണ് എല്ലാവരും എൻ‍റോൾമെന്റിനെ സമീപിക്കുന്നത്. കൃത്യമായ സമയത്ത് എൻ‍റോൾമെന്റ് നടക്കാത്തത് മൂലം വളരെയധികം ബുദ്ധിമുട്ട് നേരിടുന്നുണ്ട്. നാല് സർക്കാർ ലോ കോളേജുകളും 21 പ്രൈവറ്റ് ലോ കോളേജുകളുമാണുള്ളത്. ഇവിടങ്ങളിൽ പഠനം പൂർത്തിയാക്കിയ നിരവധി പേരുമുണ്ട്. എൻ‍റോൾമെന്റ് നടക്കാത്ത സാഹചര്യത്തിൽ കോടതിയിൽ പോകാൻ സാധിക്കുന്നില്ല. എൻ‍റോൾമെന്റ് നടന്നില്ലെങ്കിൽ അഭിഭാഷകൻ എന്ന് പറയുന്നതിൽ അർത്ഥമില്ലല്ലോ?'' ഹരികൃഷ്ണൻ ചോദിക്കുന്നു.

അഡ്വക്കേറ്റ് സുജിനാണ് ഹരികൃഷ്ണന് വേണ്ടി ഹൈക്കോടതിയിൽ ഹാജരായത്. എൻ‍റോൾമെന്റ് തീയതി ഇനിയും നീളുന്ന സാഹചര്യം വന്നാൽ അക്കാര്യം ചൂണ്ടിക്കാട്ടി വീണ്ടും കോടതിയെ സമീപിക്കാനാണ് തീരുമാനമെന്നും ഹരികൃഷ്ണൻ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് വ്യക്തമാക്കി.