തിരുവനന്തപുരം: കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ വിർച്വൽ എൻ‍റോൾമെന്റ് നടത്താൻ തീരുമാനിച്ച് ബാർ കൗൺസിൽ ഓഫ് കേരള. ഈ മാസം 27നാണ് അഭിഭാഷകരുടെ വിർച്വൽ എൻ‍റോൾമെന്റ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ലോക്ക് ഡൗൺ പ്രഖ്യാപനത്തെ തുടർന്ന് ആയിരക്കണക്കിന് നിയമവിദ്യാർത്ഥികളാണ് എൻ‍റോൾമെന്റ് നടത്താനാകാതെ പ്രതിസന്ധിയിലായിരിക്കുന്നത്. ഈ വിഷയം ചൂണ്ടിക്കാണിച്ച് തൃശൂർ കൂർക്കഞ്ചേരി സ്വദേശിയും നിയമബിരുദധാരിയുമായ ഹരികൃഷ്ണൻ കെ. ഹൈക്കോടതിയിൽ റിട്ട് ഹർജി സമർപ്പിച്ചിരുന്നു. ഇതിനെ തുടർന്നാണ് ഓൺലൈനായി എൻ‍റോൾമെന്റ് നടത്താൻ കോടതി വിധി പുറപ്പെടുവിച്ചത്. 

എൻ‍റോൾമെന്റ് തീയതി അനിശ്ചിതമായി  മാറ്റി വച്ചതിനെ തുടർന്ന് നിയമവിദ്യാർത്ഥികൾക്ക് കോടതിയിൽ ഹാജരാകാൻ സാധിക്കാത്ത സാഹചര്യമാണുള്ളതെന്നും ഹരികൃഷ്ണൻ ഹർജിയിൽ വ്യക്തമാക്കിയിരുന്നു. അതേ സമയം വിർച്വൽ എൻ‍റോൾമെന്റിനെ എങ്ങനെയാകും വിദ്യാർത്ഥികൾ സ്വീകരിക്കുക എന്ന കാര്യത്തിൽ ആശങ്ക നിലനിൽക്കുന്നുണ്ടെന്നും ഹരികൃഷ്ണൻ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് സംസാരിക്കവേ പറഞ്ഞു. 

''ഓരോ നിയമവിദ്യാർത്ഥിയും വളരെ വൈകാരികമായിട്ടാണ് എൻ‍റോൾമെന്റിനെ സമീപിക്കുന്നത്. ഓൺലൈനായി എൻ‍റോൾ ചെയ്ത് കഴിഞ്ഞാൽ പിന്നീട് ഫിസിക്കൽ എൻ‍റോൾമെന്റ് സാധിക്കില്ല. അതൊരു ആശങ്കയാണ്. ഇപ്പോഴത്തെ സാഹചര്യം നോക്കുമ്പോൾ കൊവിഡ് പ്രതിസന്ധി എന്ന് തീരുമെന്ന കാര്യത്തിൽ ഒന്നും പറയാൻ സാധിക്കില്ല. എൻ‍റോൾമെന്റ് നീണ്ടുപോകുന്തോറും അത് ജോലിയെയും ഭാവിയെയും വളരെയധികം പ്രതികൂലമായി ബാധിക്കും. കാരണം എൻ‍റോൾമെന്റ് നടക്കാതെ എത്ര വർഷം ജോലി ചെയ്തു എന്ന് പറഞ്ഞാലും എക്സ്പീരിയൻസ് കണക്കാക്കുന്നത് എൻ‍റോൾമെന്റ് കഴിഞ്ഞ തീയതി മുതലാണ്. അതുകൊണ്ട് എത്രയും വേ​ഗം എൻ‍റോൾമെന്റ് നടക്കണമെന്നാണ് ആ​ഗ്രഹം.'' ഹരികൃഷ്ണൻ പറഞ്ഞു.

ഈ മാസം 16, 17, 26 എന്നീ തീയതികളിൽ ട്രയൽ എൻ‍റോൾമെന്റ് നടത്തും.

ഫിസിക്കൽ എൻ‍റോൾമെന്റിന് വേണ്ടി കാത്തിരിക്കാനും വിർച്വൽ എൻ‍റോൾമെന്റിന് സമ്മതമെങ്കിൽ അത് അറിയിക്കാനുമുള്ള ഓപ്ഷനും അഭിഭാഷകർക്ക് ബാർ കൗൺസിൽ നൽകിയിട്ടുണ്ട്. ഈ മാസം 16, 17, 26 എന്നീ തീയതികളിൽ ട്രയൽ എൻ‍റോൾമെന്റ് നടത്തും. ജൂൺ 27ന് 11 മണിക്കാണ് എൻ‍റോൾമെന്റ്. വിർച്വൽ എൻ‍റോൾമെന്റിന് സമ്മതമാണെങ്കിൽ അത് വെബ്സൈറ്റ് മുഖേന അറിയിക്കണം. 100 രൂപയുടെ മുദ്രപത്രത്തിൽ ഒപ്പിട്ട് കൊടുക്കണം. ലോകത്തിലാദ്യമായിട്ടാണ് ഇത്തരം വിർച്വൽ എൻ‍റോൾമെന്റ് നടത്താനുള്ള തീരുമാനമെന്നും മറ്റൊരിടത്തും ഇങ്ങനെയൊരു എൻ‍റോൾമെന്റ് നടന്നിട്ടില്ലെന്നും ഹരികൃഷ്ണൻ വ്യക്തമാക്കുന്നു.