Asianet News MalayalamAsianet News Malayalam

മുപ്പത് വർഷത്തിന് ശേഷം വീണ്ടും പഠിക്കാൻ തീരുമാനിച്ചു; മകനൊപ്പം പ്ലസ് ടൂ പരീക്ഷയെഴുതി അമ്മ

 2018ൽ മകൻ ദീപകിനൊപ്പമാണ് രജനി പത്താം ക്ലാസ് പരീക്ഷയെഴുതി പാസ്സായത്. ഇപ്പോഴിതാ പ്ലസ്ടൂവും. ഇനി ബിരുദത്തിന് ചേർന്ന് തുടർന്ന് 

woman writes examination along with her son
Author
Ludhiana, First Published Jul 24, 2020, 9:46 AM IST

ലുധിയാന: പതിനെട്ടാമത്തെ വയസ്സിൽ വിവാഹിതയായ സമയത്താണ് രജനി സതി എന്ന പെൺകുട്ടിക്ക് പഠനം അവസാനിപ്പിക്കേണ്ടി വന്നത്. മുപ്പത് വർഷത്തിന് ശേഷം പണ്ട് മുടങ്ങിപ്പോയ പഠനം വീണ്ടും ആരംഭിച്ച്, പരീക്ഷയിൽ മികച്ച വിജയം നേടിയിരിക്കുകയാണ് രജനി സതി. പ്ലസ് ടൂ വിദ്യാർത്ഥിയായ മകനോടൊപ്പമാണ് രജനി പരീക്ഷയെഴുതിയത്. ലുധിയാനയിലെ സിവിൽ ഹോസ്പിറ്റലിലെ അറ്റന്റൻഡ് ആണ് ഇവർ. 2018ൽ മകൻ ദീപകിനൊപ്പമാണ് രജനി പത്താം ക്ലാസ് പരീക്ഷയെഴുതി പാസ്സായത്. ഇപ്പോഴിതാ പ്ലസ്ടൂവും. ഇനി ബിരുദത്തിന് ചേർന്ന് തുടർന്ന് പഠിക്കണമെന്നാണ് ഇരുവരുടെയും ആ​ഗ്രഹം. 

ഒൻപതാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു ഇവരുടെ വിവാഹം. ലുധിയാനയിലെ ഹൈബോവാളിൽ സെന്റ് പാട്രിക് പബ്ലിക് സ്കൂളിലാണ് ഇരുവരും പഠിച്ചത്. ഹ്യുമാനിറ്റീസിന് 55.7 ശതമാനം മാർക്കാണ് രജനിക്ക് ലഭിച്ചത്. ദീപക്കിന് 72.4 ശതമാനം മാർക്കുണ്ട്. 'ഞങ്ങൾ ഒരേ വിഷയമാണ് പ്ലസ് ടൂവിന് തെരഞ്ഞെടുത്തത്. പരസ്പരം സഹായിച്ചായിരുന്നു പഠനം. ഇം​ഗ്ലീഷ്, പഞ്ചാബി, സോഷ്യോളജി എന്നീ പേപ്പറുകൾ എഴുതി. എന്നാൽ ഫിസിക്കൽ എഡ്യൂക്കേഷൻ, ഹോം സയൻസ് എന്നീ പേപ്പറുകൾ റദ്ദാക്കിയിരുന്നു. എന്നാൽ അവയുടെ പ്രാക്ടിക്കൽ പരീക്ഷ എഴുതി.' രജനി പറയുന്നു.

55 ശതമാനം മാർക്ക് നേടുക എന്നത് തന്നെ സംബന്ധിച്ച് വലിയൊരു നേട്ടമാണെന്നും രജനി കൂട്ടിച്ചേർക്കുന്നു. 'മകനോടൊപ്പം സ്കൂളിൽ പോകുന്ന കാര്യത്തിൽ ബുദ്ധിമുട്ടൊന്നും ഉണ്ടായിരുന്നില്ല. അധ്യാപകരും സുഹൃത്തുക്കളും വളരെയധികം പിന്തുണ നൽകിയിരുന്നു. ജോലിക്ക് ശേഷം സമയം കിട്ടുന്നതിന് അനുസരിച്ചാണ് സ്കൂളിൽ പോയിക്കൊണ്ടിരുന്നത്. ഏറ്റവും കൂടുതൽ പ്രോത്സാഹനവുമായി കൂടെ നിന്നത് മകനാണ്. മകന്റെ സുഹൃത്തുക്കളും വളരെയധികം സഹായിച്ചു.' രജനി പറയുന്നു. 

തന്നെ വീണ്ടും പഠിക്കാൻ പ്രേരിപ്പിച്ചതിന് ഭർത്താവ് സതിയോടും ഭർ‌തൃമാതാവിനൊടും ഒരുപാട് കടപ്പാടുണ്ട്. 'ഏകദേശം 30 വർഷത്തിന് ശേഷം പഠനം വീണ്ടും ആരംഭിക്കുക എന്നത് ചെറിയ കാര്യമല്ല. പക്ഷേ അങ്ങനെ ചെയ്യാൻ അവരാണ് എന്നെ പ്രേരിപ്പിച്ചത്. എന്റെ രണ്ട് പെൺമക്കളും ജോലിക്കാരാണ്. അവരുടെ കരിയറിൽ മികച്ച പ്രകടനം കാഴ്ച വെയ്ക്കാൻ അവർക്ക് സാധിക്കുന്നുണ്ട്. അതുകൊണ്ട് എന്റെ പഠനം പൂർത്തിയാക്കാനും ഞാൻ തീരുമാനിച്ചു.' രജനിയുടെ വാക്കുകൾ. ഭാര്യയുടെ നേട്ടത്തിൽ അഭിമാനം തോന്നുന്നുവെന്ന് രജനിയുടെ ഭർത്താവ് രാജ്കുമാറും സാക്ഷ്യപ്പെടുത്തുന്നു. 
 

Follow Us:
Download App:
  • android
  • ios