Asianet News MalayalamAsianet News Malayalam

യശോദയുടെ ലൈബ്രറിയിലുള്ളത് 5000 പുസ്തകങ്ങൾ; സൗജന്യ ​ഗ്രന്ഥശാലയൊരുക്കി എട്ടാം ക്ലാസ്സുകാരി!

അപ്പോൾ പാവപ്പെട്ടവർക്കും വായിക്കണ്ടേ? അവർക്കും അറിവ് വേണ്ടേ? അതവരെങ്ങനെ നേടും? അപ്പോൾ എന്റെ മനസ്സിൽ വന്ന ആശയമാണ് ​ഗ്രന്ഥശാല. അതും സൗജന്യമായി തന്നെ. 

yasodha arranging free library for readers
Author
Kochi, First Published Jun 19, 2020, 3:26 PM IST

കൊച്ചി: പുസ്തകങ്ങളുടെ ലോകത്താണ് എറണാകുളം മ‍ട്ടാഞ്ചേരിയിലെ എട്ടാം ക്ലാസുകാരിയായ യശോദ. ചെറിയ പ്രായത്തിൽ തന്നെ നാട്ടുകാർക്കായി ഒരു ​ഗ്രന്ഥശാല ഒരുക്കിയിരിക്കുകയാണ് ഈ കൊച്ചുമിടുക്കി. അയ്യായിരത്തിലധികം പുസ്തകങ്ങളാണ് യശോദയുടെ ലൈബ്രറിയിലുള്ളത്. ''മൂന്നാം ക്ലാസ് മുതലാണ് ഞാൻ‌ വായിക്കാൻ തുടങ്ങിയത്. ചേട്ടനായിരുന്നു എന്റെ പ്രചോദനം. ആറാം ക്ലാസിലായിരിക്കുന്ന സമയത്താണ് ചേട്ടൻ ലൈബ്രറിയിൽ പോയിത്തുടങ്ങുന്നത്. ചേട്ടന് പരീക്ഷയുള്ള ദിവസങ്ങളിലൊക്കെ ഞാനാണ് കൂടെ പോയിക്കൊണ്ടിരുന്നത്. ചേട്ടന് പകരം ഞാൻ പുസ്തകമെടുത്ത് വായിക്കുമായിരുന്നു. ഒരു ദിവസം ലേറ്റായതിന് അവർ ഫീസ് മേടിച്ചു. അപ്പോഴാണ് എനിക്ക് മനസ്സിലായത് ​ഗ്രന്ഥശാലകളിൽ കാശ് കൊടുക്കണമെന്ന്. അപ്പോൾ പാവപ്പെട്ടവർക്കും വായിക്കണ്ടേ? അവർക്കും അറിവ് വേണ്ടേ? അതവരെങ്ങനെ നേടും? അപ്പോൾ എന്റെ മനസ്സിൽ വന്ന ആശയമാണ് ​ഗ്രന്ഥശാല. അതും സൗജന്യമായി തന്നെ.'' യശോദ പറയുന്നു.

യശോദ ഇക്കാര്യം ആദ്യം ചോദിച്ചത് അച്ഛനോടാണ്. നൂറ് പുസ്തകങ്ങൾ വച്ച് തുടങ്ങാമെന്നായിരുന്നു അച്ഛന്റെ മറുപടി. ''ഇപ്പോൾ എന്റെ കയ്യിൽ 5000 പുസ്തകങ്ങളുണ്ട്. അതിൽ 4999 പുസ്തകങ്ങളും എനിക്ക് ഓരോരുത്തരായി അയച്ചു തന്നതാണ്. ഒരു പുസ്തകം പോലും കാശ് കൊടുത്ത് വാങ്ങിച്ചിട്ടില്ല. എല്ലാം സമൂഹമാധ്യമങ്ങളിലൂടെ ശേഖരിച്ച പുസ്തകങ്ങളാണ്.'' യശോധ പറയുന്നു. ലൈബ്രറിയിലേക്ക് കുട്ടികളെ ആകർഷിക്കാനുള്ള പദ്ധതികളും നടപ്പിലാക്കിയിട്ടുണ്ട്. ഓരോ പുസ്തകത്തിന്റെയും പുറകിൽ അതെഴുതിയ വ്യക്തികളുടെ ചിത്രങ്ങൾ വരച്ചു ചേർത്തിട്ടുണ്ട്. യശോധയുടെ അച്ഛനും സഹോദരനും ചേർന്നാണ് ചിത്രങ്ങൾ വരച്ചിരിക്കുന്നത്. 

250 പേരാണ് യശോധയുടെ ലൈബ്രറിയിൽ അം​ഗങ്ങളായുള്ളത്. ഇവരിൽ നൂറാമത്തെ മെമ്പർ കൊച്ചി എഎൽഎ കെ. ജെ. മാത്യുവാണ്. മൂന്ന് വയസ്സുള്ള കീർത്തനക്കുട്ടിയാണ് ഈ ​ഗ്രന്ഥശാലയിലെ ഏറ്റവും ചെറിയ മെമ്പർ. ഭിന്നശേഷിക്കാരായ വ്യക്തികൾക്കും പ്രത്യേക സ്കീം വഴി പുസ്തകമെത്തിച്ചു കൊടുക്കാനുള്ള തയ്യാറെടുപ്പുകളുമുണ്ട്. അവരാവശ്യപ്പെട്ട പുസ്തകങ്ങൾ വീട്ടിലെത്തിച്ചു കൊടുക്കും. ലോക്ക് ഡൗൺ കാലത്ത് ധാരാളം പേർ വായനയിലേക്ക് തിരികെ എത്തിയിട്ടുണ്ടെന്ന് യശോധ പറയുന്നു. കാരണം പുസ്തകം ആവശ്യപ്പെട്ട് നിരവധി പേരാണ് യശോധയെ വിളിച്ചത്. 

Follow Us:
Download App:
  • android
  • ios