Asianet News MalayalamAsianet News Malayalam

'പരിശ്രമം പാഴാകില്ല': കാഴ്ച പരിമിതിയെ മറികടന്ന് സിവില്‍ സര്‍വീസില്‍ ഗോകുലിന്‍റെ വിജയഗാഥ

ഇന്ന് പ്രഖ്യാപിച്ച സിവില്‍ സര്‍വീസ് പരീക്ഷ ഫലത്തില്‍ 357മത്തെ റാങ്കാണ് ഗോകുല്‍ നേടിയത്. ഈ റാങ്കിന് ഒരു പ്രത്യേകതയുണ്ട് ജന്മന തന്നെ കാഴ്ച ശക്തിയില്‍ പ്രശ്നങ്ങളുള്ള ഗോകുല്‍ അനവധി പ്രതിബന്ധങ്ങളെ തട്ടിയകറ്റിയാണ് രാജ്യത്തെ ഏറ്റവും വലിയ മത്സരപരീക്ഷകളില്‍ ഒന്നില്‍ അഭിമാനാര്‍ഹമായ റാങ്ക് കരസ്ഥമാക്കിയത്. 

young aspirant gokul s make great achievement in 2021 Civil service exam
Author
Thiruvananthapuram, First Published Sep 24, 2021, 8:20 PM IST

തിരുവനന്തപുരം: ചാള്‍സ് ഡിക്കന്‍സിന്‍റെ എ ടെയില്‍ ഓഫ് ടു സിറ്റിയിലെ, 'ഇറ്റ് വാസ് ബെസ്റ്റ് ഓഫ് ടൈംസ്' എന്ന ഭാഗം പറഞ്ഞാണ് സിവില്‍ സര്‍വീസ് ഇന്‍റര്‍വ്യൂ ബോര്‍ഡ് ഈ ഭാഗം കേള്‍ക്കുമ്പോള്‍ എന്ത് തോന്നുന്നു എന്ന് ചോദിച്ചത്. തിരുവനന്തപുരം സ്വദേശിയായ ഗോകുല്‍ എസ് നല്‍കിയ മറുപടി ഇതായിരുന്നു ഇപ്പൊഴത്തെ മഹാമാരിക്കാലം ഓര്‍മ്മവരുന്നു. എന്താണ് കാരണം എന്ന ചോദ്യത്തിന് ഗോകുല്‍ നല്‍കിയ മറുപടി. മഹാമാരിയുടെ ദുരിതത്തിലും സാധ്യതകളുടെ വലിയ ആകാശം രാജ്യത്തിന് മുന്നില്‍ തുറന്നിരിക്കുന്നു എന്നാണ്...

ഇന്ന് പ്രഖ്യാപിച്ച സിവില്‍ സര്‍വീസ് പരീക്ഷ ഫലത്തില്‍ 357മത്തെ റാങ്കാണ് ഗോകുല്‍ നേടിയത്. ഈ റാങ്കിന് ഒരു പ്രത്യേകതയുണ്ട് ജന്മന തന്നെ കാഴ്ച ശക്തിയില്ലാത്ത ഗോകുല്‍ അനവധി പ്രതിബന്ധങ്ങളെ തട്ടിയകറ്റിയാണ് രാജ്യത്തെ ഏറ്റവും വലിയ മത്സരപരീക്ഷകളില്‍ ഒന്നില്‍ അഭിമാനാര്‍ഹമായ റാങ്ക് കരസ്ഥമാക്കിയത്. ഐഎഎസ് അല്ലെങ്കില്‍ ഐആര്‍എസ് എന്ന ലക്ഷ്യത്തിലാണ് ഈ ചെറുപ്പക്കാരന്‍ ഇപ്പോള്‍. സിവില്‍ സര്‍വീസ് എന്ന പേര് അന്വര്‍ത്ഥമാക്കി. ജനങ്ങളെ സേവിക്കുക എന്നത് തന്നെയാണ് ലക്ഷ്യമെന്ന് ഗോകുല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറയുന്നു.

തിരുവനന്തപുരം സ്വദേശിയായ ഗോകുല്‍ മാര് ഇവാനിയോസ് കോളേജില്‍ നിന്നാണ് ബിരുദവും ബിരുദാനന്തര ബിരുദവും കഴിഞ്ഞത്. ഇപ്പോള്‍ കാര്യവട്ടം കേരള സര്‍വകലാശാല ക്യാമ്പസില്‍ ഇംഗ്ലീഷ് സാഹിത്യത്തില്‍ പിഎച്ച്ഡി ചെയ്യുകയാണ്. പഠനകാലത്ത് സിവില്‍ സര്‍വീസ് മോഹങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് പറയുന്നു ഗോകുല്‍. എന്നാല്‍ 2018 മുതല്‍ സിവില്‍ സര്‍വീസിന് കൂടി ശ്രമിക്കാം എന്ന് തീരുമാനിച്ചു. ആദ്യ തവണ ഒരു പരിശീലനവും ഇല്ലാതെയാണ് എഴുതിയത്. അതില്‍ 804 എന്ന റാങ്കാണ് ഗോകുലിന് ലഭിച്ചത്. ഇത് ആത്മവിശ്വാസം ഉണ്ടാക്കി.

രണ്ടാംതവണ തിരുവനന്തപുരത്തെ ഫോര്‍ച്യൂണ്‍ അക്കാദമിയില്‍ പാര്‍ട്ട് ടൈം ആയി പരിശീലനത്തില്‍ ഏര്‍പ്പെട്ടു. അത് അഭിമാനകരമായ വിജയത്തില്‍ എത്തിച്ചു. തന്നെപ്പോലെയുള്ള വിദ്യാര്‍ത്ഥികളോട് ഗോകുലിന് ഒന്നെ പറയാനുള്ള ജീവിതത്തില്‍ തടസ്സങ്ങള്‍ ഉണ്ടാകും എന്നാല്‍ നമ്മുടെ തടസങ്ങളെ നാം തന്നെ മാറ്റണം. പ്രയത്നം ചെയ്താല്‍ ഫലം ലഭിക്കും.  ഗോകുലിന്‍റെ അച്ഛന്‍ സുരേഷ് കുമാ എന്‍സിസി ഡയറക്ടറേറ്റിലാണ്. അമ്മ ശോഭ കോട്ടണ്‍ ഹില്‍ സ്കൂള്‍ അദ്ധ്യാപികയാണ്.

Follow Us:
Download App:
  • android
  • ios