രജനികാന്തിന്റെ കടുത്ത ആരാധകനായ കാർത്തിക് സുബ്ബരാജ് തലൈവർക്ക് പൊങ്കൽ സമ്മാനമായി ഒരുക്കിയ ചിത്രമായിരുന്നു പേട്ട. രജനി മാനറിസങ്ങൾ ഇഷ്ടപ്പെടുന്ന ഒരു ആരാധകന്റെ സ്യഷ്ടിയിലുണ്ടായ പക്കാ മാസ് ചിത്രമായി പേട്ട മാറി. പറഞ്ഞു വന്ന കഥ അങ്ങ് തമിഴ്നാട്ടിലെയാണെങ്കിലും ഇതിനോട് സാമ്യമുള്ള ഒരു കഥ കേരളത്തിലുമുണ്ട്. കടുത്ത മമ്മൂട്ടി ആരാധകരായ രണ്ട് ചെറുപ്പക്കാർ ഒരുക്കുന്ന തിരക്കഥ, കൂട്ടിന് കട്ട മമ്മൂട്ടി ഫാൻ ആയ സംവിധായകനും. ഈ കൂട്ടുകെട്ടിൽ ഹൈ വോള്‍ട്ടേജ് മാസായി ഒരുങ്ങുന്ന മമ്മൂട്ടി ചിത്രമാണ് 'ഷൈലോക്ക്'. രാജാധിരാജ, മാസ്റ്റർ പീസ് എന്നീ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടിയും അജയ് വാസുദേവും ഒന്നിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് നവാഗതരായ അനീഷ് ഹമീദും ബിബിന്‍ മോഹനും ചേർന്നാണ്. തമിഴ് താരം രാജ് കിരൺ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ മീനയാണ്  നായിക. മാസിന്റെ ആഘോഷമായി ‘ഷൈലോക്ക്’ റിലീസിനൊരുങ്ങുമ്പോൾ ചിത്രത്തിന്റെ വിശേഷങ്ങൾ തിരക്കഥാകൃത്തുക്കളായ അനീഷ് ഹമീദും ബിബിന്‍ മോഹനും ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പങ്കുവയ്ക്കുന്നു. മനു വർഗീസ് നടത്തിയ അഭിമുഖം.

ആദ്യ ചിത്രത്തിൽ തന്നെ നായകനായി മമ്മൂട്ടി

ഈ സിനിമ ഞങ്ങളുടെ മനസ്സിൽ രൂപപ്പെട്ടത് തന്നെ ഒരു മമ്മൂട്ടി ചിത്രം എന്ന ചിന്തയിൽ നിന്നാണ്. മമ്മൂക്ക ചെയ്യുമ്പോൾ മാത്രം ആളുകൾ കണ്ടു കയ്യടിച്ചു ആസ്വദിക്കുന്ന തരം കഥാപാത്രങ്ങൾ പല കാലഘട്ടങ്ങളിൽ ഉണ്ടായിട്ടുണ്ട്. അങ്ങനെ ഒരു കഥാപാത്രത്തിന് വേണ്ടി ആയിരുന്നു ഞങ്ങളും ശ്രമിച്ചത്. അത്തരം ഒരു കഥാപാത്രം മനസ്സിൽ രൂപപ്പെടുത്തിയ ശേഷം ആണ് എഴുത്ത് ആരംഭിച്ചത്.എഴുത്തുകാർ എന്നതിന്റെ ഒപ്പം പ്രേക്ഷകർ എന്ന നിലയിൽ കൂടി ഞങ്ങൾ രണ്ടു പേരും സ്‌ക്രീനിൽ കാണാൻ ആഗ്രഹിച്ച ഒരു മെഗാസ്റ്റാർ കഥാപാത്രം തന്നെ ആണ് ഷൈലോക്കിലെ "ബോസ്സ്." ഏകദേശം രണ്ടു രണ്ടര വർഷത്തോളം ആയി ഈ കഥ മമ്മൂക്കയോട് പറയാൻ ഞങ്ങൾ ശ്രമം തുടങ്ങിയിട്ട്. അബ്രഹാമിന്റെ സന്തതികൾ എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ച് ജോർജേട്ടൻ ആണ് ഈ കഥ മുഴുവൻ ആദ്യം കേട്ടത്. ജോർജേട്ടന് കഥ ഇഷ്ട്ടപ്പെട്ടു. അവിടുന്നു പിന്നെ കാര്യങ്ങൾ എല്ലാം  വേഗത്തിൽ ആയി. മധുര രാജയുടെ സെറ്റിൽ വച്ചു മമ്മൂക്ക സബ്ജക്ട് കേട്ടു. കഥാപാത്രത്തെ കുറിച്ചൊക്കെ സംസാരിച്ചു. ശേഷം 'ഉണ്ട' എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഇടവേളയിൽ വീട്ടിലേക്ക് വിളിച്ച് ഫുൾ സ്‌ക്രിപ്റ്റ് കേട്ടു. അതിന് ശേഷം അദ്ദേഹം തന്നെ പറഞ്ഞു ഈ സിനിമ നമ്മൾ  ചെയ്യുന്നുവെന്ന് .

'ഷൈലോക്ക്' ഒരു ഹൈ വോള്‍ട്ടേജ് മാസ് ചിത്രം

ഫാമിലി മാസ് എന്റർടൈനർ വിഭാഗത്തിൽ പെടുത്താവുന്ന ഒരു ആഘോഷ സിനിമ ആയിരിക്കും ഷൈലോക്ക്. മമ്മുക്കയുടെ ഒരു ഹൈ വോള്‍ട്ടേജ് പെർഫോമൻസ് ഈ സിനിമയിൽ കാണാം. രസകരമായ സ്വഭാവ രീതികൾ ഉള്ള ഒരു കഥാപാത്രം ആണ് ഈ സിനിമയിലേത്. അതിന്റെതായ ഒരു റിസൾട്ട് സിനിമയ്ക്ക് ലഭിച്ചിട്ടുണ്ട്. മമ്മൂക്ക ആരാധകർക്ക് മാത്രമല്ലാ സ്ത്രീകളും കുട്ടികളും അടക്കം കുടുംബ പ്രേക്ഷകർക്ക് കൂടി തിയേറ്ററിൽ ആഘോഷം ആക്കാവുന്ന കുറെ ഘടകങ്ങൾ ഷൈലോക്കിൽ ഉണ്ടായിരിക്കും.


മമ്മൂട്ടി ആരാധകനായ സംവിധായകൻ

മമ്മൂക്ക എന്ന വ്യക്തിയെ 24 മണിക്കൂറും മനസ്സിൽ കൊണ്ടു നടക്കുന്ന ഒരാൾ ആണ് സംവിധായകൻ അജയ് വാസുദേവ്. ഞങ്ങൾ എഴുതിയത് ഒരു കൊമേഴ്‌സ്യൽ സിനിമ ആണ്‌. ഈ കഥ  ജോർജേട്ടൻ കേട്ടതിന് ശേഷം ഇതു പോലുള്ള സബ്ജക്റ്റ് കൈകാര്യം ചെയ്യാൻ നല്ലത് അജയ് വാസുദേവ് ആണെന്ന് തീരുമാനം ആയി. ശേഷം ഞങ്ങൾ അജയേട്ടനോട് കഥ പറഞ്ഞു. പുള്ളിക്ക് ഇഷ്ട്ടപ്പെട്ടു. അവിടം മുതൽ ഇങ്ങോട്ട് എഴുത്തുകാർ എന്ന നിലയിൽ ഈ സിനിമയിൽ ഞങ്ങളെ അജയേട്ടൻ കൂടെ കൂട്ടി. ഒരു മാസ് മസാല ചിത്രം ഒരുക്കി പ്രേക്ഷകനെ തൃപ്തിപെടുത്തുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. അങ്ങനെ നോക്കുമ്പോൾ ഈ സിനിമയെ നല്ല രീതിയിൽ തന്നെ അജയ് വാസുദേവ് അവതരിപ്പിച്ചിട്ടുണ്ട്.

മമ്മൂട്ടിയുടെ കോസ്റ്റ്യൂമിലും ലുക്കിലും പുതിയ ഗെറ്റപ്പ്

ആരാധകരെ പൂർണ്ണമായും തൃപ്തിപെടുത്തുന്നതിന് ഒപ്പം തന്നെ എല്ലാവർക്കും ഒരു രണ്ടേകാൽ മണിക്കൂർ തിയേറ്ററിൽ ചിരിച്ചു കയ്യടിച്ചു കണ്ടിരിക്കാവുന്ന ചിത്രമായിട്ടാണ്  ഷൈലോക്ക് ഒരുക്കിയിട്ടുള്ളത്. വിത്യസ്തമായ കോസ്റ്റ്യൂമിലും ലുക്കിലുമാണ് അദ്ദേഹത്തെ ഈ സിനിമയിൽ കാണുക. എല്ലാവരും കാണാൻ ആഗ്രഹിക്കുന്ന, ഇഷ്ടം തോന്നുന്ന ഒരു മമ്മൂക്ക കഥാപാത്രം ആയിരിക്കും ഈ ചിത്രത്തിലേത്.

രാജ് കിരൺ ആദ്യമായി മലയാളത്തിൽ

മമ്മൂക്കയുടേത് പോലെ തന്നെ വളരെ പ്രാധാന്യം ഉള്ള കഥാപാത്രമാണ് രാജ് കിരൺ അവതരിപ്പിക്കുന്ന അയ്യനാർ. അതു കൊണ്ട് തന്നെ അത്തരത്തിൽ ഒരഭിനേതാവിനെയാണ് ആദ്യം മുതൽ നോക്കിയത്. രണ്ടു മൂന്നു ഓപ്‌ഷനുകൾ നോക്കിയെങ്കിലും മമ്മൂക്കയാണ് രാജ് കിരൺ സാറിന്റെ പേര് സജസ്റ്റ് ചെയ്തത്. പക്ഷെ അദ്ദേഹം സിനിമകൾ സെലക്റ്റ് ചെയ്യുന്നതിൽ ഒരുപാട്  ചിന്തിക്കുന്ന ഒരാൾ ആയത് കൊണ്ട് ഈ സിനിമ തെരഞ്ഞെടുക്കുമോ എന്ന പേടിയിൽ ആണ് ഞങ്ങൾ ചെന്നൈയിൽ പോയി കഥ അവതരിപ്പിച്ചത്. കഥ കേട്ടപ്പോൾ തന്നെ ഇത് ചെയ്യാം എന്നായിരുന്നു സാറിന്റെ അഭിപ്രായം.


മികച്ച ടെക്‌നീഷ്യൻസിന്റെ കൂട്ടായ്മ

മികച്ച ടെക്‌നീഷ്യൻസിന്റെ വലിയ ഒരു കൂട്ടായ്മ തന്നെയുണ്ട് ചിത്രത്തിൽ. CIA , വിജയ് സൂപ്പറും പൗർണമിയും എല്ലാം ചെയ്ത രണ ദിവ ആണ് ഷൈലോക്കിന്റെ സിനിമാറ്റൊഗ്രാഫർ. മ്യൂസിക് ഒരുക്കിയിരിക്കുന്നത് ഗോപി സുന്ദറാണ്. ആക്ഷന് പ്രാധാന്യമുള്ളതിനാൽ തന്നെ അനൽ അരശ്, സിൽവ, രാജശേഖർ, മാഫിയ ശശി അടക്കമുളളവരാണ് ആക്ഷൻ രംഗത്ത് പ്രവർത്തിച്ചിരിക്കുന്നത്.

ഇരട്ട തിരക്കഥാകൃത്തുക്കളായി അറിയപ്പെടാൻ ആഗ്രഹം

ഇരട്ട തിരക്കഥാക്യത്തുക്കൾ ഏറ്റവുമധികം വിജയം തീർത്ത സിനിമാമേഖലയാണ് മലയാള സിനിമ. ഇതേ രീതിയില്‍ തന്നെ മുന്നോട്ട് പോകാനാണ് താല്പര്യപ്പെടുന്നത്. അതിനുള്ള അവസരങ്ങൾ ഞങ്ങൾക്ക് ഉണ്ടാകണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നുണ്ട്.