കീമോതെറാപ്പി ആയിട്ട് താരതമ്യപ്പെടുത്തുമ്പോൾ റേഡിയേഷൻ അത് വീഴുന്ന ഭാഗങ്ങളിൽ മാത്രമേ പാർശ്വഫലങ്ങൾ ഉണ്ടാക്കുകയുള്ളൂ

ക്യാൻസർ രോഗചികിത്സയുടെ വളരെ അനിവാര്യമായ ഘടകമാണ് റേഡിയേഷൻ തെറാപ്പി. അർബുദ കോശങ്ങളെ അതിതീവ്രമായ എക്സ്റേ വികിരണങ്ങളോ അല്ലെങ്കിൽ അണുവികിരണങ്ങളോ ഉപയോഗിച്ച് നശിപ്പിക്കുന്ന ചികിത്സാ രീതിയാണിത്. സർജറി, കീമോതെറാപ്പി, റേഡിയേഷൻ തെറാപ്പി എന്നിവയുടെ ഒരു സംയോജിത സമീപനമാണ് കാൻസർ ചികിത്സ. ഒട്ടേറെ കാൻസറുകളിൽ പ്രധാന ചികിത്സാ പങ്ക് റേഡിയേഷൻ വഹിക്കുന്നു. കീമോതെറാപ്പി ആയിട്ട് താരതമ്യപ്പെടുത്തുമ്പോൾ റേഡിയേഷൻ അത് വീഴുന്ന ഭാഗങ്ങളിൽ മാത്രമേ പാർശ്വഫലങ്ങൾ ഉണ്ടാക്കുകയുള്ളൂ. ഉദാഹരണത്തിനായി, വായുടെയോ കഴുത്തിന്റെയോ ഭാഗത്ത് റേഡിയേഷൻ കിട്ടുന്നവർക്ക് ആഹാരം കഴിക്കാനും ഇറക്കാനും പ്രയാസം വരാം. തലയിൽ റേഡിയേഷൻ ചെയ്യുമ്പോൾ മുടി പോകാം. റേഡിയേഷന്റെ സ്രോതസ്സ് (Source) ബാഹ്യമായ ഒരു Linear Accelerator – ന്റെ ഉള്ളിൽ ആണ് ഉണ്ടാവുക. അത്യാധുനിക സ്കാനിങ്ങുകളുടെയും കംപ്യൂട്ടർ പ്രോഗ്രാമുകളുടെയും സഹായത്തോടെ ഈ മെഷീനിൽ നിന്ന് രശ്മികൾ കാൻസർ ബാധിതമായ പ്രദേശത്തേക്ക് ഉന്നം വച്ച് പ്രവർത്തിക്കുന്നു. കൂടുതൽ നവീനവും നൂതനവുമായ സാങ്കേതിക വിദ്യകളായ IMRT, IGRT, Rapid Arc, SRT, SRS എന്നിവയാണ് ഇപ്പോൾ റേഡിയേഷൻ ചികിത്സാ രംഗത്ത് സജീവമായി ഉള്ളത്. ട്യൂമർ ഉള്ള അവയവത്തിന് കൂടുതൽ ഡോസ് കൊടുത്ത് അതിന് ചുറ്റുമുള്ള സാധാരണ കോശങ്ങളിലേക്ക് റേഡിയേഷൻ തീർത്തും കുറയ്ക്കുന്നു എന്നതാണ് ഇവയുടെ പ്രത്യേകത.

Add Asianetnews as a Preferred SourcegooglePreferred

'റേഡിയേഷൻ' ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • റേഡിയേഷൻ ചെയ്യുമ്പോൾ വേദനയോ ചൂടോ അനുഭവപ്പെടുകയില്ല. ഒരു എക്സ്റേ എടുക്കുന്നതു പോലെയാണ്. 
  • റേഡിയേഷൻ അടിക്കുന്ന രോഗികളിൽ നിന്ന് അവരുടെ ബന്ധുക്കൾക്കോ രോഗിയെ പരിചരിക്കുന്നവർക്കോ റേഡിയേഷൻ ഏൽക്കുകയില്ല. 
  • റേഡിയേഷൻ ചികിത്സ ചെയ്യുമ്പോൾ രോഗിയുടെ പ്രമേഹത്തിന്റെയോ ബി.പി.യുടെയോ മരുന്നുകൾ നിർത്തി വയ്ക്കേണ്ട ആവശ്യം സാധാരണ ഗതിയിൽ ഇല്ല. 
  • റേഡിയേഷൻ അടിക്കുന്ന ഭാഗത്തിലെ തൊലിപ്പുറത്ത് നിറവ്യത്യാസങ്ങൾ സാധാരണമാണ്. തനിയെ സമയമെടുത്ത് മാറുന്നതാണ്
  • ആവശ്യത്തിന് വിശ്രമം വേണം. ഡോക്ടറിന്റെ സമ്മതമുണ്ടെങ്കിൽ ചെറിയ വ്യായാമങ്ങൾ ക്ഷീണം കുറയ്ക്കും.