മധുരമുള്ള പാനിയങ്ങളും ആഹാരങ്ങളും ഇഷ്ടമില്ലാത്തവരായി ആരും തന്നെയുണ്ടാവില്ല. കൊച്ചു കുട്ടികൾ മുതല്‍ മുതിർന്നവർ വരെ മധുരത്തോട് പ്രിയമുള്ളവരാണ്. എന്നാല്‍ അമിതമായുള്ള മധുരപാനീയങ്ങളുടെ ഉപയോഗം വലിയ ആരോഗ്യ പ്രശ്നങ്ങൾക്കാണ് കാരണമാവുന്നത്. അടുത്തിടെ  യൂണിവേഴ്സിറ്റി ഓഫ് പാരീസ് നടത്തിയ പഠനത്തില്‍  മധുരമുളള പാനീയം കുടിക്കുന്നത് ക്യാന്‍സര്‍ സാധ്യത കൂട്ടുമെന്നാണ് പറയുന്നത്.  ബ്രിട്ടീഷ് മെഡിക്കല്‍ ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. 

ഈ പാനീയങ്ങള്‍ക്ക് കൂടുതല്‍ മധുരമുണ്ടാകാനായി കൃത്രിമ പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നതാണ് പല ക്യാന്‍സറുകള്‍ക്കും കാരണമാകുന്നതെന്നാണ് പഠനം പറയുന്നത്. അതുപോലെ തന്നെ മധുരമുളള പാനീയങ്ങള്‍ അമിതമായി കുടിക്കുന്നത് തടി കൂടാന്‍ സാധ്യതയുണ്ടെന്നും ഗവേഷകര്‍ പറയുന്നു. 40 വയസ്സ് പ്രായമുള്ള 101,257 പേരിലാണ് പഠനം നടത്തിയത്. ഇത്തരം പാനീയങ്ങള്‍ ദിവസവും കുടിക്കുന്ന 2193 പേര്‍ക്ക് ക്യാന്‍സര്‍ കണ്ടെത്തിയതായി പഠനം പറയുന്നു. മധുരമുളള പാനീയങ്ങള്‍ കുടിക്കുന്നവരില്‍ ക്യാന്‍സര്‍ വരാനുളള സാധ്യത 18 ശതമാനമാണെന്നും പഠനം സൂചിപ്പിക്കുന്നു.