ഇന്ത്യയും പാകിസ്ഥാനും എതിരിടുമ്പോള്‍ കളിത്തട്ടില്‍ മറ്റൊരു യുദ്ധം പ്രതീക്ഷിക്കാം. ഓവല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തുന്ന ഇരു ടീമുകളുടെയും ആരാധകര്‍ ജയത്തിനായി ആര്‍ത്തുവിളിക്കുമ്പോള്‍ ആവേശം അണപൊട്ടിയൊഴുകുമെന്ന് ഉറപ്പ്. ഇവിടെയിതാ, നാളെ പാകിസ്ഥാന്‍ ഇന്ത്യയെ തോല്‍പ്പിക്കാനുള്ള സാധ്യതകള്‍ വസ്‌തുതകള്‍ നിരത്തി അവതരിപ്പിക്കുകയാണ്. അവ എന്തൊക്കെയാണെന്ന് നോക്കാം...

#5 ഹസന്‍ അലിയുടെ ബൗളിങ്

ചാംപ്യന്‍സ് ട്രോഫി തുടങ്ങുമ്പോള്‍ മൊഹമ്മദ് ആമിറും ജുനൈദ് ഖാനും ചുക്കാന്‍ പിടിക്കുന്ന പാക് ബൗളിങ് നിരയെയാണ് പ്രതീക്ഷിച്ചത്. എന്നാല്‍ ടൂര്‍ണമെന്റ് പുരോഗമിക്കുമ്പോള്‍ ഹസന്‍ അലി എന്ന ഇരുപത്തിമൂന്നുകാരന്‍ പാക് ബൗളിങ് ആക്രമണത്തിന്റെ നേതൃത്വം ഏറ്റെടുക്കുന്നതാണ് കാണ്ടത്. അവസാന മൂന്നു കളികളില്‍ പാകിസ്ഥാന് വിജയമൊരുക്കിയതില്‍ നിര്‍ണായക പങ്ക് വഹിച്ചത് ഹസന്‍ അലിയാണ്. നാലു കളികളില്‍ 10 വിക്കറ്റുമായി ചാംപ്യന്‍സ് ട്രോഫിയിലെ വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമനാണ് ഹസന്‍ അലി. ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, ഇംഗ്ലണ്ട് തുടങ്ങിയ കരുത്തര്‍ക്കെതിരെ മികച്ച രീതിയില്‍ പന്തെറിഞ്ഞ ഹസന്‍ അലി, 3.64 എക്കണോമി നിരക്കിലാണ് റണ്‍സ് നല്‍കിയത്. അതുകൊണ്ടുതന്നെ ഫൈനലില്‍ ഇന്ത്യ കരുതിയിരിക്കേണ്ട പാക് ബൗളര്‍ തന്നെയാണ് ഹസന്‍ അലി.

#4 ഫഖര്‍ സമന്റെ മികച്ച ഫോം

ഇന്ത്യയ്ക്കെതിരെ 124 റണ്‍സിന്റെ വമ്പന്‍ തോല്‍വി ഏറ്റുവാങ്ങിക്കൊണ്ടാണ് പാകിസ്ഥാന്‍ ചാംപ്യന്‍സ് ട്രോഫിയില്‍ കളിച്ചുതുടങ്ങിയത്. എന്നാല്‍ പിന്നീട് ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന പച്ചപ്പടയെയാണ് കാണാനായത്. പാകിസ്ഥാന്റെ കുതിപ്പിന് കാരണക്കാരനായതില്‍ മുന്‍നിരയില്‍ത്തന്നെയാണ് ഫഖര്‍ സമന്‍ എന്ന അരങ്ങേറ്റക്കാരന്റെ സ്ഥാനം. മൂന്നു കളികളില്‍നിന്ന് 138 റണ്‍സടിച്ച ഫഖറിന്റെ സ്‌ട്രൈക്ക് റേറ്റ് 117.94 ആണ്. ഫൈനലിലും ഫഖറിന്റെ മികച്ച പ്രകടനത്തിനായി കാത്തിരിക്കുകയാണ് പാക് ക്യാംപും ആരാധകരും.

#3 സ്‌പിന്‍ കരുത്ത്

പൊതുവെ ഏഷ്യന്‍ ടീമുകളാണ് സ്‌പിന്‍ കരുത്ത് പുറത്തെടുക്കാറുള്ളത്. ഇത്തവണ ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ് തുടങ്ങിയവരേക്കാള്‍ സ്‌പിന്നര്‍മാര്‍ തിളങ്ങിയത് പാകിസ്ഥാന്റെയാണ്. മദ്ധ്യ ഓവറുകളില്‍ എതിര്‍ ബാറ്റിങ് നിരയെ വരച്ച വരയില്‍ നിര്‍ത്താന്‍ പാക് സ്‌പിന്നര്‍മാര്‍ക്ക് കഴിയുന്നുണ്ട്. ഇന്ത്യയ്‌ക്കെതിരെ പാളിപ്പോയെങ്കിലും ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മിന്നിത്തിളങ്ങിയ ഇമദ് വാസിമിന്റെ ബൗളിങ് ഏറെ ശ്രദ്ധേയമായിരുന്നു. 8-0-20-2 എന്ന നിലയിലാണ് ആ കളിയില്‍ അദ്ദേഹത്തിന്റെ സ്‌പെല്‍. അതേപോലെ ബാറ്റിങിനെ തുണയ്‌ക്കുന്ന പിച്ചുകളില്‍ 4.66 എക്കണോമി നിരക്ക് നിലനിര്‍ത്തുന്ന ശദാബ് ഖാനും റണ്‍സ് വഴങ്ങുന്നതില്‍ പിശുക്കനാണെന്ന് തെളിയിച്ചു. ഇംഗ്ലണ്ടിനെതിരായ സെമിഫൈനലില്‍ വിജയമൊരുക്കുന്നതില്‍ പാക് സ്‌പിന്നര്‍മാര്‍ നിര്‍ണായക പങ്കാണ് വഹിച്ചത്.

#2 പരിചയസമ്പത്ത് തുണയാകുന്നു

ആദ്യ കളിയില്‍ ചിരവൈരികളായ എതിരാളികള്‍ക്കെതിരെ വമ്പന്‍ തോല്‍വി ഏറ്റുവാങ്ങിയിട്ടും ടൂര്‍ണമെന്റില്‍ തിരിച്ചുവരാനും ഫൈനല്‍ വരെ എത്താനും സഹായിച്ച പ്രധാന ഘടകം ടീമിന്റെ പരിചയസമ്പത്താണ്. പുതുമുഖങ്ങളും പരിചയസമ്പന്നരും ഇടകലര്‍ന്നതാണ് പാക് ടീം എങ്കിലും നിരവധി ലോകകപ്പുകള്‍ ഉള്‍പ്പടെ കളിച്ചിട്ടുള്ള ഷൊയ്‌ബ് മാലിക്, മൊഹമ്മദ് ഹഫീസ് എന്നിവരുടെയും അസര്‍ അലിയെപ്പോലെയുള്ള മുതിര്‍ന്ന കളിക്കാരുടെയും സാന്നിദ്ധ്യം പാകിസ്ഥാന് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല. ഇംഗ്ലണ്ടിനെതിരായ സെമിയില്‍ ഈ മുതിര്‍ന്ന താരങ്ങളുടെ പ്രകടനം എറെ നിര്‍ണായകമായി. ബാറ്റിങില്‍ പഴയതുപോലെ തിളങ്ങുന്നില്ലെങ്കിലും ഇവരുടെ സാന്നിദ്ധ്യം കരുത്താക്കി മാറ്റുകയാണ് പാക് ടീം.

#1 ആഴമേറിയ ബാറ്റിങ് നിര

ടോസ് ഏറെ നിര്‍ണായകമാകുന്ന ഇംഗ്ലണ്ടിലെ പിച്ചുകളില്‍ ജയിക്കാന്‍ ഒരു ടീമിന് ഏറ്റവും ആവശ്യം വേണ്ടത് ആഴമേറിയ ബാറ്റിങ് നിരയാണ്. ഇന്ത്യയെപ്പോലെ പാകിസ്ഥാനും അതുണ്ടെന്നാണ് ഇതുവരെയുള്ള കളികള്‍ തെളിയിച്ചത്. ഇതുതന്നെയാണ് സെമിയിലും ശ്രീലങ്കയ്ക്കെതിരായ ഗ്രൂപ്പ് മല്‍സരത്തിലും പാകിസ്ഥാന് ജയമൊരുക്കാന്‍ സഹായിച്ചത്. ശ്രീലങ്കയ്ക്കെതിരെ ഒമ്പതാമനായി ഇറങ്ങിയ മൊഹമ്മദ് ആമിര്‍ 43 പന്തില്‍നിന്ന് നേടിയ 28 റണ്‍സ് ഇല്ലായിരുന്നുവെങ്കില്‍ പാകിസ്ഥാന്‍ സെമിയില്‍ എത്തില്ലായിരുന്നു. അന്ന് സര്‍ഫ്രാസ് അഹമ്മദുമൊത്ത് 75 റണ്‍സിന്റെ കൂട്ടുകെട്ടാണ് ആമിര്‍ സൃഷ്‌ടിച്ചത്.