ലണ്ടന്‍: ചാമ്പ്യന്‍സ് ട്രോഫി സെമിയില്‍ ഇന്ത്യക്കെതിരെ തുടക്കത്തിലെ പതര്‍ച്ചയ്ക്കുശേഷം ബംഗ്ലാദേശ് ശക്തമായി തിരിച്ചടിക്കുന്നു. അര്‍ധ സെഞ്ചുറി നേടിയ ഓപ്പണര്‍ തമീം ഇക്ബാലും മുഷ്ഫീഖുര്‍ റഹീമുമാണ് ബംഗ്ലാദേശിന്റെ തിരിച്ചടിക്ക് നേതൃത്വം നല്‍കുന്നത്. അര്‍ധ സെഞ്ചുറി പിന്നിട്ട തമീം 66 റണ്‍സുമായി ക്രീസിലുണ്ട്. 46റണ്‍സുമായി മുഷ്ഫീഖുര്‍ തമീമിനെ മികച്ച പിന്തുണ നല്‍കി. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ബംഗ്ലാദേശ് 25 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 142റണ്‍സെന്ന നിലയിലാണ്.

31 റണ്‍സിന് രണ്ടാം വിക്കറ്റ് വീണശേഷം ഇരുവരും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ ഇതുവരെ 111 റണ്‍സടിച്ചിട്ടുണ്ട്. ടൂര്‍ണമെനറില്‍ തമീമിന്റെ രണ്ടാമത്തെ അര്‍ധസെഞ്ചുറിയാണിത്. ഓപ്പണര്‍ സൗമ്യ സര്‍ക്കാര്‍(0), സാബിര്‍ റഹ്മാന്‍(19) എന്നിവരുടെ വിക്കറ്റുകളാണ് ബംഗ്ലാദേശിന് നഷ്ടമായത്. രണ്ടു വിക്കറ്റും ഭുവനേശ്വര്‍കുമാറിനായിരുന്നു.

ഇന്ത്യയുടെ അഞ്ചാം ബൗളറായ ഹര്‍ദ്ദീക് പാണ്ഡ്യയെ ലക്ഷ്യമിട്ടാണ് ബംഗ്ലാദേശ് തകര്‍ത്തടിക്കുന്നത്. മൂന്നോവറില്‍ 28 റണ്‍സാണ് പാണ്ഡ്യ വഴങ്ങിയത്. അശ്വിന്‍ ഏഴ് ഓവറില്‍ 42 റണ്‍സ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും ലഭിച്ചില്ല. നാലോവറില്‍ 25 റണ്‍സ് വഴങ്ങിയ ജഡേജയും അടി വാങ്ങി.