ലണ്ടന്‍: ചാമ്പ്യന്‍സ് ട്രോഫി സെമിയില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് 265 റണ്‍സ് വിജയലക്ഷ്യം. തമീം ഇക്ബാലിന്റെയും മുഷ്ഫീഖുര്‍ റഹീമിന്റെയും തിരിച്ചടിയില്‍ ഇടയ്ക്കൊന്ന് പതറിയെങ്കിലും ബൗളര്‍മാര്‍ മികവിലേക്കുയര്‍ന്നതോടെ ഇന്ത്യ ശക്തമായി തിരിച്ചുവന്നു. ടോസ് നഷ്ടപ്പെട്ട് ക്രീസിലിറങ്ങിയ ബംഗ്ലാദേശിന് സൗമ്യ സര്‍ക്കാറിനെയും(0) സാബിര്‍ റഹ്മാനെയും(19) തുടക്കത്തിലെ നഷ്ടമായെങ്കിലും അര്‍ധസെഞ്ചുറികളുമായി തമീം ഇക്ബാലും മുഷ്ഫീഖുര്‍ റഹീമം ഇന്ത്യയെ ഞെട്ടിച്ചു.

ഹര്‍ദ്ദീക് പാണ്ഡ്യയെയും രവീന്ദ്ര ജഡേജയെയും ഇരുവരും കൈകാര്യം ചെയ്തതോടെ ഇന്ത്യ പതറി. മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 123 റണ്‍സടിച്ചതോടെ ബംഗ്ലാദേശ് മികച്ച സ്കോറിലെത്തുമെന്ന് തോന്നിച്ചു. എന്നാല്‍ കേദാര്‍ ജാദവിനെ പന്തേല്‍പ്പിക്കാനുള്ള കോലിയുടെ തീരുമാനം ഫലം കണ്ടു. 82 പന്തില്‍ 70 റണ്‍സടിച്ച തമീമിനെ ജാദവ് ക്ലീന്‍ ബൗള്‍ഡാക്കിയപ്പോള്‍ 61 റണ്‍സടിച്ച മുഷ്ഫീഖുറിനെ ജാദവ് കോലിയുടെ കൈകളിലെത്തിച്ചു.

300ന് അടുത്ത് സ്കോര്‍ ലക്ഷ്യം വെച്ച ബംഗ്ലാദേശ് സ്കോറിംഗ് ഇരുവരും വീണതോടെ മന്ദഗതിയിലായി. അപകടകാരിയായ ഷക്കീബ് അല്‍ ഹസനെ(15) ജഡേജ ധോണിയുടെ കൈകകളിലെത്തിക്കുകയും മെഹമ്മദുള്ളയെ(21) ബൂമ്ര ക്ലീന്‍ ബൗള്‍ഡാക്കുകയും ചെയ്തതോടെ ബംഗ്ലാദേശ് 50 ഓവറില്‍ ഏഴ് വിക്കറ്റിന് 264 റണ്‍സിലൊതുങ്ങി.

എട്ടാം വിക്കറ്റില്‍ ടസ്കിന്‍ അഹമ്മദിനൊപ്പം(11 നോട്ടൗട്ട്) ക്യാപ്റ്റന്‍ മഷ്റഫി മൊര്‍ത്താസ(25 പന്തില്‍ 50 നോട്ടൗട്ട്) 35 റണ്‍സ് നേടി ബംഗ്ലാദേശിനെ 250 കടത്തി. ഇന്ത്യക്കായി ഭുവനേശ്വര്‍കുമാര്‍, ബൂമ്ര, ജാദവ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതമെടുത്തപ്പോള്‍ ജഡേജ ഒരു വിക്കറ്റെടുത്തു. നാലോവറില്‍ 34 റണ്‍സ് വഴങ്ങിയ പാണ്ഡ്യയ്ക്ക് വിക്കറ്റൊന്നും ലഭിച്ചില്ല. തമീമിനെ ഹര്‍ദ്ദീക് ഇടയ്ക്ക് ബൗള്‍ഡാക്കിയെങ്കിലും നോ ബോളായത് ഇന്ത്യക്ക് തിരിച്ചടിയായി.