ലണ്ടന്‍: ഇന്ത്യാ പാകിസ്താന്‍ ഫൈനല്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇതാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വീഴ്ത്തി പാകിസ്താന്‍ ഫൈനലില്‍ കടന്നപ്പോള്‍ തന്നെ ഇത്തരമൊരു സ്വപ്നഫൈനലിലേക്കാണ് കാര്യങ്ങള്‍ നീളുന്നത്. പക്ഷേ രണ്ടാം സെമി ബംഗ്‌ളാദേശിനോട് ഇന്ത്യയ്ക്ക് ജയിക്കണം അതിനായി ചില കാര്യങ്ങള്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മനസില്‍ വയ്ക്കണം എന്നാണ് ക്രിക്കറ്റ് പണ്ഡിതരുടെ അഭിപ്രായം.
അട്ടിമറികള്‍
ഇത്തവണത്തെ ചാമ്പ്യന്‍സ് ട്രോഫി മുഴുവന്‍ അട്ടിമറികളായിരുന്നു. ടൂര്‍ണമെന്റുകളിലെ ഏറ്റവും പ്രിയപ്പെട്ടവരായ ദക്ഷിണാഫ്രിക്ക സെമിയില്‍ എത്താതെ പോയത് ഇത്തരം അട്ടിമറികളുടെ ഫലമാണ്. അതേ സമരം ഗ്രൂപ്പ് ഘട്ടത്തില്‍ മികച്ച കളി പുറത്തെടുന്ന ഇംഗ്‌ളണ്ടിനെ മറിച്ച് പാകിസ്താന്‍ ഫൈനലില്‍ കടന്നതും ഒരു അട്ടിമറി തന്നെ.ആദ്യ മത്സരത്തില്‍ ഇന്ത്യയോട് തോറ്റ ശേഷമാണ് പാകിസ്താന്‍ ഫൈനലിലേക്ക് കുതിപ്പ് നടത്തിയത്. ഇതിന് പുറമേ ലീഗില്‍ നടന്ന അട്ടിമറികളും ഓര്‍ക്കുക. പാകിസ്താനെ ദയനീയമായി പരാജയപ്പെടുത്തിയ ഇന്ത്യയെ കൂറ്റന്‍ സ്‌കോര്‍ മറികടന്നും ശ്രീലങ്ക വീഴ്ത്തിക്കളഞ്ഞു.
തൊട്ടു പിന്നാലെ ന്യൂസിലന്റിനെ ബംഗ്‌ളാദേശ് തോല്‍പ്പിക്കുകയും ചെയ്തു. ഇംഗ്‌ളണ്ടും ഓസ്‌ട്രേലിയയും ഈസിയായി സെമിയില്‍ എത്തുമെന്ന് കരുതിയിടത്ത് ഓസ്‌ട്രേലിയ ഒരു കളി പോലും ജയിക്കാനാകാതെ നാട്ടിലേക്ക് മടങ്ങിയപ്പോള്‍ ന്യൂസിലന്റിനെ വീഴ്ത്തിയ ഏകജയത്തിന്‍റെ മികവില്‍ ബംഗ്‌ളാദേശ് ആദ്യ നാലിലായി. ന്യൂസിലന്റിന് സംഭവിച്ചത് ഇന്ത്യ ഭയക്കേണ്ട കാര്യമാണ്.
ചരിത്രം
ബംഗ്‌ളാദേശിനെ കുറച്ചു കാണുന്നില്ലെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി ആവര്‍ത്തിച്ചാവര്‍ത്തിച്ചു പറയുന്നുണ്ടെങ്കിലും ഒന്നു കൂടി കരുതിയിരിക്കേണ്ടതുണ്ട്. അത് ചരിത്രം നോക്കിയാല്‍ മനസ്സിലാകും. കൃത്യം ഒരു പതിറ്റാണ്ട് മുന്‍പ് 2007 ലോകകപ്പില്‍ ഇന്ത്യ ബംഗ്‌ളാദേശിനോട് തോറ്റിരുന്നു. 2015 ലോകകപ്പില്‍ രോഹിത് ശര്‍മ്മയുടെ വിവാദ നോട്ടൗട്ട് ആണ് ഫലം തിരിച്ചു മറിച്ചതെന്ന് ബംഗ്‌ളാദേശ് ഇപ്പോഴും വിശ്വസിക്കുന്നു. 2015 ഏകദിന പരമ്പര ബംഗ്‌ളാദേശ് 2-1 നാണ് നേടിയതെന്നതും വിസ്മരിക്കരുത്.
ആദ്യ ഓവറുകളിലെ റണ്ണൊഴുക്ക്
ഫീല്‍ഡിംഗ് നിയന്ത്രണമുളള ആദ്യ ഓവറുകളില്‍ ഇന്ത്യയ്ക്ക് കാര്യമായി സ്‌കോര്‍ ചെയ്യാന്‍ കഴിയുന്നില്ലെന്നത് ചാമ്പ്യന്‍സ് ലീഗിലെ മാത്രം പ്രത്യേകതയാണ്. കഴിഞ്ഞ മത്സരങ്ങളിലെല്ലാം ആദ്യ പത്ത് ഓവറുകളില്‍ ഇഴയുകയായിരുന്നു ഇന്ത്യന്‍ ഓപ്പണര്‍മാരായ രോഹിത്ശര്‍മ്മയും ശിഖര്‍ ധവാനും. പാകിസ്താനെതിരേ ആദ്യ മത്സരത്തില്‍ 46 റണ്‍സാണ് 10 ഓവറില്‍ ഓപ്പണര്‍മാര്‍ നേടിയത്. ശ്രീലങ്കയ്ക്ക് എതിരേയാകട്ടെ 48, ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ 35 എന്നുമാണ് സ്‌കോര്‍.
ക്യാച്ചുകള്‍ കൈയ്യില്‍ ഒതുക്കണം
താഴെയിടുന്ന ക്യാച്ചുകളാണ് മറ്റൊരു ദുരന്തം. കേദാര്‍ യാദവ് പാകിസ്താനെതിരേയും ഹര്‍ദിക് പാണ്ഡ്യ ലങ്കന്‍താരം കുസാല്‍ മെന്‍ഡിസിന്റെയും ദക്ഷിണാഫ്രിക്കന്‍ താരം ഹഷീം ആംലയെ സ്വന്തം ബൗളിംഗിനിടയില്‍ കൈവിട്ടതും നിര്‍ണ്ണായകമായിരുന്നു. ഇക്കാര്യത്തില്‍ ഫീല്‍ഡിംഗ് കുറേക്കൂടി നിലവാരം കൊണ്ടുവരേണ്ടതുണ്ട്.
അഞ്ചാം ബൗളര്‍
ചെറിയ സ്‌കോര്‍ പ്രതിരോധിക്കുമ്പോള്‍ അഞ്ചാം ബൗളര്‍ ഇന്ത്യയ്ക്ക് ഇപ്പോഴും പോരായ്മയാണ്. അശ്വിനെ ടീമില്‍ എടുത്തിട്ടുണ്ടെങ്കിലും അഞ്ചാം ബൗളര്‍ക്കായി ഒരു ബാറ്റ്‌സമാനെ ഇപ്പോഴും ബലി കഴിക്കേണ്ട സ്ഥിതിയിലാണ് ഇന്ത്യ.
