Asianet News MalayalamAsianet News Malayalam

ഇന്ത്യ-പാക് കലാശപ്പോര് വരുന്നു?

champions trophy may show india pakistan dream final
Author
First Published Jun 14, 2017, 10:22 PM IST

ജൂൺ 18ന് ഓവൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഐസിസി ചാംപ്യൻസ് ട്രോഫി ക്രിക്കറ്റിന്റെ ഫൈനലിന് കളിത്തട്ടുണരുമ്പോൾ പാകിസ്ഥാനെതിരെ കളിക്കുന്നത് ഇന്ത്യയാകുമോ? വ്യാഴാഴ്ച ബംഗ്ലാദേശിനെതിരായ സെമിയിൽ അട്ടിമറിയൊന്നും സംഭവിച്ചില്ലെങ്കിൽ വീണ്ടുമൊരു ഇന്ത്യ-പാക് ക്രിക്കറ്റ് വിരുന്നിന് വഴിയൊരുങ്ങുകയാണ്. നിലവിലെ ഫോമിൽ ബംഗ്ലാദേശിനെ ഇന്ത്യ അനായാസം മറികടക്കുമെന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ. അങ്ങനെയെങ്കിൽ ഗ്രൂപ്പ് ഘട്ടത്തിലെ തോൽവിക്ക് പകരം ചോദിക്കാൻ പാകിസ്ഥാനും ചിരവൈരികളെ വീഴ്ത്തി കിരീടം നിലനിർത്താൻ ഇന്ത്യയും ഇറങ്ങുമ്പോൾ ഓവലിലെ പുൽനാമ്പുകൾക്ക് തീപിടിക്കുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട.

ഇന്ത്യയ്ക്കെതിരായ ആദ്യ മൽസരത്തിൽ വൻ തോൽവി ഏറ്റുവാങ്ങിയെങ്കിലും പിന്നീടുള്ള മൽസരങ്ങളിൽ മെച്ചപ്പെട്ടുവരുന്ന പാകിസ്ഥാനെയാണ് കാണാനായത്. ലോക റാങ്കിങിലെ ഒന്നാമൻമാരായ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചതോടെയാണ് പാകിസ്ഥാന്റെ ആത്മവിശ്വാസം വർദ്ധിച്ചത്. പിന്നീട് ശ്രീലങ്കയെ മറികടന്ന പാകിസ്ഥാൻ, സെമിയിൽ ആതിഥേയരായ ഇംഗ്ലണ്ടിനെ മുട്ടുകുത്തിച്ചു. ബാറ്റിങിലും ബൌളിങിലും ഒരുപോലെ മിന്നുന്ന പ്രകടനം പുറത്തെടുത്താണ് പാകിസ്ഥാൻ ഇംഗ്ലണ്ടിനെ മറികടന്നത്.

പാകിസ്ഥാനെതിരെ ജയിച്ച് മിന്നുന്ന തുടക്കം ലഭിച്ചെങ്കിലും ശ്രീലങ്കയോട് തോറ്റതോടെ ഇന്ത്യയുടെ നില പരുങ്ങലിലായിരുന്നു. ഗ്രൂപ്പ് ഘട്ടത്തിൽ കരുത്തരായ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ജീവൻമരണ പോരാട്ടത്തിൽ വിജയിച്ചാണ് ഇന്ത്യ സെമിയിലേക്ക് മുന്നേറിയത്. സെമിയിലാകട്ടെ, താരതമ്യേന ദുർബലരായ ബംഗ്ലാദേശിനെയാണ് എതിരാളികളായി ലഭിച്ചിരിക്കുന്നത്. എന്നാൽ പഴയതുപോലെ ക്രിക്കറ്റിലെ ശിശുക്കളല്ല ബംഗ്ലാദേശ് ഇന്ന്. കളിയുടെ എല്ലാ മേഖലകളിലും മെച്ചപ്പെട്ട ബംഗ്ലാ കടുവകൾ അവരുടേതായ ദിവസം ഏതു വമ്പനെയും അട്ടിമറിക്കാൻ കെൽപ്പുള്ളവരാണ്. അതേസമയം ബംഗ്ലാദേശിനെ മറികടക്കുമെന്നാണ് ഭൂരിഭാഗം ആരാധകരും ഇന്ത്യൻ ക്യാംപും ഉറച്ചുവിശ്വസിക്കുന്നത്. അങ്ങനെയെങ്കിൽ ക്രിക്കറ്റിനെ എക്കാലവും ത്രസിപ്പിച്ചിട്ടുള്ള മറ്റൊരു ഇന്ത്യ-പാക് പോരാട്ടത്തിന് അരങ്ങൊരുങ്ങുകയാണെന്ന് പ്രതീക്ഷിക്കാം...

Follow Us:
Download App:
  • android
  • ios