ഓവല്‍: ഇന്ത്യയ്ക്കെതിരായ കലാശപ്പോരാട്ടത്തില്‍ പാകിസ്ഥാന് മികച്ച തുടക്കം. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റുചെയ്യുന്ന പാകിസ്ഥാന്‍ 34 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്‌ടത്തില്‍ 202 റണ്‍സെന്ന നിലയിലാണ്. കരിയറിലെ ആദ്യ സെഞ്ച്വറി നേടിയ ഓപ്പണര്‍ ഫഖര്‍ സമന്റെ(114) ഇന്നിംഗ്സാണ് പാകിസ്ഥാന് കരുത്തേകിയത്. ഇന്ത്യന്‍ ബൗളര്‍മാരെ അനായാസം നേരിട്ട ഫഖര്‍ സമന്‍ 92 പന്തില്‍ 12 ബൗണ്ടറികളും രണ്ടു സിക്‌സറും ഉള്‍പ്പടെയാണ് കരിയറിലെ കന്നി ഏകദിനസെഞ്ച്വറി തികച്ചത്. ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ ചിരവൈരികളായ ഇന്ത്യയ്‌ക്കെതിരെയാണ് കന്നി സെ‌ഞ്ച്വറി നേടിയതെന്നത് ഫഖര്‍ സമന്റെ ക്രിക്കറ്റ് കരിയറില്‍ ശ്രദ്ധേയമായി. അര്‍ദ്ധസെഞ്ച്വറി നേടിയ മറ്റൊരു ഓപ്പണര്‍ അസര്‍ അലിയുടെ ഇന്നിംഗ്സും പാകിസ്ഥാന് മികച്ച തുടക്കം നല്‍കാന്‍ സഹായകമായി. ഫഖര്‍ സമന്‍-അസര്‍ അലി കൂട്ടുകെട്ട് ഓപ്പണിങ് വിക്കറ്റില്‍ 128 റണ്‍സാണ് അടിച്ചെടുത്തത്. ഇന്നിംഗ്സിന്റെ തുടക്കം മുതല്‍ ഇന്ത്യന്‍ ബൗളര്‍മാരെ അനായാസമായാണ് പാക് ബാറ്റ്‌സ്‌മാന്‍മാര്‍ നേരിട്ടത്. ഹര്‍ദ്ദിക് പാണ്ഡ്യയുടെ പന്തില്‍ ജഡേജ പിടിച്ചു പുറത്താകുമ്പോള്‍ 106 പന്തില്‍ 12 ബൗണ്ടറികളും മൂന്നു സിക്‌സറുകളും ഉള്‍പ്പടെ 114 റണ്‍സാണ് നേടിയത്.