ലണ്ടന്‍: ആതിഥേയരായ ഇംഗ്ലണ്ടിനെ കീഴടക്കി പാക്കിസ്ഥാനും ബംഗ്ലാ കടുവകളെ കടിച്ചുകീറി ഇന്ത്യയും ചാമ്പ്യന്‍സ് ട്രോഫി ഫൈനലിലെത്തിയിരിക്കുന്നു. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ നിലവിലെ ഫോം വെച്ചുനോക്കിയാല്‍ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാണ്. എന്നാല്‍ കണക്കുകള്‍ പറയുന്നത് മറ്റൊരു കഥയാണ്.ഇത് പന്ത്രണ്ടാം തവണയാണ് ഇന്ത്യയും പാക്കിസ്ഥാനും ഒരു ഫൈനലില്‍ ഏറ്റുമുട്ടുന്നത്. ഇതുവരെ കളിച്ച 11 ഫൈനലുകളില്‍ ഏഴെണ്ണവും ജയിച്ചത് പാക്കിസ്ഥാനാണ്. 2007ലെ ട്വന്റി-20 ലോകകപ്പ് അടക്കം നാലെണ്ണത്തില്‍ മാത്രമാണ് ഇന്ത്യക്ക് പാക്കിസ്ഥാനെ കീഴടക്കാനായത്.

1985ല്‍ മെല്‍ബണില്‍ നടന്ന വേള്‍ഡ് ചാമ്പ്യന്‍ഷിപ്പിലായിരുന്നു ആദ്യം ഇന്ത്യാ-പാക് സ്വപ്ന ഫൈനല്‍ അരങ്ങേറിയത്. അന്ന് ഇന്ത്യ എട്ടുവിക്കറ്റ് ജയവുമായി കിരീടം ചൂടി. രണ്ട് വര്‍ഷത്തിനുശേഷം ഷാര്‍ജയില്‍ നടന്ന ഓസ്ട്രേലേഷ്യാ കപ്പില്‍ ഇരു ടീമും വീണ്ടും കലാശപ്പോരില്‍ ഏറ്റുമുട്ടി. അന്നു പക്ഷെ ജയം പാക്കിസ്ഥാന്റെ കൂടെയായിരുന്നു. ഒരു വിക്കറ്റിനായിരുന്നു പാക്കിസ്ഥാന്റെ ആവേശകരമായ ജയം.

1991ല്‍ ഷാര്‍ജയില്‍ നടന്ന വില്‍സ് ട്രോഫിയിലാണ് പിന്നീട് ഇന്ത്യാ-പാക് ഫൈനല്‍ കണ്ടത്. അന്ന് 72 റണ്‍സിന് പാക്കിസ്ഥാന്‍ ആധികാരികമായി ഇന്ത്യയെ കീഴടക്കി. 1994ല്‍ ഷാര്‍ജയില്‍ നടന്ന ഓസ്ട്രേലേഷ്യാ കപ്പിന്റെ ഫൈനലില്‍ വീണ്ടും ഇന്ത്യയും പാക്കിസ്ഥാനും മുഖാമുഖം വന്നു. 39 റണ്‍സ് ജയവുമായി അന്നും പാക്കിസ്ഥാന്‍ ഇന്ത്യയെ ഞെട്ടിച്ചു.

1998ല്‍ സ്വാതന്ത്ര്യത്തിന്റെ അമ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് ധാക്കയില്‍ നടന്ന സില്‍വര്‍ ജൂബിലി ഇന്‍ഡിപെന്‍ഡന്‍സ് കപ്പില്‍ ബെസ്റ്റ് ഓഫ് ത്രീ ഫൈനലില്‍ ഒരെണ്ണത്തില്‍ പാക്കിസ്ഥാന്‍ ജയിച്ചപ്പോള്‍ രണ്ടെണ്ണം ജയിച്ച് ഇന്ത്യ ചാമ്പ്യന്‍മാരായി. 1999ല്‍ ബംഗളൂരുവില്‍ നടന്ന പെപ്സി കപ്പില്‍ പക്ഷെ പാക്കിസ്ഥാന്‍ തിരിച്ചടിച്ചു.123 റണ്‍സിന്റെ കൂറ്റന്‍ ജയവുമായി പാക്കിസ്ഥാന്‍ കപ്പടിച്ചു.

1999ല്‍ ഷാര്‍ജയില്‍ നടന്ന കൊക്ക കോള കപ്പിന്റെ ഫൈനലിലും ജയം പാക്കിസ്ഥാനായിരുന്നു. എട്ട് വിക്കറ്റിനായിരുന്നു അന്ന് പാക്കിസ്ഥാന്‍ ഇന്ത്യയെ കീഴടക്കിയത്. 2007ലെ ഐസിസി വേള്‍ഡ് ട്വന്റി-20 ഫൈനലിലാണ് പിന്നീട് ഇരുടീമും പരസ്പരം ഏറ്റുമുട്ടിയത്. ഇന്നത്തെ തലമുറ ഒരിക്കലും മറക്കാത്ത ആവേശകരമായ ഫൈനലില്‍ പാക്കിസ്ഥാനെ കീഴടക്കി ധോണിയുടെ സംഘം കിരീടം ചൂടി.

ഒരു വര്‍ഷത്തിനുശേഷം ധാക്കയില്‍ നടന്ന നടന്ന കിറ്റ് പ്ലേ കപ്പില്‍ പക്ഷെ ജയം പാക്കിസ്ഥാന് ഒപ്പമായിരുന്നു. 25 റണ്‍സിനാണ് പാക്കിസ്ഥാന്‍ ഇന്ത്യയെ കീഴടക്കിയത്. അതിനുശേഷം 2011ലെ ലോകകപ്പിന്റെ സെമിഫൈനലിലും 2015ലെ ലോകപ്പിലെ ഗ്രൂപ്പ് മത്സരത്തിലും 2016ലെ ട്വന്റി-20 ലോകകപ്പിലുമെല്ലാം പരസ്പരം ഏറ്റുമുട്ടിയപ്പോഴൊക്കെ ജയം ഇന്ത്യക്കൊപ്പമായിരുന്നു.

പക്ഷെ അതൊന്നും ഫൈനലുകളല്ലായിരുന്നു. ചാമ്പ്യന്‍സ് ട്രോഫിയില്‍ പരസ്പരം നാലു തവണ ഏറ്റുമുട്ടിയപ്പോള്‍ രണ്ട് തവണ വീതം ഇരു ടീമുകളും ജയിച്ചു. കണക്കുകള്‍ക്ക് കളത്തില്‍ പ്രസക്തിയില്ലാത്തതിനാല്‍ ഇന്ത്യ തന്നെ കപ്പുമായി മടങ്ങുമെന്നാണ് ഇന്ത്യന്‍ ആരാധകര്‍ വിശ്വസിക്കുന്നത്.