ഇന്ന് ബുംറയ്‌ക്ക് നിര്‍ഭാഗ്യത്തിന്റെ ദിവസമായിരുന്നു. തുടക്കത്തില്‍ പാകിസ്ഥാന്റെ ഹീറോയായ ഫഖര്‍ സമാനെ ധോണിയുടെ കൈകളിലെത്തിച്ചെങ്കിലും ബുംറയുടെ ആ പന്ത് നോബോളായിരുന്നു. അപ്പോള്‍ തലയില്‍കൈവെച്ച് നില്‍ക്കാനെ ബുംറയ്‌ക്ക് സാധിച്ചുള്ളു. പിന്നീട് പാക് ബാറ്റ്‌സ്‌മാന്‍മാരുടെ തല്ല് ഏറെ വാങ്ങിക്കൂട്ടിയ ബുംറ, അവസാന ഓവറുകളില്‍ ശക്തമായി തിരിച്ചുവന്നു. റണ്‍സൊഴുക്ക് തടയുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു. എന്നാല്‍ നാല്‍പ്പത്തിയൊമ്പതാം ഓവറില്‍ വീണ്ടും നിര്‍ഭാഗ്യം ബുംറയെ പിടികൂടി. ആ ഓവറിലെ രണ്ടാമത്തെ പന്ത് ബുംറ എറിഞ്ഞത് ഗംഭീരമായ ഒരു യോര്‍ക്കറായിരുന്നു. ആ യോര്‍ക്കര്‍ മൊഹമ്മദ് ഹഫീസിന്റെ പ്രതിരോധവും തകര്‍ത്ത് സ്റ്റംപിലേക്ക്. തിങ്ങിനിറഞ്ഞ ഗ്യാലറികള്‍ എന്നാല്‍ ബെയ്ല്‍സ് അവിടെനിന്ന് അനങ്ങിയതുപോലുമില്ല. സ്റ്റംപിലെ എല്‍ഇഡി ലൈറ്റ് മിന്നിയതുമില്ല. അപ്പോള്‍ ബുംറയുള്‍പ്പടെ ഇന്ത്യന്‍ താരങ്ങള്‍ തലയില്‍കൈവെച്ച് നിന്നുപോയി.