തകര്‍ന്നടിഞ്ഞ ഇന്ത്യയെ നാണക്കേടിന്റെ പടുകുഴിയില്‍ നിന്ന് കരകയറ്റിയ ഇന്നിംഗ്സായിരുന്നു ഹര്‍ദ്ദിക് പാണ്ഡ്യയുടേത്. 43 പന്തില്‍ 76 റണ്‍സെടുത്ത പാണ്ഡ്യ ജഡേജയുമായുള്ള ആശയകുഴപ്പത്തിനൊടുവില്‍ റണ്ണൗട്ടായാണ് പുറത്തായത്. ആറു സിക്‌സറുകളും നാലു ബൗണ്ടറികളും ചാരുതയേകിയ ഇന്നിംഗ്സ് ആയിരുന്നു പാണ്ഡ്യയുടേത്. തകര്‍പ്പന്‍ ബാറ്റിങിനിടയില്‍ ഒരു റെക്കോര്‍ഡും കുറിച്ചാണ് പാണ്ഡ്യ മടങ്ങിയത്. ഐസിസി ചാംപ്യന്‍ഷിപ്പ് ഫൈനലുകളില്‍ ഏറ്റവും വേഗമേറിയ അര്‍ദ്ധസെഞ്ച്വറി എന്ന റെക്കോര്‍ഡാണ് പാണ്ഡ്യ സ്വന്തമാക്കിയത്. 32 പന്തിലാണ് പാണ്ഡ്യ അര്‍ദ്ധസെഞ്ച്വറി തികച്ചത്. ഓസീസ് വിക്കറ്റ് കീപ്പര്‍ ആദം ഗില്‍ക്രിസ്റ്റിന്റെ റെക്കോര്‍ഡാണ് പാണ്ഡ്യ തകര്‍ത്തത്. 1999 ലോകകപ്പ് ഫൈനലില്‍ പാകിസ്ഥാനെതിരെ 33 പന്തിലാണ് ഗില്‍ക്രിസ്റ്റ് അര്‍ദ്ധസെഞ്ച്വറി തികച്ചത്.