ലണ്ടൻ: കാർഡിഫിലാണ് ഇന്ത്യ ബംഗ്ലാദേശ് സെമി ഫൈനല്‍. കാർഡിഫിൽ തന്നെ നടന്ന ഒന്നാം സെമിഫൈനലിൽ ഇംഗ്ലണ്ടിനെ തോൽപിച്ച് പാകിസ്താൻ ഫൈനലിൽ എത്തിക്കഴിഞ്ഞു. ഒന്നാം സെമിക്ക് മഴഭീഷണി ഒന്നും ഉണ്ടായില്ല. മഴയുണ്ടാകില്ലെന്ന് കാലവസ്ഥ റിപ്പോര്‍ട്ടുകള്‍ പറയുന്നെങ്കിലും മഴ എപ്പോഴും പെയ്യാം എന്ന കാലവസ്ഥയാണ് ഇപ്പോള്‍ ഇംഗ്ലണ്ടില്‍.
ചാമ്പ്യന്‍സ് ട്രോഫിയിലെ ചില കളികൾ ഡെക്ക് വർത്ത് ലൂയിസ് നിയമ പ്രകാരം ഫലം നിശ്ചയിക്കേണ്ടിവന്നു. ഓസ്ട്രേലിയയുടെ രണ്ട് മത്സരങ്ങൾ മഴ മൂലം ഉപേക്ഷിക്കേണ്ടിവന്നു. അതിലൊന്ന് സെമി ഫൈനലിസ്റ്റുകളായ ബംഗ്ലാദേശിനെതിരെ ആയിരുന്നു. സെമിഫൈനലിലും മഴ എത്തിക്കൂടായ്കയില്ല എന്നതാണ് സ്ഥിതി.
ഇന്ത്യ -ബംഗ്ലാദേശ് രണ്ടാം സെമിഫൈനൽ മഴമൂലം ഉപേക്ഷിക്കേണ്ടിവന്നാൽ എന്താകും സ്ഥിതി. സെമിഫൈനൽ മുതൽ സൂപ്പർ ഓവറിലൂടെ ഫലം നിശ്ചയിക്കാം. പക്ഷേ ഒരോവറെങ്കിലും കളിക്കാൻ പറ്റണം. ഇല്ലെങ്കിലോ? ഇല്ലെങ്കിൽ രണ്ടിൽ ഒരു ടീം ഫൈനലിൽ എത്തും.
ബി ഗ്രൂപ്പിൽ ചാമ്പ്യന്മാരായി സെമിയിൽ പ്രവേശിച്ച ഇന്ത്യയാണ് ആ ടീം. ബംഗ്ലാദേശിനെ അപേക്ഷിച്ച് ഗ്രൂപ്പ് സ്റ്റേജിൽ കൂടുതൽ വിജയവും കൂടുതൽ പോയിന്റും കൂടുതൽ റൺറേറ്റും ഇന്ത്യയ്ക്കാണ് എന്നത് തന്നെ കാരണം.
