ദില്ലി: ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റ് ഫൈനലില്‍ ഇന്ത്യയോട് തോറ്റ പാകിസ്ഥാനെ ഹോക്കിയില്‍ തകര്‍ത്ത് തരിപ്പണമാക്കി ഇന്ത്യന്‍ ഹോക്കി ടീം പകരം ചോദിച്ചു. ഹോക്കി ലോക ലീഗ് ക്വാര്‍ട്ടര്‍ഫൈനലില്‍ 7-1നാണ് ഇന്ത്യ പാകിസ്ഥാനെ തകര്‍ത്തത്. തല്‍വിന്ദര്‍ സിങ്, ഹര്‍മാന്‍പ്രീത് സിങ്, ആകാശ്ദീപ് സിങ് എന്നിവരുടെ ഇരട്ട ഗോളുകളാണ് ഇന്ത്യയ്‌ക്ക് ഗംഭീര വിജയം സമ്മാനിച്ചത്. മറ്റൊരു ഗോള്‍ രമണ്‍ദീപ് സിങിന്റെ വകയായിരുന്നു. മൊഹമ്മദ് ഉമറാണ് പാകിസ്ഥാന്റെ ആശ്വാസഗോള്‍ നേടിയത്. ഈ വിജയത്തോടെ സെമിഫൈനല്‍ പൂള്‍ ബിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്തെത്തി. ഇതുവരെ കളിച്ച മൂന്നു കളിയും ജയിച്ച ഇന്ത്യയുടെ അടുത്ത മല്‍സരം ചൊവ്വാഴ്‌ച കരുത്തരായ നെതര്‍ലന്‍ഡ്സിനെതിരെയാണ്.