ഐസിസി ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ ചിരവൈരികളായ പാകിസ്ഥാനെതിരെ ഇന്ത്യയ്‌ക്ക് കനത്ത തിരിച്ചടി. ഇന്ത്യന്‍ മുന്‍നിര ബാറ്റ്‌സ്‌മാന്‍മാര്‍ ഘോഷയാത്രയായി പവലിയനിലേക്ക് മടങ്ങി. 15 ഓവര്‍ പിന്നിട്ടപ്പോള്‍ അഞ്ചിന് 62 റണ്‍സ് എന്ന നിലയില്‍ പതറുകയാണ് ഇന്ത്യ. രോഹിത് ശര്‍മ്മ(പൂജ്യം), ശിഖര്‍ ധവാന്‍(21), വിരാട് കോലി(അഞ്ച്), യുവരാജ് സിങ്(22), എം എസ് ധോണി(നാല്) എന്നിവരാണ് പുറത്തായത്. ഇനി അഞ്ച് വിക്കറ്റ് മാത്രം ശേഷിക്കെ ഇന്ത്യയ്‌ക്ക് ജയിക്കാന്‍ 35 ഓവറില്‍ 277 റണ്‍സ് കൂടി വേണം. മൂന്നു വിക്കറ്റെടുത്ത മൊഹമ്മദ് ആമിറാണ് ഇന്ത്യയെ തകര്‍ത്തത്. കഴിഞ്ഞ മല്‍സരങ്ങളില്‍ ഉടനീളം മിന്നിത്തിളങ്ങിയ രോഹിത്, കോലി, ധവാന്‍ എന്നിവരുടെ വിക്കറ്റുകളാണ് ആമിര്‍ സ്വന്തമാക്കിയതത്. ഇതുതന്നെയാണ് മല്‍സരത്തില്‍ ഏറെ നിര്‍ണായകമായതും. ആറ് ഓവറില്‍ രണ്ടു മെയ്‌ഡന്‍ ഓവര്‍ ഉള്‍പ്പടെ 16 റണ്‍സ് മാത്രം വിട്ടുനല്‍കിയാണ് ആമിര്‍ മൂന്നു വിക്കറ്റെടുത്തത്. ഹസന്‍ അലി, ശദാബ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതമെടുത്തു.