ലണ്ടന്‍: ഐസിസി ടൂര്‍ണമെന്‍റിന്‍റെ സെമിയില്‍ തോല്‍ക്കുക കഴിഞ്ഞ രണ്ട് കൊല്ലമായി ഇന്ത്യയുടെ പതിവ് അതാണ്. ആ ശനിദശ മാറ്റുവാന്‍ തന്നെയാണ് ഇന്ത്യ ഇറങ്ങുക. എങ്കിലും അത് ഇന്ത്യയെ ഭയപ്പെടുത്തുന്നുണ്ടോ എന്ന ചോദ്യം പ്രീ മാച്ച് പ്രസ് മീറ്റില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വീരാട് കോലിക്കെതിരെ ഉയര്‍ന്നു. കോലി നല്‍കിയ മറുപടി ഇങ്ങനെ,

നിങ്ങള്‍ എന്തിനാണ് രണ്ട് കൊല്ലത്തേക്ക് കണക്ക് ചുരുക്കുന്നത് 2013 ലേക്ക് അത് നീട്ടിവച്ചാല്‍ ഇന്ത്യ ജയിച്ചത് കാണമല്ലോ, അത് ആവര്‍ത്തിക്കും എന്നാണ് ഞങ്ങള്‍ പറയുന്നത്

2015ലെ ലോകകപ്പ് ക്രിക്കറ്റ് സെമിയില്‍ ഇന്ത്യ എത്തിയിരുന്നു. പാകിസ്ഥാനെ തോല്‍പ്പിച്ച് തുടങ്ങിയ ഇന്ത്യ ദക്ഷിണാഫ്രിക്ക, വെസ്റ്റ്ഇന്‍ഡീസ്, ഐര്‍ലാന്‍റ്, സിംബാബ്ബേ എന്നീ രാജ്യങ്ങളെ തോല്‍പ്പിച്ച് ക്വാര്‍ട്ടറില്‍ ബംഗ്ലാദേശിനെയും തോല്‍പ്പിച്ച് സെമിയില്‍ എത്തിയെങ്കിലും ഓസ്ട്രേലിയയോട് തോറ്റു.

ഇത്തരത്തില്‍ 2016 ല്‍ ഇന്ത്യയില്‍ നടന്ന ട്വന്‍റി20 ലോകക്കപ്പില്‍ ഓസ്ട്രേലിയ, ശ്രീലങ്ക എന്നിവരെ ട്വന്‍റി20 പരമ്പരയില്‍ തോല്‍പ്പിക്കുകയും, ഏഷ്യാകപ്പ് ട്വന്‍റി20 നേടുകയും ചെയ്ത ഇന്ത്യ ടൂര്‍ണമെന്‍റ് ഫേവറേറ്റുകളായിരുന്നു. അങ്ങനെ ടൂര്‍ണമെന്‍റിന് എത്തിയ ഇന്ത്യ സെമിവരെ മുന്നേറി വിന്‍ഡീസിന് മുന്നിലാണ് തോറ്റത്.