ലണ്ടന്‍: ചാമ്പ്യന്‍സ് ട്രോഫി സെമിയില്‍ ബംഗ്ലാദേശിനെതിരെ 265 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങുന്ന ഇന്ത്യ ഏറ്റവുമധികം ഭയക്കേണ്ടത് ആരെയാണ്. സംശയമില്ല, ബംഗ്ലാദേശിന്റെ യുവവിസ്മയം മുസ്തഫിസുര്‍ റഹ്മാനെ തന്നെ. ഇത്തവണ ഐപിഎല്ലില്‍ സണ്‍റൈസേഴ്സിനായി മികച്ച പ്രകടനം പുറത്തെടുക്കാനായില്ലെങ്കിലും മുസ്തഫിസുറിന് ഇന്ത്യക്കെതിരെ മികച്ച റെക്കോര്‍ഡാണുള്ളത്. ഇന്ത്യക്കെതിര കളിച്ച മൂന്ന് മത്സരങ്ങളില്‍ നിന്ന് മാത്രം 13 വിക്കറ്റാണ് മുസ്തഫിസുറിന്റെ സമ്പാദ്യം. ഇതില്‍ രണ്ട് അഞ്ച് വിക്കറ്റ് പ്രകടനങ്ങളും ഉള്‍പ്പെടുന്നു.
2015ലെ ലോകകപ്പിന്റെ ക്വാര്‍ട്ടറില്‍ ഇന്ത്യ ബംഗ്ലാദേശിനെ തകര്‍ത്തിരുന്നെങ്കിലും അതിനുശേഷം ബംഗ്ലാദേശില്‍ നടന്ന മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയില്‍ 2-1ന് തോറ്റിരുന്നു. ചരിത്രത്തില്‍ ആദ്യമായായിരുന്നു ബംഗ്ലാദേശ് ഇന്ത്യക്കെതിരെ ഏകദിന പരമ്പര നേടുന്നത്. അതിന് കാരണക്കാരനായതാകട്ടെ മുസ്തഫിസുറിന്റെ തീ പാറുന്ന ബൗളിംഗും.
ഇന്ന് മുസ്തഫിസുര്‍ തിളങ്ങിയാല്‍ ഇന്ത്യക്ക് കാര്യങ്ങള്‍ കടുപ്പമാവും. ഐപിഎല്ലിന്റെ തുടക്കത്തില്‍ പരിക്കുമൂലം നിരവധി മത്സരങ്ങള്‍ നഷ്ടമായ മുസ്തഫിസുറിന് അവസാന ഘട്ടത്തില്‍ ടീമിലെത്തിയെങ്കിലും കാര്യമായി തിളങ്ങാന്‍ കഴിഞ്ഞിരുന്നില്ല. ചാമ്പ്യന്‍സ് ട്രോഫിയിലും ഇതുവരെ മുസ്തഫിസുറില്‍ നിന്ന് അത്ഭുത പ്രകടനങ്ങളൊന്നും പുറത്തുവന്നിട്ടില്ല. എന്നാല്‍ തന്റെ ഏറ്റവും മികച്ച പ്രകടനം മുസ്തഫിസുര്‍ ഇന്ത്യക്കായി ആയി കരുതിവെച്ചിരിക്കുകയാണെങ്കില്‍ ഇന്ത്യ വെള്ളം കുടിക്കും.
വേഗമല്ല, കൃത്യതയാണ് മുസ്തഫിസുറിന്റെ ആയുധം. കട്ടറുകളാണ് മുസ്തഫിസുറിന്റെ തുരുപ്പ് ചീട്ട്. അപ്രതീക്ഷിത യോര്‍ക്കറുകള്‍ എറിയാനുള്ള കഴിവുകൂടി ചേരുമ്പോള്‍ മുസ്തഫിസുര്‍ ആരും ഭയക്കുന്ന ബൗളറാകുന്നു. 21 കാരനായ മുസ്തഫിസുര്‍ ഇതുവരെ 21 മത്സരങ്ങളില്‍ നിന്നായി 18.59 പ്രഹരശേഷിയില്‍ 44 വിക്കറ്റാണ് സ്വന്തമാക്കിയത്. എന്നാല്‍ ഇന്ത്യക്കെതിരെ ആവുമ്പോള്‍ മുസ്തഫിസുറിന്റെ പ്രഹരശേഷി 13 ആയി താഴും. ഇതും ഇന്ത്യയ്ക്ക് കണ്ടില്ലെന്്ന നടിക്കാനാവില്ല.
