മുംബൈ: ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ പാക്കിസ്ഥാനെതിരെ ദയനീയ തോല്‍വി ഏറ്റുവാങ്ങിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നായകന്‍ വിരാട് കോലിയെ ജയിലിലടയ്ക്കണമെന്ന ആവശ്യവുമായി നടനും നിരൂപകനുമായ കമാല്‍ ആര്‍ ഖാന്‍(കെആര്‍കെ). കോലിയെ ക്രിക്കറ്റില്‍ നിന്ന് ആജീവനാന്തം വിലക്കണമെന്നും 130 കോടി ജനങ്ങളുടെ അഭിമാനമാണ് കോലി അടിയറവെച്ചതെന്നും കെആര്‍കെ ട്വിറ്ററില്‍ പറഞ്ഞു.
കോലിയെ മാത്രമല്ല യുവരാജിനെയും ധോണിയെയും കെആര്‍കെ വെറുതെ വിട്ടിട്ടില്ല.നിങ്ങളെല്ലാം ഒത്തുകളിക്കാരാണെന്നും ജനങ്ങളെ വിഡ്ഡികളാക്കുന്നത് നിര്‍ത്തണമെന്നും കെആര്‍കെ ആവശ്യപ്പെട്ടു. എന്നാല്‍ കോലിയെയും ഇന്ത്യന്‍ ടീമിനെയും വിമര്‍ശിച്ച കെആര്‍കെയ്ക്കെതിരെ നിശിത വിമര്‍ശനവുമായി പാക് ആരാധകര്‍ രംഗത്തെത്തി.
കോലി ലോകോത്തര കളിക്കാരനാണെന്നും ഇത്തരം വിമര്‍ശനങ്ങള്‍ ഉന്നയിക്കാന്‍ നിങ്ങള്‍ക്ക് ലജ്ജയില്ലേയെന്നും ബുഷ്ര ജോയോ എന്ന പാക് ആരാധിക ചോദിച്ചു. ഇത്തരം വിലകുറഞ്ഞ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്ന താങ്കളെയാണ് വിലക്കേണ്ടതെന്നായിരുന്നു മറ്റൊരു ആരാധകന്റെ മറുപടി. കോലിയ്ക്ക് പിന്തുണയുമായി നിരവധി പാക് ആരാധകരാണ് ട്വിറ്ററില്‍ കെആര്‍കെയ്ക്കെതിരെ രംഗത്തെത്തിയത്. മുമ്പ് മോഹന്‍ലാലിനെ ഛോട്ടാ ഭീം എന്നുവിളിച്ച് പരിഹസിച്ചതിന്റെ പേരില്‍ വിമര്‍ശനമേറ്റുവാങ്ങിയയാളാണ് കമാന്‍ ആര്‍ ഖാന്‍ എന്ന കെആര്‍കെ.
