ബംഗലൂരു: ചാംപ്യന്‍സ് ട്രോഫി മത്സരത്തില്‍ പാകിസ്താന്‍റെ വിജയം ആഘോഷിച്ച മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. റിയാസ്, സുഹൈര്‍, അബ്ദുള്‍ സല്‍മാന്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പാക് ടീമിന്‍റെ വിജയം തെരുവില്‍ പടക്കം പൊട്ടിച്ച് ഇവര്‍ ആഘോഷിച്ചിരുന്നു. ഇതു ചൂണ്ടിക്കാട്ടി ബിജെപി നേതാവ് നല്‍കിയ പരാതിയിലാണ് പൊലീസ് അറസ്റ്റ്.

പാകിസ്താന്റെ വിജയം ഇവര്‍ ആഘോഷിച്ചത് പ്രദേശത്തെ ബിജെപിയുടെ പ്രദേശിക നേതാക്കളില്‍ രോക്ഷം ഉണ്ടാക്കിയിരുന്നു. തുടര്‍ന്ന് ബിജെപി അംഗമായ ചെങ്ങപ്പ സംഭവത്തില്‍ പൊലീസിന് പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ മനപൂര്‍വ്വമയി മത വികാരങ്ങളെ വ്രണപ്പെടുത്താനും സംഘര്‍ഷമുണ്ടാക്കാനും ശ്രമിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

അറസ്റ്റ് ചെയ്ത മൂന്ന് പേരും ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും ഉള്‍പ്പെട്ടയാളല്ലെന്ന് പൊലീസ് ഇന്‍സ്പെക്ടര്‍ സുന്‍ടികോപ്പ് പറഞ്ഞു. പാകിസ്താന്‍ വിജയം ഇവര്‍ പടക്കം പൊട്ടിച്ച് ആഘോഷിക്കുകയായിരുന്നു. ഇതിനെതിരായ പരാതിയിലാണ് ഇവര്‍ക്കെതിരെ കേസെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ മണ്ണില്‍ പാകിസ്താന്റെ വിജയം ആഘോഷിക്കുന്നത് അപകടകരമായ പ്രവണതയാണെന്ന് കൊടക് ബിജെപി പ്രസിഡന്റ് ബിബി ഭാരതീഷ് പറഞ്ഞു.