ലണ്ടന്‍: പാകിസ്ഥാനെതിരായ കലാശപ്പോരില്‍ റണ്ണൗട്ടായി പുറത്തായപ്പോള്‍ ദേഷ്യത്തോടെ പിറുപിറുത്തുകൊണ്ടാണ് ഹര്‍ദ്ദിക് പാണ്ഡ്യ ഗ്രൗണ്ട് വിട്ടത്. ജഡേജയുമായുള്ള ആശയകുഴപ്പമാണ് റണ്ണൗട്ടിന് കാരണമായത്. പാണ്ഡ്യയുടെ രോഷം ജഡേജയ്‌ക്കു നേരെയാണെന്നും, അതിനെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യല്‍മീഡിയയില്‍ അഭിപ്രായങ്ങള്‍ ഉയര്‍ന്നു. ഇക്കാര്യത്തില്‍ നയം വ്യക്തമക്കിയിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും. ഹര്‍ദിക് പാണ്ഡ്യയുടെ രോഷപ്രകടനത്തില്‍ തെറ്റൊന്നുമില്ലെന്നാണ് കോലി പറയുന്നത്. രാജ്യത്തിനുവേണ്ടി കളിക്കുന്ന ഏതൊരാളും, ടീമിനോട് ഏറെ കടപ്പെട്ടിരിക്കും. ടൂര്‍ണമെന്റില്‍ ഉടനീളം മികച്ച പ്രകടനമാണ് ഹര്‍ദ്ദിക് പാണ്ഡ്യ കാഴ്‌ചവെച്ചത്. പന്തുകൊണ്ടും ബാറ്റുകൊണ്ടും തിളങ്ങാന്‍ അദ്ദേഹത്തിന് സാധിച്ചു. ടീമിന് വേണ്ടി എന്തെങ്കിലും പ്രത്യേകമായി ചെയ്യണമെന്ന ആഗ്രഹത്തോടെയാണ് ഓരോ കളിയെയും പാണ്ഡ്യ സമീപിക്കുന്നതെന്നും കോലി പറഞ്ഞു. മല്‍സരശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഇന്ത്യന്‍ നായകന്‍. 43 പന്ത് നേരിട്ട് ഹര്‍ദ്ദിക് പാണ്ഡ്യ നേടിയ 76 റണ്‍സാണ് ഇന്ത്യയുടെ തോല്‍വിഭാരം കുറച്ചത്.