പാകിസ്ഥാനെതിരായ കലാശപ്പോരിന് അവസാനവട്ട തയ്യാറെടുപ്പിലാണ് ടീം ഇന്ത്യ. ഇതുവരെ സംഭവിച്ച പോരായ്‌മകളും പിഴവുകളും മറികടക്കാനുള്ള ശ്രമമാണ് ഇന്ത്യന്‍ പരിശീലകന്‍ അനില്‍ കുംബ്ലെയും നായകന്‍ വിരാട് കോലിയും നടത്തുന്നത്. പരിശീലനത്തിലും ടീം മീറ്റിങിലുമെല്ലാം ഇക്കാര്യമാണ് ചര്‍ച്ചയാകുന്നത്. ടീം ഇന്ത്യയുടെ ദൗര്‍ബല്യം എന്താണെന്ന് ചോദിച്ചാല്‍, മുന്‍ താരം വിവിഎസ് ലക്ഷ്‌മണിന് കൃത്യമായ ഉത്തരമുണ്ട്. എല്ലാ മേഖലയിലും മികച്ച പ്രകടനമാണ് ടീം ഇന്ത്യ ഇതുവരെ നടത്തിയത്. അതുകൊണ്ടുതന്നെയാണ് ആധികാരികമായി ഫൈനലിന് യോഗ്യത നേടാന്‍ ടീം ഇന്ത്യയ്‌ക്ക് സാധിച്ചത്. എന്നാല്‍ അഞ്ചാം ബൗളര്‍ എന്നത് ഇന്ത്യയ്‌ക്ക് ചെറുതെങ്കിലുമായ പ്രശ്‌നം സൃഷ്‌ടിച്ചേക്കാമെന്നാണ് ലക്ഷ്‌മണിന്റെ വിലയിരുത്തല്‍. സെമിയില്‍ കേദാര്‍ ജാദവിലൂടെ ഈ പ്രശ്‌നത്തിന് താല്‍ക്കാലിക പരിഹാരം കണ്ടെങ്കിലും ഫൈനലിലും തുണയ്‌ക്കുമോയെന്നാണ് ലക്ഷ്‌മണിന്റെ ആശങ്ക. ബാറ്റിങ്ങിലും ബൗളിങ്ങിലും ഫീല്‍ഡിങ്ങിലും ഈ ടീമിനെക്കുറിച്ച് തനിക്ക് വേറെ ആശങ്കകളൊന്നുമില്ലെന്നും ലക്ഷ്‌മണ്‍ പറയുന്നു. എന്നാല്‍ അഞ്ചാം ബൗളറുടെ കാര്യം ശ്രദ്ധിച്ചേ മതിയാകു. ഫൈനലില്‍ പാക് മദ്ധ്യനിര ബാറ്റ്‌സ്‌മാന്‍മാര്‍ക്ക് കളിയില്‍ മേധാവിത്വം നേടാനുള്ള സാഹചര്യം ഇതുമൂലം ഉണ്ടാകരുതെന്നും ലക്ഷ്‌മണ്‍ മുന്നറിയിപ്പ് നല്‍കുന്നു. 40 മികച്ച ഓവറുകള്‍ എറിയാന്‍ ശേഷിയുള്ള ബൗളര്‍മാര്‍ ഇന്ത്യയ്‌ക്ക് ഉണ്ട്. എന്നാല്‍ ശേഷിക്കുന്ന 10 ഓവറുകള്‍ നിര്‍ണായകമാണ്. ഈ 10 ഓവറുകളിലൂടെ കളിയുടെ ഗതി മാറിയേക്കാം. കേദാര്‍ ജാദവില്‍നിന്ന് എപ്പോഴും മികച്ച പ്രകടനം പ്രതീക്ഷിക്കാനാവില്ലെന്നും ലക്ഷ്‌മണ്‍ പറയുന്നു. ഒരു പത്രത്തില്‍ എഴുതിയ കോളത്തിലാണ് ലക്ഷ്‌മണ്‍ ഇക്കാര്യം പറഞ്ഞത്.