ടിവിയില്‍ ക്രിക്കറ്റ് കാണുന്ന ഏവര്‍ക്കും പരിചിതയാണ് മായന്തി ലാംഗര്‍. സ്റ്റാര്‍ സ്‌പോര്‍ട്സിനുവേണ്ടി ക്രിക്കറ്റ് മല്‍സരങ്ങള്‍ അവതരിപ്പിക്കുന്ന മായന്തിയുടെ ശൈലി അഭിനന്ദനങ്ങള്‍ക്കൊപ്പം വിമര്‍ശനവും ക്ഷണിച്ചുവരുത്താറുണ്ട്. ഇന്ത്യന്‍ താരം സ്റ്റുവര്‍ട്ട് ബിന്നിയുടെ ഭാര്യകൂടിയായ മായന്തിക്കെതിരെ വിമര്‍ശനങ്ങളുടെ കൂരമ്പുകളാണ് കൂടുതലും. മായന്തിയുടെ അവതരണരീതിയും വസ്‌ത്രധാരണവുമൊക്കെയാണ് എപ്പോഴും വിമര്‍ശിക്കപ്പെടാറുള്ളത്. പലപ്പോഴും വിമര്‍ശകര്‍ക്ക് കുറിക്കുകൊള്ളുന്ന മറുപടിയാണ് മായന്തി നല്‍കാറുള്ളത്. ചാംപ്യന്‍സ് ട്രോഫിക്കിടെ അവതാരകയായി എത്തിയപ്പോഴുള്ള വസ്‌ത്രധാരണത്തെ കളിയാക്കിയവര്‍ക്ക് ട്വിറ്ററിലൂടെ വായടപ്പിക്കുന്ന മറുപടിയാണ് മായന്തി നല്‍കിയത്. ഹോട്ട്‌സ്റ്റാറില്‍ കളി കണ്ട ഒരു പ്രേക്ഷകനാണ് മായന്തിയെ കളിയാക്കിയത്. മായന്തിയുടെ വസ്‌ത്രങ്ങള്‍ രൂപകല്‍പന ചെയ്യുന്നത് ആരാണെന്ന് അറിയണമെന്നായിരുന്നു ഇയാളുടെ കമന്റ്. ഇതിന് മായന്തി നല്‍കിയ മറുപടി ഇങ്ങനെ- നിങ്ങള്‍ ആദ്യം കണ്ണ് പരിശോധിക്കൂ, കാഴ്‌ചയ്‌ക്ക് എന്തോ പ്രശ്‌നമുണ്ട്.

മറ്റൊരാള്‍ കമന്റ് ചെയ്‌തത് ഇങ്ങനെയായിരുന്നു- മായന്തി കഴിഞ്ഞ ദിവസം ധരിച്ച വസ്‌ത്രം കണ്ടാല്‍ ദോത്തിയും ലുങ്കിയും പാവാടയും ചേര്‍ന്ന ഒന്നുപോലെയായിരുന്നു. മായന്തിക്ക് വേണമെങ്കില്‍ അമര്‍ അക്ബര്‍ ആന്റണി എന്ന പേരില്‍ ഒരു തുണിക്കട തുടങ്ങാവുന്നതാണ്. ഈ കമന്റിനും കുറിക്കുകൊള്ളുന്ന മറുപടിയാണ് അവര്‍ നല്‍കിയത്- അതൊരു നല്ല ആശയമാണ്. ആ കടയുടെ നാട മുറിക്കാന്‍ ഞാന്‍ നിങ്ങളെ വിളിക്കാം. എന്തു പറയുന്നു, വരില്ലേ... ഇങ്ങനെ പോകുന്നു മായന്തിയുടെ മറുപടികള്‍...